മറാത്തി ചലച്ചിത്ര-നാടക നടൻ തുഷാർ ഗാഡിഗാവ്കർ അന്തരിച്ചു. ജൂൺ 20ന് മുംബൈയിലെ വീട്ടിൽ തുഷാറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗോരേഗാവ് വെസ്റ്റിലെ വീട്ടിൽ തുഷാറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു.
സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിൽ തുഷാർ നിലത്ത് കിടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 34 കാരനായ തുഷാർ മദ്യത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നടന്‍റെ മരണത്തിൽ ആരെയും സംശയമോ മറ്റ് പരാതിയോ ഇല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ജനപ്രിയ മറാത്തി ടെലിവിഷൻ ഷോകളിലെ പ്രകടനത്തിലൂടെയാണ് തുഷാർ ശ്രദ്ധനേടുന്നത്. ലവാംഗി മിർച്ചി, മാൻ കസ്തൂരി റേ, സുഖാച്ച സരിനി ഹേ മാൻ ബവാരെ, സൺ മറാഠിയിലെ സഖാ മഴ പാണ്ഡുരംഗ് എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന പരിപാടികളാണ്. ഭീംറാവു മുഡെ സംവിധാനം ചെയ്ത മറാത്തി പരമ്പരയായ തുംചി മുൽഗിയിലെ വേഷം അദ്ദേഹത്തിന് ഗണ്യമായ അംഗീകാരം നേടിക്കൊടുത്തു. സഞ്ജയ് ലീല ബൻസാലിയുടെ മലാൽ എന്ന ചിത്രത്തിൽ നായകന്റെ സുഹൃത്തായി അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.