ചിത്ര നായർ 'ന്നാ താൻ കേസ് കൊടിലെ' റീൽസ് താരം സുമലത ടീച്ചറായത് ഇങ്ങനെ -അഭിമുഖം

ചിത്ര നായർ എന്ന പേരുകേട്ടാൽ ഒരു പക്ഷേ പ്രേക്ഷകർക്ക് മനസ്സിലായേക്കില്ല. എന്നാൽ 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചർ എന്ന പേരുകേട്ടാൽ പ്രേക്ഷകർക്ക് മനസ്സിലാവുക മാത്രമല്ല സുമലത ടീച്ചറുടെ ഹാസ്യരംഗങ്ങൾ ഓർത്തു പ്രേക്ഷകർ ചിരിക്കുകയും ചെയ്തേക്കും. സിനിമയുടെ ഓ. ടി. ടി റിലീസിനു ശേഷം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുമലത ടീച്ചറുടെയും സുരേഷേട്ടന്റെയും റൊമാന്റിക് നർമ്മരംഗങ്ങളാണ്. അതിനെക്കുറിച്ചും മറ്റു വിശേഷങ്ങളെ കുറിച്ചും മാധ്യമത്തോട് പങ്കുവക്കുകയാണ് സുമലത ടീച്ചറായി എത്തിയ കാസർഗോഡ്ക്കാരിയായ ചിത്ര നായർ.

• നീലേശ്വരംക്കാരിയായ ചിത്ര

കാസർകോട് നീലേശ്വരത്തിനടുത്ത് കുന്നംകൈയാണ് എന്റെ നാട്. ഞാനൊരു ടീച്ചറാണ്. ഇവിടെ നാട്ടിൽ തന്നെ നാലുവർഷത്തോളം ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു. അതോടൊപ്പം ഒരു ഡാൻസ് ട്രൂപ്പിൽ എല്ലാം ആക്ടീവ് ആയി അത്യാവശ്യം ഡാൻസ് പെർഫോമുകൾ എല്ലാം ചെയ്തിട്ടുണ്ട്. കൊറോണ സമയത്താണ് ടീച്ചർ എന്ന ജോലി ഞാൻ നിർത്തിയത്. സിനിമ ഓഡിഷനുകളിലേക്ക് കൂടുതൽ താല്പര്യം വെച്ച് തുടങ്ങിയതും ആ സമയത്താണ്. അത്തരത്തിൽ ഒരു ഓഡിഷനിൽ പങ്കെടുത്ത് തന്നെയാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുമലത ടീച്ചർ ആവാനുള്ള ഭാഗ്യം ലഭിച്ചത്.

കൈമുതലായി ആകെ ഉണ്ടായിരുന്നത് കാസർകോട് ഭാഷ

'ന്നാ താൻ കേസ് കൊട് ' എന്ന സിനിമയിൽ ആവശ്യമുള്ള ആ ഭാഷ എനിക്കറിയാമായിരുന്നു എന്നത് മാത്രമാണ് എന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു അസറ്റ് എന്നു പറയുന്നത്. എന്റെ നാട്ടിലെ ഭാഷ ആയതുകൊണ്ട് തന്നെ ആ ഭാഷ കൈകാര്യം ചെയ്യാൻ എനിക്ക് വളരെ എളുപ്പമായിരുന്നു. എന്നാലും ചിത്രീകരണം നടക്കുന്ന സമയത്ത് എന്റെ സീനിന്റെ ആദ്യ ടേക്ക് വരുന്നത് വരെ എനിക്ക് ഭയങ്കര പേടിയായിരുന്നു. ഡയലോഗ് തെറ്റിപ്പോകുമോ , പെർഫോമൻസ് മോശമാകുമോ തുടങ്ങിയ പേടികളൊക്കെ എന്നെ വല്ലാതെ അലട്ടിയിരുന്നു. കാരണം സിങ്ക് സൗണ്ട് ആയതുകൊണ്ട് തന്നെ ഒരു ഡയലോഗ് തെറ്റിപ്പോയാലും മൊത്തത്തിൽ ഡിലേ ആയി പോകുമെന്നുള്ള ചിന്ത വളരെ കൂടുതലായിരുന്നു . പക്ഷേ സത്യം പറയാമല്ലോ, ആദ്യമായി ആക്ഷൻ എന്ന് പറഞ്ഞതിൽ പിന്നെ ആ ടെൻഷനെല്ലാം മാറി കിട്ടി. പിന്നെ കൂളായിട്ടാണ് എല്ലാം ചെയ്തത്.


