'തലോടും താനേ കഥ തുടരും'; അൻപിനും മാസ്റ്റർക്കുമൊപ്പം ബെൻസ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ

തുടരും സിനിമയെ പോലെതന്നെ അതിലെ ഗാനങ്ങളും ഹിറ്റാണ്. കഥക്ക് അനുയോജ്യമായ വരികളും സംഗീതവും ഗാനങ്ങളെ പ്രേക്ഷകമനസിൽ കുടിയിരുത്തി. ഇപ്പോഴിതാ ചിത്രത്തിലെ 'കഥ തുടരും' എന്ന ഗാനത്തിന്‍റെ വരികളോടൊപ്പം മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം വൈറലാകുകയാണ്. വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പം സിനിമ സൈറ്റിൽ നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

ടൈറ്റിൽ സോങ്ങിൽ മോഹൻലാലിന്‍റെ പഴയ കാലചിത്രങ്ങളോടൊപ്പം വിജയ് സേതുപതിയോടൊപ്പമുള്ള ചിത്രങ്ങളും കാണിക്കുന്നുണ്ട്. മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ സുഹൃത്തായാണ് വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. ചിത്രം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും സേതുപതിയുടെ കഥാപാത്രം സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണ്.

'ഒരു കാലം തിരികെ വരും

ചെറുതൂവൽ ചിരി പകരും

തലോടും താനേ കഥ തുടരും....' എന്ന വരികളാണ് ചിത്രത്തിനൊപ്പം അദ്ദേഹം പങ്കുവെച്ചത്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ജേക്സ് ബിജോയിയുടെ സംഗീതത്തിൽ ഗോകുൽ ഗോപകുമാറും ഹരിഹരനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ മോഹന്‍ലാലിന്‍റെ കരിയറിലെ 360ാം ചിത്രമാണ്. ബോക്സ് ഓഫിസിൽ വമ്പൻ കുതിപ്പ് തുടരുകയാണ്. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയും. ആദ്യ ഞായറാഴ്ച ഇത് 10.5 കോടിയായും വർധിച്ചു. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലായാളം ചിത്രമാണ് തുടരും.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ. ആർ. സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശോഭന, ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags:    
News Summary - Mohanlal shared picture with vijay sethupathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.