ആശ അരവിന്ദ്

അമ്മക്ക് വീണ്ടും തിരിച്ചടി; അഡ്ഹോക് കമ്മറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു

കൊച്ചി: താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സംഘടനയിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്കിടെ, കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചാണ് ആശ തന്റെ രാജി അറിയിച്ചത്. ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ മല്ലിക സുകുമാരൻ ഇന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ആശ അരവിന്ദിന്റെയും പിന്മാറ്റം.

മുൻ ഭരണസമിതിയിലെ അംഗമായിരുന്നു ആശ അരവിന്ദ്. സംഘടനയിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം ഇവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. മുൻ ഭരണസമിതി രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തിൽ, അതേ സമിതിയിലുണ്ടായിരുന്ന ആശ അരവിന്ദിനെ എങ്ങനെ പുതിയ അഡ്ഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന ചോദ്യം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിറ്റിയിൽ താനില്ലെന്ന് വ്യക്തമാക്കി ആശ രാജിവെക്കുന്നത്. മുൻ ഭരണസമിതിയുടെ പല പദ്ധതികളിലും ആശ അരവിന്ദ് സജീവ പങ്കാളിയായിരുന്നു.

ശ്വേത മേനോൻ പ്രസിഡന്‍റായിരുന്ന ഭരണസമിതി വലിയ ചർച്ചകൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിലാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇതിനു പിന്നാലെ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. രമേഷ് പിഷാരടി, കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സിദ്ദീഖ്, ഡോ. റോണി, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരെയായിരുന്നു അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തിരുന്നത്. ആശ അരവിന്ദിന്റെ രാജി കൂടി എത്തിയതോടെ സംഘടനയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

ശ്വേതാ മേനോനെതിരെ നടന്ന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് നടി മാല പാർവതിയാണെന്നും, കഴിഞ്ഞ 15 ദിവസമായി ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ശ്വേതയെ പുറത്താക്കുന്നതിനായുള്ള അവിശ്വാസ പ്രമേയത്തിന് ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യം മാല പാർവതിയാണ് തന്നെ വിളിച്ച് അറിയിച്ചതെന്നും, നടന്മാരായ സിദ്ദിഖും രഞ്ജി പണിക്കരും ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഇക്കാര്യം വിളിച്ചുപറയുന്നതെന്ന് മാല പാർവതി വ്യക്തമാക്കിയതായും മല്ലിക കൂട്ടിച്ചേർത്തു.

യോഗത്തിൽ ശ്വേതയെ അനുകൂലിച്ച് സംസാരിക്കാൻ ആരെയും അനുവദിച്ചില്ല. ശ്വേതയെ പിന്തുണച്ച് സംസാരിക്കാൻ എഴുന്നേറ്റവരുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. ഈ സാഹചര്യത്തിൽ സംഘടനയിലെ സീനിയർ അംഗങ്ങൾ ഉടൻ ഇടപെടണമെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു. ഈ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ചാണ് താൻ അമ്മയിൽ നിന്ന് രാജിവെക്കുന്നതെന്നും മല്ലിക വ്യക്തമാക്കി.

Tags:    
News Summary - Asha Aravind resigns from ad hoc committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.