ദിലീപും മഞ്ജു വാര്യരും

11 വർഷത്തിന് ശേഷം ഒരേ വേദിയിൽ ദിലീപും മഞ്ജു വാര്യരും; വൈറലായി ചിത്രങ്ങൾ

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ തിയറ്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മഞ്ജു വാര്യരും ദിലീപും എത്തിയതാണ് സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. 2014ൽ നിയമപരമായി വേർപിരിഞ്ഞതിന് ശേഷം, നീണ്ട 11 വർഷത്തെ ഇടവേളക്ക്  ശേഷമാണ് ഇരുവരും ഒരേ വേദിയിൽ എത്തുന്നത്. ഒരുമിച്ച് എത്തിയതെങ്കിലും ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് തിയറ്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ വലിയ നിരയാണ് ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ തിയറ്റർ ഉദ്ഘാടനത്തിനായി എത്തിയത്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, അതിഥി രവി, സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു. ഇതിനിടയിലാണ് മലയാള സിനിമാപ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് മഞ്ജു വാര്യരുടെയും ദിലീപിന്റെയും സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.

പാപ്പരാസി കാമറകളുടെയും ആരാധകരുടെയും തിക്കിത്തിരക്കിനുമിടയിലൂടെയാണ് ഇരുവരും ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എത്തിയത്. നീല ജീൻസും പിങ്ക്-വെളുപ്പ് നിറത്തിലുള്ള ഫ്ലോറൽ ഷർട്ടും ധരിച്ച് തികച്ചും കാഷ്വൽ ലുക്കിലാണ് മഞ്ജു വാര്യർ എത്തിയത്. വേദിയിലേക്ക് പ്രവേശിക്കുമ്പോൾ ആരാധകരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവർ കൈവീശുന്നതിന്റെ ദൃശ്യങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. തൊട്ടുപിന്നാലെ ദിലീപും വേറിട്ട് വേദിയിലേക്ക് എത്തി.

തിയേറ്ററിനുള്ളിലെ ബാൾക്കണി സെക്ഷനിലാണ് മഞ്ജു വാര്യരെയും ദിലീധനെയും പിന്നീട് കണ്ടത്. എന്നാൽ ആരാധകർ പ്രതീക്ഷിച്ചതുപോലെ ഇരുവരും അടുത്തടുത്തോ ഒരേ നിരയിലോ അല്ല ഇരുന്നത്. മഞ്ജു വാര്യർ നടൻ കുഞ്ചാക്കോ ബോബന്റെ തൊട്ടടുത്താണ് ഇരുന്നത്. ചടങ്ങിനിടയിൽ മുൻ ദമ്പതികൾ പരസ്പരം സംസാരിക്കുകയോ മുഖം കൊടുക്കുകയോ ചെയ്തതായി റിപ്പോർട്ടുകളോ ദൃശ്യങ്ങളോ ഇല്ല. തികച്ചും ഔദ്യോഗികമായി, യാതൊരുവിധ പരസ്യ ഇടപെടലുകളുമില്ലാതെയാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. എങ്കിലും, ഒരു ദീർഘകാലത്തിന് ശേഷം ഇരുവരും ഒരേ വേദിയിൽ എത്തിയത് സിനിമാ കോറിഡോറുകളിലെയും സോഷ്യൽ മീഡിയയിലെയും പ്രധാന ചർച്ചാവിഷയമായി മാറി.

മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തിൽ ഒന്നിച്ചഭിനയിച്ച് പ്രണയത്തിലായവരാണ് മഞ്ജു വാര്യരും ദിലീപും. 1996ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രമായ 'സല്ലാപം' അടക്കമുള്ള സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ഈ സിനിമകളിലെ അഭിനയവും കൂട്ടുകെട്ടുമാണ് പിന്നീട് യഥാർത്ഥ ജീവിതത്തിലെ പ്രണയത്തിലേക്ക് വഴിമാറിയത്.

തുടർന്ന് 1998 ഒക്ടോബർ 20ന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം സിനിമയോട് വിടപറഞ്ഞ മഞ്ജു വാര്യർ കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം ദിലീപ് മലയാള സിനിമയിലെ മുൻനിര നായക നടന്മാരിൽ ഒരാളായി വളരുകയായിരുന്നു. 2000ൽ ഈ ദമ്പതികൾക്ക് മീനാക്ഷി എന്ന മകളും പിറന്നു.

എന്നാൽ ഏറെക്കാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും, ഒടുവിൽ 16 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് കുറച്ചുകാലം വെവ്വേറെ താമസിച്ച ശേഷം, 2014 ജൂലൈയിൽ ഇരുവരും സംയുക്തമായി വിവാഹമോചന ഹരജി സമർപ്പിക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം മറ്റൊരു പൊതുവേദിയിൽ വീണ്ടും ഒത്തുകൂടിയ ഇവരാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ പ്രധാന താരങ്ങൾ.

Tags:    
News Summary - Manju Warrier And Dileep Spotted At Same Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.