സുരേഷേട്ടനും സുമലത ടീച്ചറും തമ്മിലുള്ള കെമിസ്ട്രി.

സുരേഷേട്ടനായി അഭിനയിച്ച രാജേഷ് മാധവനെ എല്ലാവർക്കുമറിയാം. ഞങ്ങൾ രണ്ടുപേരും കാസർകോട്ടുകാരാണെങ്കിലും തമ്മിൽ പരിചയമില്ല. പരിചയപ്പെടുന്നത് ഈ സിനിമയുമായി ബന്ധപ്പെട്ടാണ്. സിനിമയുടെ സെക്കൻഡ് ഓഡിഷനിലാണ് രാജേഷ് മാധവനാണ് കാസ്റ്റിങ്ങിൽ ഉള്ളത് എന്ന് അറിയുന്നത്. രണ്ട് ഓഡിഷനും ഒരു പ്രീ ഷൂട്ടുമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പ്രീ ഷൂട്ടിൽ എന്റെ കൂടെ സുരേഷേട്ടനായി അഭിനയിക്കുന്നത് ശ്രീകാന്ത് എന്ന നടനാണ്. പിന്നീട് ഷൂട്ട് നടക്കുന്ന സമയത്ത് ഓപ്പോസിറ്റ് രാജേഷേട്ടൻ ആണെന്നൊക്കെ അറിഞ്ഞപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി. അറിയപ്പെടുന്ന ഒരു നടന്റെ പെയറായി വരുക എന്നതിന്റെ സന്തോഷവും പേടിയും എല്ലാം ഒരേസമയം ഉണ്ടായിരുന്നു. പക്ഷേ രാജേഷേട്ടൻ എന്റെ കഥാപാത്രത്തിന് മാത്രമല്ല അതിലുള്ള ഓരോ നടന്മാർക്കും വളരെ മൈന്യൂട്ടായി വരെ കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു. എങ്ങനെ അഭിനയിക്കണം എന്തെല്ലാം ചെയ്യണം എന്ന കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകിയിരുന്നു . ഇനിയിപ്പോൾ ചാക്കോച്ചൻ ആണെങ്കിൽ തന്നെ ഒരിക്കലും നമ്മളോട് 25 വർഷത്തെ അനുഭവത്തിന്റ പുറത്തുള്ള ജാഡ ഒന്നും കാണിച്ചിട്ടില്ല. വളരെ സിമ്പിൾ ആയാണ് പെരുമാറിയതൊക്കെ. മാത്രമല്ല നമുക്ക് കംഫർട്ട് ആകുന്നതുവരെ അഭിനയിക്കുവാനുള്ള സ്പേയ്സും അവർ തന്നിരുന്നു.

സുമലത ടീച്ചറെ പോലെ അത്ര വലിയ റീൽ താരമൊന്നുമല്ല ചിത്ര

സിനിമയിൽ കാണിക്കുന്ന സുമലത ടീച്ചറുടെ റീലിന് 39k ലൈക്ക് കാണിക്കുന്നുവെങ്കിൽ റിയൽ ലൈഫിലെ എന്റെ ഇൻസ്റ്റഗ്രാം റീലുകൾക്ക് ഒരു 300 ലൈക്ക് പോലും കിട്ടാറില്ല. ഒരു നേരമ്പോക്കിന് വേണ്ടി ചെയ്യുമെന്ന് അല്ലാതെ റീലിൽ ഒന്നും ഒരുപാട് അഡിക്ടഡ് ഞാൻ. എനിക്ക് തോന്നുന്നു ഈ സിനിമ ഇറങ്ങിയതിനുശേഷമാണ് എന്റെ ഒരു റീലിന് ആയിരത്തിനു മുകളിൽ ലൈക്ക് പോലും ലഭിക്കുന്നത്. അതുപോലെതന്നെ ഈ സിനിമയിലെ രസം എന്താണെന്ന് വെച്ചാൽ തിയറ്ററിൽ വച്ച് കാണുമ്പോൾ ഞാൻ പോലും ചിരിക്കുന്ന ഒരു കഥാപാത്രമാണ് ഈ സിനിമയിൽ ചെയ്യുന്നത് എന്ന കാര്യം എനിക്കറിയില്ലായിരുന്നു. റിലീസ് ചെയ്തു രണ്ടുദിവസം കഴിഞ്ഞിട്ടാണ് സിനിമ കാണുന്നത്. പലരും അതിന്റെ ഫോട്ടോസ് ഒക്കെ അയച്ചു തന്നിട്ട് ചിരിപ്പിച്ചു കൊന്നു എന്നൊക്കെ പറയുമ്പോഴും എത്രമാത്രം ആ കഥാപാത്രം ഹാസ്യമാണെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. സത്യം പറഞ്ഞാൽ എന്നെ സ്ക്രീനിൽ കണ്ടു ഞാൻ തന്നെ ചിരിച്ചു പോയി എന്നതാണ് ഏറ്റവും രസകരമായ വസ്തുത.

