അഹ്മദാബാദ് വിമാനാപകടം: കാണാതായ സംവിധായകൻ മരിച്ചതായി സ്ഥിരീകരിച്ചു

അഹ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ കാണാതായ ഗുജറാത്തി സംവിധായകൻ മഹേഷ് ജിരാവാല എന്ന മഹേഷ് കലാവാഡിയയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെ അദ്ദേഹത്തിന്റെ മൃതദേഹം തിരിത്തറിഞ്ഞു. വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. മ്യൂസിക് ആൽബങ്ങളുടെ സംവിധായകനായ അദ്ദേഹം സംഭവം നടന്ന ദിവസം ഉച്ചക്ക് ലോ ഗാർഡൻ പ്രദേശത്ത് ഒരാളെ സന്ദർശിക്കാൻ പോയിരുന്നതായി ഭാര്യ ഹേതൽ പറഞ്ഞിരുന്നു.

അപകട സ്ഥലത്ത് ജിരാവാലയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന സ്‌കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് അദ്ദേഹം അപകടത്തിൽപ്പെട്ടു എന്ന് സംശയിക്കാൻ കാരണമായി. ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റർ അകലെയാണെന്ന് കണ്ടെത്തിയതും സംശയം വർധിപ്പിച്ചു.

എന്നാൽ ജിരാവാല മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ ചൂണ്ടിക്കാണിച്ചെങ്കിലും, കുടുംബം ആദ്യം മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചു. ആക്ടിവയുടെ നമ്പറും സ്ഥിരീകരിച്ച ഡി.എൻ.എ റിപ്പോർട്ടും ഉൾപ്പെടെയുള്ള ശക്തമായ ഫോറൻസിക് തെളിവുകൾ പൊലീസ് ഹാജരാക്കിയതിനു ശേഷമാണ് കുടുംബം യാഥാർഥ്യം അംഗീകരിച്ചത്.

ജൂൺ 12നാണ് അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്ന് മലയാളി ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു. 

Tags:    
News Summary - Missing Gujarati filmmaker Mahesh Jirawala confirmed dead in Ahmedabad plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.