കാത്തിരിപ്പിന് വിരാമമായി ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സാക്ഷാൽ സി.ജോസഫ് വിജയ് യുടെ കൂടെയുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ സിനിമയുടെ സെറ്റിൽവെച്ച് വിജയ് യോട് ചേർന്നുള്ള ചിത്രമാണ് ‘കെ ഉണ്ണിക്കണ്ണൻ വിജയ് ഫാൻ’ എന്നുപേരുള്ള അക്കൗണ്ടിലൂടെ പങ്കിട്ടത്.
‘തോൽക്കുന്നവൻ ജയിക്കുകയുള്ളൂ..തലവര മാറ്റിയ ദളപതി’ എന്നും ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ജനനായകനിലെ ഫൈറ്റ് രംഗം ഷൂട്ട് കഴിഞ്ഞ വേളയിലാണ് ഉണ്ണിക്കണ്ണൻ നടനോടൊപ്പം ഫോട്ടോ എടുത്തത്. ചിത്രം വൈറലായതോടെ വൻതാര നിരതന്നെ പോസ്റ്റിന് താഴെ സൗഹൃദ കമന്റുകളുമായി രംഗത്തെത്തി. ചന്തു സലീം കുമാർ അടക്കമുള്ള താരങ്ങൾ പോസ്റ്റ് സ്റ്റോറിയാക്കിയിട്ടുമുണ്ട്.
വിജയ് യോടുള്ള ഉണ്ണിക്കണ്ണന്റെ ആരാധന വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2025 ജനുവരിയില്‍ വിജയിയെ കാണാന്‍ കാല്‍നടയായി യാത്രതിരിച്ച ഉണ്ണിക്കണ്ണന്‍റെ വിഡിയോകളും വാര്‍ത്തകളും തമിഴ് മാധ്യമങ്ങളിലടക്കം പുറത്തുവന്നിരുന്നു. 'ഒരു ആഗ്രഹത്തിനായി ഇറങ്ങിത്തിരിച്ചാൽ അതത്ര സിംപിളായി നേടിയെടുക്കാനാകില്ല, കഠിന പ്രയത്നം ചെയ്താൽ മാത്രം വിജയിക്കും. അതിന് വേണ്ടി പരിശ്രമിച്ചാൽ തന്നെ വിജയിച്ചു എന്നാണ് അർത്ഥം. അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്', എന്നാണ് ഉണ്ണിക്കണ്ണൻ അന്ന് പ്രതികരിച്ചിരുന്നത്. യാത്ര ആരംഭിച്ച ഉണ്ണിക്കണ്ണൻ മൈലുകള്‍ താണ്ടി ഒടുവില്‍ ജനനായകന്‍ സെറ്റിലെത്തി തന്‍റെ പ്രിയപ്പെട്ട വിജയ് യോടൊപ്പം ഫോട്ടോ എടുത്ത ശേഷം തിരികെ വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.