മമിത ബൈജു
ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയും, തുടർച്ചയായ വിജയങ്ങളിലൂടെ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയും ചെയ്ത നടിയാണ് മമിത ബൈജു. മലയാളത്തിലും തമിഴിലുമായി വൻ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് മമിതയുടെ താരമൂല്യം അന്താരാഷ്ട്ര തലത്തിൽ പോലും ഉയർത്തിയിരിക്കുകയാണ്.
മലയാളത്തിൽ നിന്ന് തുടങ്ങി സൗത്ത് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത മമിതയുടെ കരിയറിലെ വഴിത്തിരിവ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'പ്രേമലു' എന്ന ചിത്രമായിരുന്നു. നസ്‌ലിനൊപ്പം നായികയായി എത്തിയ മമിത അവതരിപ്പിച്ച റീനു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 136 കോടി രൂപയിലധികം കലക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡ് തീർത്തത്.
പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാൻ മമിതക്ക് സാധിച്ചു. പ്രദീപ് രംഗനാഥനൊപ്പം നായികയായി എത്തിയ 'ഡ്യൂഡ്' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ തന്റെ രണ്ടാമത്തെ നൂറുകോടി ചിത്രമാണ് താരം സ്വന്തമാക്കിയത്. തമിഴ് സിനിമാ ലോകത്തും മമിതക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്.
വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള അവസാന ചിത്രമായ 'ജന നായകൻ' എന്ന ചിത്രത്തിലും മമിത നിർണായക വേഷത്തിൽ എത്തിയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ആക്ഷൻ ഡ്രാമ ജൂലൈ മാസത്തിലാണ് തിയറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസിൽ വൻ വിജയം കൈവരിച്ച ചിത്രം ലോകമെമ്പാടുമായി 323 കോടി രൂപയിലധികം കലക്ഷൻ നേടി ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്.
സൂര്യയുടെ നായികയായി വെങ്കടേശ് അറ്റ്‌ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആൻഡ് സൺസ്' ആണ് മമിതയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആഗസ്റ്റ് 14ന് തിയറ്ററുകളിലെത്തിയ ചിത്രം വെറും രണ്ടു ദിവസത്തിനുള്ളിൽ തന്നെ നൂറുകോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. നിലവിൽ 150 കോടി രൂപയിലേറെ കലക്ഷൻ നേടി പ്രദർശനം തുടരുന്ന ഈ ചിത്രത്തിലെ മമിതയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
'പ്രേമലു'വിന് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ കൂടെയാണ് മമിത എത്തുന്നത്. ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.