മുംബൈ: ബോളിവുഡ് താര ദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യ കുഞ്ഞായുള്ള കാത്തിരിപ്പിലാണെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജീവിതത്തിലെ സ്വകാര്യത നിലനിർത്തുന്നതിൽ കത്രീനയും വിക്കിയും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ, സ്വന്തം വീട്ടിൽ നിന്നുള്ള കത്രീനയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർക്കും സെലിബ്രിറ്റികൾക്കും ഇടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഗർഭിണിയായ നടി ബാൽക്കണിയിൽ ഇരിക്കുന്ന ചിത്രങ്ങൾ ഒരു മാധ്യമ പോർട്ടൽ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്. നടിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിന് ആരാധകർ പോർട്ടലിനെ വിമർശിച്ചു. പൊലീസ് നടപടി ആവശ്യപ്പെടുന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു. ഇത് കുറ്റകൃത്യമാണെന്നും ചിത്രങ്ങൾ എടുത്ത് പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെടുന്നു.
ബോളിവുഡ് നടി സോനാക്ഷി സിൻഹയും കത്രീനയുടെ ചിത്രം പ്രചരിപ്പിച്ചതിനെ 'ക്രിമിനൽ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ രോഷം പ്രകടിപ്പിച്ചു. 'നിങ്ങൾക്ക് എന്താണ് കുഴപ്പം? എന്തിനാണ് സ്വന്തം വീട്ടിൽ നിന്ന ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുത്ത് പൊതു വേദിയിൽ പ്രസിദ്ധീകരിച്ചത്? നിങ്ങളെല്ലാം കുറ്റവാളികളികളാണ്. ഇത് ലജ്ജാകരമാണ്' -എന്ന് സോനാക്ഷി എഴുതി. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് പോർട്ടൽ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കത്രീനയോ വിക്കി കൗശലോ ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.