‘റീനുവിനെയും സചിനെയും ഇഷ്ടപ്പെട്ടു, എന്നാൽ എന്റെ ഫേവറിറ്റ്...’; പ്രേമലു താരത്തെ പ്രശംസിച്ച് രാജമൗലി

ഹൈദരാബാദ്: ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരുക്കിയ ‘പ്രേമലു’ മലയാളത്തിലെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഒന്നായി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആഗോള ബോക്സോഫിസിൽനിന്ന് ഇതിനകം 90 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഹൈദരാബാദ് പശ്ചാത്തലമാക്കി റൊമാന്റിക്‌ കോമഡി എന്റര്‍ടൈനറായി ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം വൻ തുകക്ക് നേടിയെടുത്തത് ബാഹുബലി, ആർ.ആർ.ആർ ഉൾ​പ്പെടെയുള്ള വമ്പൻ ഹിറ്റുകൾ ഒരുക്കിയ തെലുങ്കിലെ സൂപ്പർ സംവിധായകൻ എസ്.എസ് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയായിരുന്നു.

മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രത്തെയും അതിലെ താരങ്ങളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ രാജമൗലി. ഇതൊരു മുഴുനീള ചിരിയുത്സവമാണെന്ന് പറഞ്ഞ രാജമൗലി, ചിത്രത്തിലെ നായിക-നായകന്മാരായ റീനുവിനെയും സചിനെയും ഇഷ്ടപ്പെട്ടെന്നും എന്നാൽ ത​ന്റെ ഫേവറിറ്റ് ‘ആദി’യാണെന്നും വെളിപ്പെടുത്തി. സിനിമയിൽ ആദി ഇടക്കിടെ ഉപയോഗിക്കുന്ന ‘ജസ്റ്റ് കിഡ്ഡിങ്’ എന്ന വാചകവും രാജമൗലി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉപയോഗിച്ചിട്ടുണ്ട്.

‘കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്തതിൽ വളരെ സന്തോഷമുണ്ട്. മുഴുനീള ചിരിയുത്സവമാണത്. യുവതയുടെ ഭാഷയെ പൂർണമായി പകർത്തുന്നതിൽ എഴുത്തുകാരൻ മികച്ചുനിന്നു. ട്രെയിലർ കണ്ടപ്പോൾ തന്നെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സിനിമയിലെ സച്ചിൻ എന്ന പയ്യനും പ്രിയങ്കരനാണ്. എന്നാൽ, എനിക്കിഷ്ടപ്പെട്ടത് ആദിയെയാണ്. ജെ.കെ...ജസ്റ്റ് കിഡ്ഡിങ്’ -എന്നിങ്ങനെയായിരുന്നു രാജമൗലിയുടെ കുറിപ്പ്.

നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ്‌ എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിർമിച്ചത്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററിലെത്തിയത്.

Tags:    
News Summary - ‘Loved Reenu and Sachin, but my favourite...’; Rajamouli praises Premalu star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.