സചിനൊപ്പം തുടക്കം, പിന്നീട് ക്രിക്കറ്റ് ഉപേക്ഷിച്ച് സിനിമയിലേക്ക്, ആ നടന്‍റെ കരിയർ തകർത്തത് മദ്യം

കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, ഇർഫാൻ പത്താൻ, ഹർഭജൻ സിങ്, ശിഖർ ധവാൻ തുടങ്ങിയ നിരവധി ക്രിക്കറ്റ് താരങ്ങൾ ബോളിവുഡിൽ അതിഥി വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. അവരാരും കായിക മേഖല ഉപേക്ഷിച്ചിട്ടല്ല അഭിനയത്തിനെത്തിയത്. എന്നാൽ സചിൻ ടെണ്ടുൽക്കറിനൊപ്പം കരിയർ ആരംഭിച്ച് കാലക്രമേണ, തന്റെ താൽപ്പര്യം അഭിനയത്തിലേക്ക് മാറുന്നതായി മനസ്സിലാക്കി അഭിനയത്തിലേക്ക് എത്തിയ ഒരു നടനുണ്ട്.

തന്റെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ കളിച്ച ഈ വ്യക്തിക്ക് മികച്ചൊരു ക്രിക്കറ്റ് അരങ്ങേറ്റം ഉണ്ടായിരുന്നു. കായിക രംഗം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് കടന്നുവന്നതിനുശേഷം, അദ്ദേഹം ഒരു ടെലിവിഷൻ താരമായി മാറി, പക്ഷേ അദ്ദേഹത്തിന്റെ കരിയർ ഒരിക്കലും ഉയർന്നില്ല. മറ്റാരുമല്ല, സലീൽ അങ്കോളയാണ് ആ വ്യക്തി.

വലംകൈയൻ ഫാസ്റ്റ്-മീഡിയം ബൗളറായ സലീൽ അങ്കോള, 1989 നും 1997 നും ഇടയിൽ 20 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. എന്നാൽ സലീലിന് തുടർച്ചയായി മോശം പ്രകടനങ്ങൾ കാരണം അദ്ദേഹം 28ാം വയസ്സിൽ വിരമിക്കാൻ തീരുമാനിച്ചു. അഭിനയത്തോടുള്ള തന്റെ അഭിനിവേശം തിരിച്ചറിഞ്ഞ സലീൽ 1997ൽ ചാഹത് ഔർ നഫ്രത്ത് എന്ന ടിവി പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ചു. കോര കാഗസ്, കെഹ്ത ഹേ ദിൽ, വിക്രാൽ ഔർ ഗബ്രാൽ, റിഷ്തേ തുടങ്ങിയ വിവിധ സീരിയലുകളിൽ അദ്ദേഹം പ്രവർത്തിച്ചു.

2000ത്തിന്‍റെ അവസാനത്തിൽ സലീലിന് നല്ല ഓഫറുകൾ കുറയാൻ തുടങ്ങി. അതോടെ അദ്ദേഹം മദ്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. ആ ആസക്തി അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയർ മാത്രമല്ല, വ്യക്തിജീവിതവും നശിപ്പിച്ചു. 19 വർഷം നീണ്ടുനിന്ന ദാമ്പത്യം 2011 ൽ വിവാഹമോചനത്തിൽ അവസാനിച്ചു. സലീല്‍ അങ്കോളയുടെ മുന്‍ ഭാര്യ 2013 ഡിസംബറില്‍ ആത്മഹത്യ ചെയ്തു.

പുനരധിവാസ കേന്ദ്രത്തിന്‍റെ സഹായത്തോടെ അദ്ദേഹം തിരിച്ചു വന്നു. 2016 മുതൽ 2018 വരെ സംപ്രേഷണം ചെയ്ത കളേഴ്‌സ് ടി.വി ഷോയായ കർമഫൽ ദാതാ ശനിയിലെ സൂര്യ ദേവ് എന്ന കഥാപാത്രത്തിലൂടെ അങ്കോള തിരിച്ചുവരവ് നടത്തുകയും അംഗീകാരം നേടുകയും ചെയ്തു. അതിനുശേഷം അദ്ദേഹം ക്രിക്കറ്റിലേക്കും തിരിച്ചുവന്നു. 2020 മുതൽ 2021 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രധാന സെലക്ടറായിരുന്നു അദ്ദേഹം. 2023 ജനുവരി മുതൽ 2024 ജനുവരി വരെ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ടറായിരുന്നു അദ്ദേഹം.

2024 ഒക്ടോബറിൽ അദ്ദേഹത്തിന്‍റെ അമ്മയെ പൂണെയിലെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂണെയിലെ പ്രഭാത് റോഡിലുള്ള താരത്തിന്റെ വീട്ടിലാണ് അമ്മ മായ അശോക് അങ്കോളയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

Tags:    
News Summary - Meet man who made debut with Sachin Tendulkar, quit cricket to become actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.