ആദ്യ സിനിമയിൽ ലാലേട്ടനോടൊപ്പം ഒരേ ഫ്രെയിമിൽ

ആറാട്ട്, ജനഗണമന തുടങ്ങിയ സിനിമകളിൽ ഓഡിഷൻ വഴി എത്തിയ ആളാണ് ഞാൻ. വലിയൊരു ക്രൂവിനോടൊപ്പം ചെയ്ത ചെറിയ റോളുകളായിരുന്നു രണ്ടും. വലിയ ആർട്ടിസ്റ്റുകളെ കണ്ടു മനസ്സിലാക്കുക അവരെ പഠിക്കുക തുടങ്ങിയിട്ടുള്ള എക്സ്പീരിയൻസാണ് എനിക്കവിടെ നിന്നാണ് കിട്ടിയത്. പിന്നെ ആറാട്ട് എന്ന സിനിമയെ സംബന്ധിച്ചിടത്തോളം ലാലേട്ടനൊപ്പം ഒരു ഫ്രെയിം പങ്കിടുക എന്നത് ഒരു വലിയ അനുഭവമായിരുന്നു. 'ആറാട്ടി'ൽ ഒരു പഞ്ചായത്ത് മെമ്പർ ആയിരുന്നു എന്റെ കഥാപാത്രം. പക്ഷേ അതിൽ ഡയലോഗുകൾ ഒന്നും ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ 'ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിൽ മഞ്ജു ചേച്ചി പ്രസിഡന്റിനെ കണ്ട ആ അവസ്ഥയായിരുന്നു ഞാനപ്പോൾ അനുഭവിച്ചത്. കാരണം ആ സിനിമയിൽ സെലക്ട് ചെയ്യുമ്പോഴും ലാലേട്ടനോടൊപ്പം ഒരു ഫ്രെയിമിൽ നിൽക്കേണ്ടി വരും എന്ന് ഞാൻ ചിന്തിച്ചില്ല. ലാലേട്ടനെ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ പറ്റുമോ, ലാലേട്ടനോട് ഏതെങ്കിലും കാലത്തൊന്ന് സംസാരിക്കാൻ പറ്റുമോ എന്നൊക്കെ ചിന്തിച്ചു നിൽക്കുന്ന ഒരാൾക്ക് ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണ്.


