നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ 'അമ്മ'ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. കേസുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അതിജീവിത തുറന്നുപറഞ്ഞതിന് തൊട്ടടുത്ത ദിവസം അമ്മ ഐ.എഫ്.എഫ്.കെ ഡെലിഗേറ്റുകള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചതാണ് മല്ലിക സുകുമാരനെ ചൊടിപ്പിച്ചത്. ഇന്നു തന്നെ വേണമായിരുന്നോ? അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങള്‍ പറയുന്നവരെ അകറ്റി നിര്‍ത്തി, ഉള്ള വില കളയാതെ നോക്കുക എന്നാണ് മല്ലിക പറഞ്ഞത്.
‘നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടുവര്‍ഷക്കാലം ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരില്‍ ഒരു മനോവിഷമം തുറന്നെഴുതി. ഞങ്ങള്‍ ഞങ്ങളുടെ കോളിഗിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകള്‍ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്. ഒപ്പമുള്ള സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഇവര്‍ക്ക് ഒരു വിലയുമില്ലേ? അമ്മയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ്‌സിന് പാര്‍ട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റുവരെ അംഗീകരിച്ചു എന്നാണ് വാര്‍ത്ത. എന്തു വേണമെങ്കിലും ആയിക്കോട്ടെ. ഇന്നു തന്നെ വേണമായിരുന്നോ? അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങള്‍ പറയുന്നവരെ അകറ്റി നിര്‍ത്തി, ഉള്ള വില കളയാതെ നോക്കുക. വീണ്ടും പറയുന്നു ആവതും പെണ്ണാലെ അഴിവതും പെണ്ണാലെ’ മല്ലിക പറഞ്ഞു.
പ്രതികരണവുമായി നടിന്മാരായ റിമ കല്ലിങ്കലും പാർവതി തിരുവോത്തും രമ്യ നമ്പീശനും എത്തിയിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. 'എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 'എന്ത് നീതി? സസൂക്ഷ്മം തയാറാക്കിയ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്' എന്നാണ് പാര്‍വതി കുറിച്ചത്. രമ്യ നമ്പീശനും അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ ഇന്‍സ്റ്റയിൽ സ്റ്റോറിയായിട്ട് ഇട്ടിട്ടുണ്ട്. തുടക്കം മുതലേ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാര്‍വതിയും രമ്യയും.
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നടി. അങ്കമാലി അത്താണിക്ക് സമീപം കാർ തടഞ്ഞ് അതിക്രമിച്ച് കയറിയ അക്രമി സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട നടി, സംവിധായകനും നടനുമായ ലാലിന്റെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്. അദ്ദേഹത്തിൽനിന്ന് വിവരമറിഞ്ഞ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേസ് വലിയ ചർച്ചയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.