കൈതി, മാസ്റ്റർ, വിക്രം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച ലോകേഷ് കനകരാജിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് രജനീകാന്ത് നായകനായ കൂലി. എന്നാൽ ലോകേഷിന്റേതായി അവസാനം പുറത്തിറങ്ങിയ രജനി ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. കളക്ഷനിലും സിനിമക്ക് വലിയ നേട്ടമുണ്ടാക്കനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ്. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമയെക്കുറിച്ച് ഓരോരുത്തർക്കും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു. ഞാൻ മാത്രമല്ല, ഓരോ സൂപ്പർസ്റ്റാറിനും പ്രതീക്ഷയുടെ ഒരു ബാധ്യതയുണ്ടാകും. അതിനോട് നീതി പുലർത്തുക എന്നതാണ് പ്രധാന വെല്ലുവിളി. കൂലിയുടെ കാര്യമെടുത്താൽ 18 മാസം സിനിമക്ക് വേണ്ടി ചിലവഴിച്ചു. ആ 18 മാസം സിനിമയുടെ ഹൈപ്പ് എത്രത്തോളം ഉയരുമോ അത്രയും ഉയർന്നു. പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവൽ, എൽ.സി.യു പോലുള്ള തിയറികൾ ഉണ്ടാക്കി.
രജിനി സാറിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ പടം ഇങ്ങനെയാകും എന്നൊക്കെ ചിന്തിച്ചു വെച്ചു. ആ പ്രതീക്ഷ എങ്ങനെ കുറക്കും? എന്നാൽ സിനിമ റിലീസായപ്പോൾ അവർ പ്രതീക്ഷിച്ചതൊന്നും സിനിമയിലില്ലെങ്കിൽ എന്തുചെയ്യും. ആ പ്രതീക്ഷക്കൊത്ത് എഴുതാൻ എനിക്ക് ഒരിക്കലും സാധിക്കില്ല. ഞാൻ എഴുതിയത് അവരുടെ പ്രതീക്ഷക്കൊത്ത് വന്നാൽ സന്തോഷം മാത്രം. അല്ലെങ്കിൽ അതിനൊത്ത് ഉയരാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും, ലോകേഷ് കനകരാജ് പറയുന്നു.
രജനീകാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ആവറേജിൽ ഒതുങ്ങേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം.
തമിഴ് സിനിമകളിൽ പലയാവർത്തി ആഘോഷിക്കപ്പെട്ട ‘പാസ’വും അൻപുമാണ് ചിത്രത്തിന്റെ നട്ടെല്ല്. എന്നാൽ ബന്ധങ്ങളിലെ ഊഷ്മളത പ്രേക്ഷകരിലേക്ക് പകരുന്നതിൽ ചിലയിടങ്ങളിൽ സിനിമ പരാജയപ്പെടുന്നുണ്ട്. ലോജിക് ഇല്ലെങ്കിലും രജനീകാന്ത് ചിത്രത്തിൽ മാത്രം പ്രേക്ഷകർ കയ്യടിക്കുന്ന ‘ഹൈ മൊമന്റുകൾ’ കൂലിയിലും കാണാം. രജനീകാന്തിനെ കൂടാതെ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, രചിത റാം, കാളി വെങ്കട്ട്, കണ്ണ രവി, ആമിർ ഖാൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.