മുൻ കാലങ്ങളിൽ തനിക്ക് വരുന്ന ഒരുപാട് കത്തുകൾ വായിച്ചുകൊണ്ടിരുന്നത് നടൻ ശ്രീനിവാസനായിരുന്നുവെന്ന് മമ്മൂട്ടി. രേഖാചിത്രം എന്ന ആസിഫ് അലി- ജോഫിൻ ടി ചാക്കോ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ തനിക്ക് ധാരാളം ആരാധകർ കത്തയക്കാറുണ്ടായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ചെന്നൈയിലെ വുഡ്‌ലാൻഡ്സ് ഹോട്ടലിന്റെ അഡ്രസാണ് നാന പോലുള്ള വാരികകളിൽ കൊടുത്തിരുന്നതെന്നും പല കത്തുകളും അങ്ങോട്ടാണ് വന്നതെന്നും മമ്മൂട്ടി പറഞ്ഞു.
തന്‍റെ റൂമിലെ സ്ഥിരം സന്ദർശകനായിരുന്നു ശ്രീനിവാസനെന്നും തനിക്ക് സമയം കിട്ടാത്തപ്പോൾ ശ്രീനിവാസൻ പല കത്തുകളും വായിച്ചിരുന്നെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. 'ഇതിൽ കാണിച്ചിരിക്കുന്നത് പോലെയായിരുന്നു പണ്ടും. കത്തുകളുടെ രൂപത്തിലായിരുന്നു അന്ന് ഫാൻമെയിലുകൾ വന്നിരുന്നത്. ഷൂട്ടിന്‍റെ കാര്യത്തിന് എപ്പോഴും പോകുന്നതിനാൽ മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിന്റെ അഡ്രസായിരുന്നു നാന പോലുള്ള വാരികകളിൽ കൊടുത്തിരുന്നത്. ആ അഡ്രസിലേക്കായിരുന്നു മിക്ക കത്തുകളും വന്നിരുന്നത്. ഷൂട്ടൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോൾ ചാക്കുകണക്കിന് കത്തുകൾ ഉണ്ടാകും.
സമയം കിട്ടുന്നതിനനുസരിച്ച് ചിലതൊക്കെ വായിക്കും. ആ സമയത്ത് എന്‍റെ റൂമിലെ സ്ഥിരം സന്ദർശകനായിരുന്നു ശ്രീനിവാസൻ. എനിക്ക് പകരം അയാളായിരുന്നു പല കത്തുകളും പൊട്ടിച്ചുവായിച്ചിരുന്നത്. അങ്ങനെയാണ് 'പ്രിയപ്പെട്ട മമ്മൂട്ടിച്ചേട്ടന്' എന്നെഴുതിയ കത്ത് ശ്രീനിയുടെ ശ്രദ്ധയിൽ പെട്ടത്. അത് പിന്നീട് അയാൾ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയിൽ ഉപയോഗിച്ചു. അത് പിന്നീട് രേഖാചിത്രത്തിനും കാരണമായി. രേഖാചിത്രത്തിൽ ചെറുതായിട്ടാണെങ്കിലും ഞാനും ഭാഗമായിട്ടുണ്ട്. അതിൽ സന്തോഷം മാത്രം,' മമ്മൂട്ടി പറഞ്ഞു.
എഐ ഉപയോഗിച്ച് 1985ലെ മമ്മൂട്ടിയെ ചിത്രത്തിൽ റിക്രിയേറ്റ് ചെയ്യുന്നുണ്ട്. തിയറ്ററിൽ മികച്ച റെസ്പോൺസാണ് ആ സീനുകൾക്ക് ലഭിച്ചത്. ആസിഫ് അലി നായകാനെയത്തുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായിക വേഷത്തിലെത്തുന്നത്. ഇവരെ കൂടാതെ മോനജ് കെ ജയൻ, സിദ്ധീഖ്, ഭാമ അരുൺ, സറിൻ ഷിഹാബ്, ഹരിശ്രീ അശോകൻ, ശ്രീകാന്ത് മുരളി എന്നിവരെല്ലാം പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.