മോഹൻലാൽ അമ്മക്കും അച്ഛനും ഭാര്യക്കുമൊപ്പം

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന് തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചത്. അമ്മ മുമ്പു പറഞ്ഞ ആഗ്രഹപ്രകാരം തറവാട്ടു വീട്ടിലാണ് സംസ്കാരം. മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും ഇവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി, സിപിഎം നേതാവ് ഇ പി ജയരാജൻ അടക്കമുള്ളവരും മോഹൻലാലിന്റെ വീട്ടിൽ രാവിലെ തന്നെ അന്തിമോപചാരം അർപ്പിക്കാനെത്തി.

കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചാണ് മോഹൻലാലിന്‍റെ അമ്മ അന്തരിച്ചത്. 90 വയസ്സായിരുന്നു. ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ.

അമ്മ ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം നടന്നത്. ലളിതമായ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - Mohanlal's mother's funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.