വിവാദപരാമർശങ്ങൾക്കിടെ ജോജു ജോർജിന് മറുപടിയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ലെന്നാണ് സംവിധായകന്റെ വിശദീകരണം. നടന്റെ പ്രതിഫല വിവരങ്ങളും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിശദീകരണം.
പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചുരുളി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്ന നടൻ ജോജു ജോർജിന്റെ പരാമർശം വിവാദത്തിനു തിരികൊളുത്തിയിരുന്നു. സംഭാഷണങ്ങളുടെയും മറ്റും പേരിൽ ഏറെ ജനശ്രദ്ധ നേടിയ സിനിമയായിരുന്നു ചുരുളി. ചുരുളിക്ക് തെറിയല്ലാത്തൊരു പതിപ്പ് ഉണ്ടായിരുന്നുവെന്നും അതാകും തിയറ്ററിൽ എത്തുകയെന്നാണ് കരുതിയതെന്നും ജോജു പറഞ്ഞിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ജോജുവിന് മറുപടിയുമായി രംഗത്തെത്തിയത്.
'പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈകോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം. Nb : ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യും' ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഒപ്പം ജോജുവിന് കൊടുത്ത ശമ്പള വിവരവും ലിജോ ജോസ് പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം രൂപയാണ് ജോജുവിന് ചുരുളിയിൽ അഭിനയിച്ചതിന് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.