'കാമറ വിളിക്കുന്നു... ചെറിയ ഇടവേളക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വീണ്ടും ചെയ്യുന്നു' -മമ്മൂട്ടി

ചെറിയ ഇടവേളക്ക് ശേഷം സിനിമ സെറ്റിലേക്ക് തിരികെയെത്തുകയാണ് നടൻ മമ്മൂട്ടി. വീണ്ടും സിനിമ ചിത്രീകരണത്തിലേക്ക് മടങ്ങുന്ന വിവരം താരം ഫേസ്ബുക്കിലൂടെ അറിയിച്ചു. 'ഒരു ചെറിയ ഇടവേളക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ മതിയാവുന്നില്ല. കാമറ വിളിക്കുന്നു...' എന്ന പോസ്റ്റാണ് മമ്മൂട്ടി പങ്കുവെച്ചത്.

അതേസമയം, മഹേഷ് നാരായണന്‍റെ പുതിയ സിനിമയുടെ ലോക്കേഷനിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ലെങ്കിലും അദ്ദേഹം മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു. ഭാര്യ സുൽഫത്തും സുഹൃത്തും നിർമാതാവുമായ ആന്‍റോ ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം താരം സിനിമയിൽ നിന്ന് ഏഴ് മാസത്തെ ഇടവേളയെടുത്തിരുന്നു. സ്വയം കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയത്.

ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ ഒമ്പത് ദിവസം ഹൈദരാബാദിൽ ചിത്രീകരണം ഉണ്ടാകും. നടന്‍റെ തിരിച്ചു വരവിനെക്കുറിച്ച് ആന്‍റോ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസ്സാന്നിധ്യത്തിന്‍റെയും ബലത്തിൽ അതിജീവിച്ചു. മമ്മൂക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും' -എന്ന് ആന്‍റോ ജോസഫ് കുറിച്ചു.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മമ്മൂട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്ന സൂചന നൽകിയതും ആന്റോ ജോസഫായിരുന്നു.

Tags:    
News Summary - mammootty fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.