നടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെന്റ്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെന്റിലെത്തിയത്. ശ്രീലങ്കൻ പാർലമെന്‍റിന്‍റെ ആദരവിന് സമൂഹ മാധ്യമത്തിലൂടെ മോഹൻലാൽ നന്ദി അറിയിച്ചു. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്.
'ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ ഏറെ അഭിമാനിക്കുന്നു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കർ ഡോ. ജഗത് വിക്രമരത്‌ന, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ്, എന്റെ പ്രിയ സുഹൃത്ത് ഇഷാന്ത രത്‌നായക എന്നിവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ശ്രീലങ്കയിലേക്കുള്ള ഈ സന്ദർശനത്തെ അവിസ്മരണീയമാക്കിയ ഊഷ്മളതക്കും, അർത്ഥവത്തായ സംഭാഷണങ്ങൾക്കും ഞാൻ അഗാധമായി നന്ദിയുള്ളവനാണ്' -എന്ന് മോഹൻലാൽ കുറിച്ചു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹൻലാലിനെ ആദരിച്ചത്. ഗാലറിയിൽ ഇരുന്ന അദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ് സഭാംഗങ്ങൾക്ക് പരിചയപ്പെടുത്തി. തന്റെ പേര് പറഞ്ഞപ്പോൾ താരം ഗാലറിയിൽനിന്ന് എഴുന്നേറ്റ് സഭയെ അഭിവാദ്യം ചെയ്യുന്ന വിഡിയോ വൈറലാണ്.
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഔദ്യോഗികമായി പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ എട്ടാമത്തെ ഷൂട്ടിങ് ഷെഡ്യൂൾ അടുത്തിടെയാണ് ശ്രീലങ്കയിൽ ആരംഭിച്ചു. മോഹൻലാലിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ശ്രീലങ്കൻ ടൂറിസത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരുന്നു. നടന്റെ സന്ദർശനം 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചതാണ് ചർച്ചക്ക് കാരണം.
ചിത്രത്തിന്റെ പേര് അബദ്ധത്തിൽ വെളിപ്പെടുത്തിയതായിരിക്കാമെന്നാണ് സമൂഹമാധ്യമത്തിൽ പലരും പറയുന്നത്. എന്നാൽ, ചിത്രത്തിന്‍റെ നിർമാതാക്കളോ അണിയറപ്രവർത്തകരോ പേര് സ്ഥിരീകരിച്ചിട്ടില്ല. കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന നിലവിലെ ഷെഡ്യൂൾ പത്ത് ദിവസം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.