‘ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണത്’; ഭർത്താവിന്‍റെ ചരമവാർഷികം ആചരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി മന്ദിര ബേദി

ദുഃഖത്തിന് കുറുക്കുവഴികളൊന്നുമില്ല. നിങ്ങൾ അതിലൂടെ കടന്നുപോകുക തന്നെ വേണമെന്നാണ് നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി തന്റെ ഭർത്താവും സംവിധായകനും നിർമാതാവുമായ രാജ് കൗശലിനെ ഓർത്തുകൊണ്ട് പറയുന്നത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുണ്ടായ മരണത്തെ എങ്ങനെ നേരിട്ടുവെന്ന് മന്ദിര അടുത്തിടെ തുറന്നു പറഞ്ഞു. രാജിന്‍റെ മരണത്തിന് ശേഷമുള്ള ആദ്യ വർഷം അവിശ്വസനീയമാംവിധം കഠിനമായിരുന്നെങ്കിലും താനും കുട്ടികളും ആ നഷ്ടത്തെ നേരിടാൻ പഠിച്ചുവെന്ന് അവർ വ്യക്തമാക്കി.

'രാജിന്റെ മരണത്തിനു ശേഷമുള്ള ആദ്യ വർഷം എല്ലാം വളരെ കഠിനമായിരുന്നു...ജന്മദിനം, വാർഷികം, ദീപാവലി എല്ലാം. മുറിയിൽ ഇരുന്ന് ആരോടും സംസാരിക്കാൻ ആഗ്രഹിക്കാതെ, കരയാൻ കഴിയാത്തിടത്തോളം എത്തുന്നതുവരെ കരഞ്ഞുകൊണ്ടേയിരിക്കാൻ ആഗ്രഹിക്കുന്ന സമയമായിരുന്നു' -ദി ഫുൾ സർക്കിൾ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവേ മന്ദിര പറഞ്ഞു.

രാജിന്റെ മരണത്തിന് ഏട്ടോ ഒമ്പതോ മാസം മുമ്പാണ് മകളെ ദത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ മകൾക്ക് അദ്ദേഹത്തെ വളരെക്കുറച്ച് പരിചയമേ ഉള്ളുവെന്നും എന്നാൽ മകനെ മരണം ആഴത്തിൽ ബാധിച്ചെന്നും അവർ പറഞ്ഞു. മകനോട് കരയരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ആൺകുട്ടികൾ കരയരുത് എന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും മന്ദിര പറഞ്ഞു. അവന് രാജിനെ സന്തോഷത്തോടെ ഓർക്കാൻ കഴിയുന്ന തരത്തിൽ ആ വികാരങ്ങൾ പുറത്തുവിടണമെന്ന് താൻ ആഗ്രഹിച്ചുവെന്ന് മന്ദിര വിശദീകരിച്ചു.

ഭർത്താവിന്റെ ചരമവാർഷികം ആചരിക്കരുതെന്ന് താൻ തീരുമാനിച്ചതായും മന്ദിര പങ്കുവെച്ചു. ഒരു മാസത്തെ പൂജ, ഒരു വർഷത്തെ പൂജ, മറ്റ് ആചാരങ്ങളും അങ്ങനെ എല്ലാം ചെയ്തതായും ഈ ദിവസം ഓർമിക്കാൻ എന്താണ് ഉള്ളതെന്നും ജീവിതത്തിലെ ദുഃഖകരമായ ദിവസമാണിതെന്നും മന്ദിര പറ‍യുന്നു. പകരം, എല്ലാ വർഷവും അദ്ദേഹത്തിന്‍റെ ജന്മദിനം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആഘോഷിക്കുകയും രാജിനെ സ്നേഹപൂർവ്വം ഓർമിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

അദ്ദേഹത്തിന്റെ ചരമവാർഷികം താൻ ഓർക്കുമെന്നും ആ ദിവസം തനിക്ക് സങ്കടം തോന്നുമെന്നും പക്ഷേ കുട്ടികൾ ഓർക്കരുതെന്ന് ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. 1999ലാണ് രാജ് കൗശലിന്‍റെയും മന്ദിര ബേദിയുടെയും വിവാഹം നടന്നത്. വീര്‍ കൗശല്‍, താര ബേദി കൗശല്‍ എന്നിവരാണ് ഇവരുടെ മക്കൾ.

Tags:    
News Summary - Mandira Bedi opens up on losing husband Raj Kaushal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.