സുരേഷ് ഒബ്‌റോയ്

‘ലോകം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്, സംസാരിക്കുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കൂ’: സി.ജെ.പി പ്രതിഷേധത്തെ വിമർശിച്ച് നടൻ സുരേഷ് ഒബ്‌റോയ്; ‘ഞാൻ ഒരു സമരത്തിലും പ​ങ്കെടുക്കില്ല’

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ നടന്ന വലിയ പ്രതിഷേധങ്ങളെക്കുറിച്ചും, അതിനെ പിന്തുണച്ച് രംഗത്തുവന്ന സെലിബ്രിറ്റികളെക്കുറിച്ചും രൂക്ഷമായ വിമർശനവുമായി മുതിർന്ന ബോളിവുഡ് നടൻ സുരേഷ് ഒബ്‌റോയ്. നിധി വസന്ദാനിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് പൂർണ്ണമായി മനസ്സിലാകാത്ത വിഷയങ്ങളിൽ താൻ ഇടപെടാറില്ലെന്നും, എന്നാൽ കാര്യങ്ങളറിയാതെ സെലിബ്രിറ്റികൾ ഇത്തരം പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

സെലിബ്രിറ്റികൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ബോധം വേണം. ‘നമ്മൾ ഉത്തരവാദിത്തമുള്ള ആളുകളാണ്. ലോകം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്, നിങ്ങൾ പറയുന്നത് അവർ പിന്തുടരുന്നുമുണ്ട്. സംസാരിക്കുന്നതിന് മുമ്പ്, ആരാണ് ഇതിന് പിന്നിലുള്ളതെന്നും ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും നിങ്ങൾ ഗവേഷണം ചെയ്ത് മനസ്സിലാക്കണം’ സുരേഷ് ഒബ്‌റോയ് പറഞ്ഞു. 

‘അവർ എല്ലാവരും നീറ്റ് വിദ്യാർഥികളാണോ, അതോ അവിടെ രാഷ്ട്രീയക്കാരും കല്ലെറിയുന്നവരും ബഹളമുണ്ടാക്കുന്നവരുമുണ്ടോ? ആ വിവരങ്ങൾ അറിയുന്നത് വരെ നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയധികം ശബ്ദമുയർത്താൻ കഴിയുന്നത്? എനിക്ക് ഒരു കാര്യത്തെക്കുറിച്ച് അറിവില്ലെങ്കിൽ ഞാൻ അതിനെക്കുറിച്ച് മിണ്ടില്ല. എനിക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് ഞാൻ തുറന്നു പറയും’ താരം കൂട്ടിച്ചേർത്തു.

പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള സൂചനകളും സുരേഷ് ഒബ്‌റോയ് പങ്കുവെച്ചു. പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ, അതായത് ജൂലൈ 17ന് ഡൽഹിയിൽ വലിയ ജനക്കൂട്ടവും അസ്വസ്ഥതകളും ഉണ്ടാകുമെന്ന് കാണിച്ച് യു.എസ് എംബസി അഡ്വൈസറി പുറത്തിറക്കിയിരുന്നു.

‘ഞാൻ ഇതിനെക്കുറിച്ച് ധാരാളം കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. വിദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അമേരിക്കക്കാർക്ക് പ്രതിഷേധങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. ഡൽഹിയിലെ അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കാനും ബാധിത പ്രദേശങ്ങൾ ഒഴിവാക്കാനും യു.എസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുരേഷ് ഒബ്‌റോയ് കൂട്ടിച്ചേർത്തു. 

കൂടാതെ, പ്രതിഷേധങ്ങൾക്ക് പിന്നിലെ ധനസഹായത്തെക്കുറിച്ചും അദ്ദേഹം സംശയങ്ങൾ ഉന്നയിച്ചു. ഫണ്ട് വാങ്ങുന്ന അഭിനേതാക്കളുടെ പേരുകൾ പോലും ദിവസേന വാർത്തകളിൽ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും ഒരു പ്രതിഷേധത്തിലും പങ്കെടുക്കില്ലെന്നും തന്റെ ജോലി അഭിനയമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ആക്ടിവിസ്റ്റാകേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. അക്രമ സമരങ്ങളെയും പൊലീസിനെ ആക്രമിക്കുന്ന പ്രവണതകളെയും അദ്ദേഹം കഠിനമായി വിമർശിച്ചു.

Tags:    
News Summary - Suresh Oberoi Questions CJP Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.