ചെന്നൈ: കരാറുറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല എന്ന പരാതിയിൽ ഗൗതം മേനോനെതിരെ നിർമാതാക്കൾ നൽകിയ ഹരജി ശരിവെച്ച് മദ്രാസ് ഹൈകോടതി. 2013ലാണ് ആർ.എസ്. ഇൻഫോടെയ്ൻമെന്റ് എന്ന നിർമാണ കമ്പനി ഹൈകോടതിയെ സമീപിച്ചത്. ’പ്രൊഡക്ഷൻ നമ്പർ 6’ എന്ന് താൽകാലികമായി പേരിട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടതാണ് കേസ്.
2008 നവംബർ 27ന് കരാർ ഒപ്പുവെച്ചപ്പോൾ നിർമാണച്ചെലവുകൾക്കായി ആർ.എസ്. ഇൻഫോടെയ്ൻമെന്റ് ഫോട്ടോൺ ഫാക്ടറിക്ക് 13.5 കോടി നൽകാൻ സമ്മതിച്ചിരുന്നു. 2008 ഡിസംബർ പത്തിന് നിർമാണം തുടങ്ങി 2009 ഏപ്രിൽ അഞ്ചിനകം പൂർത്തിയാക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ സിനിമ ചിത്രീകരണത്തിൽ നിന്നും സംവിധായകൻ ഒഴിഞ്ഞുമാറി. വർഷങ്ങളായി തള്ളികൊണ്ടുപോയ നിർമാണത്തിലെ നഷ്ടം മുൻനിർത്തിയാണ് നിർമാതാക്കൾ ഗൗതം മേനോനെതിരെ പരാതി നൽകിയത്.
എന്നാൽ ഈ കേസിനെതിരെ ഗൗതം വാസുദേവ് മേനോൻ സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളി. പ്രതിവർഷം 12 ശതമാനം പലിശനിരക്കിൽ 2010 മുതൽക്കുള്ള 4.25 കോടി രൂപ ഗൗതംമേനോനും അദ്ദേഹത്തിന്റെ പങ്കാളിത്തസ്ഥാപനവും തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കോടതി ഫീസായി 9.57 ലക്ഷവും അഭിഭാഷക ഫീസായി 2.5 ലക്ഷവും ഉൾപ്പെടെ 12 ലക്ഷം രൂപ ചെലവുകൾക്കായി നൽകണം.
എൽറെഡ് കുമാർ എന്നയാളുടെ ആർ.എസ്. ഇൻഫോടെയ്ൻമെന്റ് എന്ന നിർമാണ കമ്പനിക്ക് 4.25 കോടി നൽകാൻ നേരത്തേ സിഗ്ൾ ജഡ്ജി ഉത്തരവിട്ടതിനെതിരേയാണ് ഗൗതം മേനോനും അദ്ദേഹത്തിന് പങ്കാളിത്തമുള്ള ഫോട്ടോൺ ഫാക്ടറിയും 2022 മേയ് മാസം മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. നേരത്തേ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ എന്നിവരുടെ ബെഞ്ച് ഗൗതം മേനോന്റെ ഹരജി തിങ്കളാഴ്ച തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.