മോഹൻലാൽ

‘49 വർഷം കൂടെ നടന്നവരെ സ്മരിക്കുന്നു, വരും തലമുറക്ക് പ്രചോദനമാകട്ടെ’; പുരസ്കാര നേട്ടത്തിൽ മോഹൻലാൽ

കൊച്ചി: രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചതിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. പ്രേക്ഷകർക്കും ദൈവത്തിനും നന്ദിയെന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് മോഹൻലാൽ പറഞ്ഞു.

പുരസ്കാരം ലഭിച്ചത് ഏറ്റവും വലിയ സന്തോഷമാണ്. പ്രേക്ഷകർക്കും ദൈവത്തിനും മാതാപിതാക്കൾക്കും രാജ്യത്തിനും ജൂറിക്കും നന്ദി. 49 വർഷങ്ങൾ തന്‍റെ കൂടെ നടന്ന എല്ലാവരെയും സ്മരിക്കുന്നു. അവരോടുള്ള സ്നേഹവും പ്രാർഥനയും അറിയിക്കുന്നു. എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു. മലയാള സിനിമക്ക് കിട്ടിയ അംഗീകാരമാണ്. പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നു

പുരസ്കാര നേട്ടത്തിൽ അഭിനന്ദിച്ച മമ്മൂട്ടിയുടെ വലിയ മനസിനോട് നന്ദി. മലയാള സിനിമക്ക് ഇനിയും നല്ല കാര്യങ്ങൾ സംഭവിക്കട്ടെ എന്നും നേട്ടങ്ങൾ കൈവരിക്കട്ടെ എന്നും പറഞ്ഞ മോഹൻലാൽ, വരും തലമുറക്ക് പ്രചോദനമാകട്ടെ എന്നും കൂട്ടിച്ചേർത്തു.

പുരസ്കാരത്തിന് അർഹനായ നടന് അഭിനന്ദനവുമായി മമ്മൂട്ടി അടക്കമുള്ളവർ എത്തിയിരുന്നു. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുവെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

‘പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമ യാത്ര ആരംഭിച്ച സഹപ്രവർത്തകനും സഹോദരനും കലാകാരനുമാണ് ലാൽ. ഫാൽകെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാൽ... ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്’ - മമ്മൂട്ടി കുറിച്ചു.

2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.

സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് നൽകുമെന്ന് കേന്ദ്ര സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ നിലവാരം നേടിത്തന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽകെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകി തുടങ്ങിയത്. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞ വർഷം ദാദാസാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാൽകെ പുരസ്കാരം ലഭിച്ചത്.

Tags:    
News Summary - Mohanlal reacts to wins Dadasaheb Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.