നല്ലൊരു നർത്തകിയാവുക എന്നതും ലക്ഷ്യം

ഡാൻസിനോടൊക്കെ അല്പം കൂടുതൽ താല്പര്യമുള്ളതുകൊണ്ടൊണ് സിനിമയിൽ എങ്ങനെയെങ്കിലും എത്തണമെന്ന ആഗ്രഹമൊക്കെ മനസ്സിൽ വരുന്നത്. എന്നാൽ വടക്കൻ മേഖല പോലുള്ള അല്പം ഉൾനാട്ടിലുള്ളവർക്ക് സിനിമ പോലൊരു മേഖലയിൽ എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടാണ്. നമ്മുടെ ചെറുപ്പത്തിലൊക്കെ സിനിമ എന്നല്ല കല എന്ന് പറയുന്ന മാധ്യമം പോലും പലപ്പോഴും നമ്മളെ സംബന്ധിച്ചിടത്തോളം ഏറെ വിദൂരത്താണ്. എന്നാൽ ഇന്ന് കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ സിനിമയുടെ ഓഡിഷൻ പോലും നമുക്ക് എത്തിപ്പെടാൻ പറ്റുന്ന അത്ര അടുത്തായിരുന്നു എന്നതാണ് ലഭിച്ച വലിയ ഭാഗ്യം. മുൻപ് ഞാനൊരു ഡാൻസ് ട്രൂപ്പിൽ വർക്ക് ചെയ്ത കാര്യം പറഞ്ഞില്ലേ. നമ്മുടെ പരിമിതികൾ കാരണം അന്ന് ശാസ്ത്രീയമായി നൃത്തം പഠിക്കാൻ പോലും എനിക്ക് പറ്റിയിരുന്നില്ല. എന്നാൽ ഇന്ന് ഏറെ മാറ്റം സംഭവിച്ചിട്ടുണ്ട്. ഡാൻസ് സ്കൂളുകൾ ഏറെ സജീവമായി. ഓൺലൈനായി വരെ പഠിക്കാനുള്ള സൗകര്യങ്ങൾ വന്നു. അത്തരം സൗകര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് കലകളെ എത്തിക്കാൻ പ്രാപ്തമാകുന്നുണ്ട്. രണ്ടുമാസം ആയിട്ടുള്ളൂ ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങിയിട്ട്. അതിനുള്ള അവസരവും സൗകര്യങ്ങളും ഇപ്പോൾ ലഭിക്കുന്നുണ്ട് എന്നതാണ് സത്യം.

നീലേശ്വരംക്കാരിയായ കാവ്യയെ അറിയാം

നമ്മുടെ നാട്ടുകാരിയാണ് എങ്കിലും കാവ്യ ചേച്ചിയെ അത്ര ഡീപ്പായിട്ട് ഒന്നും എനിക്കറിയില്ല. എന്റെ കസിന്റെ സ്റ്റുഡന്റും അയൽവാസിയുമായിരുന്നു ചേച്ചി. അത്രയൊക്കെ പരിചയമുള്ളൂ. പക്ഷേ ഒരു നീലേശ്വരംക്കാരി, വളരെ ക്യൂട്ടായ ഒരാൾ, ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത ആൾ എന്ന് നിലക്ക് ഒക്കെ എനിക്ക് അവരെ ഇഷ്ടമാണ്. പിന്നെ നീലേശ്വരംകാരുടെ ഭാഗത്തുനിന്ന് എനിക്കാണെങ്കിലും നല്ല പോസിറ്റീവ് ആയിട്ടുള്ള സമീപനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഞാൻ ഇങ്ങനെ സിനിമയിൽ അഭിനയിക്കുന്നു , സിനിമ ചെയ്യുന്നു എന്നുള്ള കാര്യമൊന്നും അവർക്കറിയില്ല. പെട്ടെന്ന് ഒരു ദിവസം അവർക്ക് അറിയുന്ന ഒരാളെ സിനിമയിൽ കാണുമ്പോൾ ലഭിക്കുന്ന സന്തോഷവും അഭിമാനവും അവർ നമ്മുടെ അടുത്ത് പ്രകടിപ്പിക്കുന്നുണ്ട്. അതാണ് വലിയ സന്തോഷം. പിന്നെ സുമലത ടീച്ചർ എന്ന കഥാപാത്രത്തിന് നെഗറ്റീവ് കമന്റ്സ് ഇതുവരെ വന്നിട്ടില്ല എന്നതാണ് വലിയ ആശ്വാസം.

വരും പ്രോജക്ടുകൾ

രണ്ടു പ്രൊജക്ടുകൾ വന്നു നിൽക്കുന്നുണ്ട്. പക്ഷേ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ആയിട്ടില്ല. അതിന്റെ പ്രോസസുകൾ നടക്കുന്നേയുള്ളൂ. ആ സിനിമയിൽ ഞാൻ ഉണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തമായി കൺഫർമേഷൻ ഒന്നും പറയാൻ ആയിട്ടില്ല. നടക്കും എന്നുള്ള പ്രതീക്ഷയിലാണ് മുൻപോട്ടു പോകുന്നത്.

Tags:    
News Summary - Latest Interview With Kunchacko Boban Nna Thaan Case Kodu Movie Actress Chithra Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.