500 രൂപ വരുമാനത്തിൽ തുടക്കം; ഇന്ന് ഒരു ഷോയിൽ നിന്ന് 200 കോടി, ഇന്ത്യയിലെ ഏറ്റവും ധനികനായ ഹാസ്യതാരം

വളരെ സാധാരക്കാരനായി ജീവിതം ആരംഭിച്ച് ഇന്ന് ആരെയും അതിശയിപ്പിക്കുന്ന നിലയിൽ എത്തിയ വ്യക്തി. വെറും 500 രൂപ പ്രതിമാസ വരുമാനത്തിൽ തുടങ്ങി ഇന്ന് ഒരു ഷോയിൽ നിന്ന് 200 കോടി രൂപ സമ്പാദിക്കുന്ന നിലയിലേക്ക്. രാജ്യത്തുടനീളം ആരാധകരുള്ള താരമാണ് അദ്ദേഹമിന്ന്. മറ്റാരുമല്ല, ഇന്ത്യയിലെ ഏറ്റവും ധനികനായ ഹാസ്യതാരമായ കപിൽ ശർമയാണത്.

പഞ്ചാബിലാണ് കപിൽ ജനിച്ചത്. കാൻസർ ബാധിച്ച് അച്ഛൻ മരിച്ചതോടെ കുടുംബത്തിലെ ഏക വരുമാനക്കാരനായി മാറിയ കപിൽ ഒരു പി.സി.ഒയിലും പിന്നീട് ടെക്സ്റ്റൈൽ കമ്പനിയിലും ജോലി ചെയ്യാൻ തുടങ്ങി. പ്രതിമാസം 500 മുതൽ 900 രൂപ വരെയാണ് അന്ന് അദ്ദേഹത്തിന് സമ്പാദിക്കാനായത്. ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ചിൽ വിജയിച്ചതോടെയാണ് കപിലിന്റെ ജീവിതം മാറിമറിയുന്നത്. അതിൽ നിന്ന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചാണ് അദ്ദേഹം സഹോദരിയുടെ വിവാഹം നടത്തുന്നത്.

2013ൽ, കോമഡി നൈറ്റ്‌സ് വിത്ത് കപിൽ എന്ന സ്വന്തം പരമ്പര ആരംഭിച്ചു. തുടർന്ന് 2016ൽ ദി കപിൽ ശർമ ഷോയും ആരംഭിച്ചു. 2015ലാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടക്കുന്നത്. കിസ് കിസ്‌കോ പ്യാർ കരൂൺ ആണ് അരങ്ങേറ്റ ചിത്രം. പിന്നീട്, ഫിരംഗി (2017), സ്വിഗാറ്റോ (2023) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഏറ്റവും ഒടുവിൽ, ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ശർമ ഷോയിലൂടെ വീണ്ടും സ്‌ക്രീനിൽ തിരിച്ചെത്തി. ഒരു എപ്പിസോഡിന് അഞ്ച് കോടി രൂപ നേടി. സീസണിൽ 13 എപ്പിസോഡുകളുള്ള സിംഗ്ൾ ഒ.ടി.ടി ഷോയിൽ നിന്ന് അദ്ദേഹം ഏകദേശം 200 കോടി രൂപ സമ്പാദിച്ചു.

ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം കപിൽ ശർമയുടെ ആസ്തി 300 കോടി രൂപയോളം വരും. നിലവിൽ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഒരു ആഡംബര അപ്പാർട്ട്മെന്റിലാണ് കപിലും ഭാര്യ ഗിന്നിയും കുട്ടികളും താമസിക്കുന്നത്. പഞ്ചാബിൽ 25 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഫാംഹൗസും കപിലിനുണ്ട്.

ഇതിനുപുറമെ, മെഴ്‌സിഡസ് ബെൻസ് എസ് 350, റേഞ്ച് റോവർ ഇവോക്ക്, വോൾവോ എക്സ്‌സി 90 എസ്‌.യു.വി തുടങ്ങിയ പ്രീമിയം കാറുകളുടെ കലക്ഷൻ അദ്ദേഹത്തിനുണ്ട്. 5.5 കോടി രൂപ വിലമതിക്കുന്ന ഒരു കസ്റ്റം-മെയ്ഡ് വാനിറ്റി വാനും കപിലിന് സ്വന്തമാണ്. സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി അവയുടെ ദൃശ്യങ്ങൾ കപിൽ പങ്കിടാറുണ്ട്.

ഈയിടെ കപിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഭാര്യ ഗിന്നിക്കൊപ്പം കാപ്‌സ് കഫേ ആരംഭിച്ചു. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കഫേക്ക് നേരെ വെടിവെപ്പുകൾ ഉണ്ടായതോടെ കപിൽ വീണ്ടും വാർത്തകളിൽ ഇടം നേടി. ആക്രമണത്തിന് ശേഷം ആരാധകരുടെ അചഞ്ചലമായ പിന്തുണക്ക് നന്ദി പറഞ്ഞും സമാധാനത്തിനായി ആഹ്വാനം ചെയ്തും കപിലിന്റെ ടീം ഹൃദയംഗമമായ ഒരു സന്ദേശം പങ്കിട്ടിരുന്നു. 

Tags:    
News Summary - Meet actor, who used to earn Rs 500 a month, now worth Rs 300 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.