ലാൽ ജോസ്​ പറയുന്നു- 'സിനിമയും ഞാനും തമ്മിൽ...'

22 വർഷം 26 സിനിമകൾ. 'ഒരു മറവത്തൂർ കനവി'ൽ തുടങ്ങി 'മ്യാവു' വരെ എത്തിനിൽക്കുകയാണ്​ സംവിധായകൻ ലാൽജോസിന്‍റെ സിനിമകളുടെ നീണ്ടനിര. എന്നിട്ടും ചെയ്യുന്ന എല്ലാ സിനിമയും തന്‍റെ ആദ്യ സിനിമയായിട്ടാണ്​ അനുഭവപ്പെടുന്നതെന്ന്​ പറയുന്നു ലാൽ ജോസ്​. തീയേറ്ററിൽ വലിയ ആഘോഷം ഉണ്ടാക്കിയ ഹിറ്റ്​ സിനിമകളുടെ സ്രഷ്​ടാവ്​ മറ്റൊന്നുകൂടി പറയുന്നു -'എനിക്ക് ആൾക്കൂട്ടത്തിന്‍റെ കൂടെയിരുന്ന്​ സിനിമ കാണാൻ പേടിയാണ്​. ഒരു സിനിമയും ചെയ്​ത്​ കഴിഞ്ഞ് എന്നെ പിന്തുടരാറില്ല. റിലീസിന് തലേ ദിവസം കണ്ടതിന് ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാവും പിന്നെ എന്‍റെ സിനിമ ഞാൻ കാണുക'. നാട്ടിൻപുറത്തിന്‍റെ നന്മയുള്ള മനുഷ്യരുടെ ജീവിതം പറയുന്ന സിനിമകളാണ്​ ലാൽ ജോസിൽ നിന്ന്​ മലയാളത്തിന്​ ലഭിച്ചത്​. നീണ്ട 22 വർഷത്തെ സംവിധായക ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും പുതിയ സിനിമകളുടെ വിശേഷങ്ങളും അദ്ദേഹം 'മാധ്യമം ഓൺലൈനു'മായി പങ്കു​​വെക്കുന്നു.

ഒരു മുതിർന്ന കുട്ടിയേക്കാൾ പ്രായമുണ്ട് എന്‍റെ ആദ്യ സിനിമക്ക്​

സിനിമ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിട്ട്​ 31 വർഷമായി. സംവിധായകനായിട്ട് 22 വർഷവും. 22 വർഷം 26 സിനിമകൾ ചെയ്​തിട്ടുണ്ട്. 22 വർഷങ്ങൾ എന്നുപറയുന്നത്​ ചെറിയ കാലമല്ല. ഇന്ന് സിനിമ ആസ്വദിക്കുന്ന കുട്ടികൾ ജനിക്കുന്നതിന് മുമ്പാണ് എന്‍റെ ആദ്യത്തെ സിനിമ. എന്‍റെ രണ്ടാമത്തെ മകളും ഞാനും ഒരുമിച്ചാണ് ആമസോണിൽ 'ഒരു മറവത്തൂർ കനവ്' കണ്ടത്. അവൾ ജനിക്കുന്നതിന് മുമ്പ്​ ഞാൻ ചെയ്ത സിനിമയാണ്. അവൾ കണ്ടിട്ടില്ലായിരുന്നു. അങ്ങിനെ നോക്കു​േമ്പാൾ ഒരു മുതിർന്ന കുട്ടിയെക്കാൾ പ്രായമുണ്ട് എന്‍റെ ആദ്യ സിനിമയ്ക്ക്. അത്രയും കാലത്തെ സഹകരണമാണ് ആളുകളുമായി. ആ അടുപ്പത്തിന് ആഴം കൂടുകയും ചെയ്യും.

ഇപ്പോൾ മനസ്സ്​ നിറയെ 'മ്യാവു'

പുതിയ സിനിമയായ 'മ്യാവു'വിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്​. റാസൽഖൈമയിലും ദുബൈയിലുമായിരുന്നു ഷൂട്ടിങ്​. ഏകദേശം 50 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങായിരുന്നു. തീയേറ്റർ റിലീസാണ് ഉദ്ദേശിക്കുന്നത്. എനിക്ക് ഏറെ സ്നേഹമുള്ള ഒരു സിനിമയാണ് 'മ്യാവു'. ഇപ്പോൾ മനസ്സ് നിറയെ ഈ സിനിമയാണ്. ഇതിലെ ആൾക്കാരും ജീവിതവുമാണ്. ഞാൻ ഇഷ്​ടപ്പെടുന്ന തരം ഒരു ഫാമിലി ഡ്രാമയാണ് 'മ്യാവു'. ദസ്തക്കറും സുലേഖയും ഡയാന എന്നു​പേരുള്ള ഒരു പൂച്ചയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഒരു കുടുംബത്തിനുള്ളിൽ മാത്രം നടക്കുന്ന കഥയാണ്. അവരുടെ ജീവിതത്തിലൂടെ മാത്രമുള്ള സഞ്ചാരം. ഒരുപാട് താരങ്ങൾ ഇല്ല. എന്‍റെ സിനിമകളിലെ സ്ഥിരം ആർട്ടിസ്റ്റുകളുമില്ല. അടിമുടി പുതുമയോടെ ഒരുക്കുന്ന സിനിമയാണ് 'മ്യാവു'. സൗബിനും മംമ്തയുമാണ് നായികയും നായകനും. സൗബിന്‍റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമാണ് ദസ്തക്കർ. പ്രവാസിയായ ഒരാളായിട്ടാണ്. ഇക്ബാൽ കുറ്റിപ്പുറമാണ് എഴുതുന്നത്.

ലാൽ ജോസും സൗബിനും 'മ്യാവു'വിന്‍റെ ചിത്രീകരണത്തിനിടെ

ഇക്​ബാലുമൊത്തുള്ള സിനിമകൾ

ഇക്ബാൽ കുറ്റിപ്പുറം എനിക്ക് ഒരു തിരക്കഥാകൃത്ത് മാത്രമല്ല. എന്‍റെ സുഹൃത്തുമല്ല. എന്‍റെ സഹോദരനാണ് അദ്ദേഹം. അത്ര അടുത്ത ബന്ധമാണ്. സിനിമ സംവിധാനം തുടങ്ങും മു​േമ്പയുള്ള ബന്ധം. പ്രായം കൊണ്ടല്ലാതെ എന്‍റെ മൂത്ത സഹോദരനാണ്. സ്നേഹം കൊണ്ട് നിയന്ത്രിക്കും. ചീത്ത പറയാനും നേർവഴിക്ക് നയിക്കാനും സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാനും ഒക്കെ പ്രാപ്തനാക്കുന്ന ആളാണ്. അദ്ദേഹം ഉള്ളതുകൊണ്ടാണ് ആദ്യമായി ഞാൻ സ്വന്തമായി ഒരു വീട് ഉണ്ടാക്കിയത്. എന്നെ മോട്ടിവേറ്റ് ചെയ്യുന്ന, ഗൈഡ് ചെയ്യുന്ന ഒരാളാണ്.

എനിക്കെന്‍റെ സിനിമ പൂർണമായി ആസ്വദിക്കാനാകില്ല

സിനിമ ചെയ്യുന്നതാണ് എന്‍റെ ആനന്ദം. ഒരു സിനിമയും ചെയ്​ത്​ കഴിഞ്ഞ് എന്നെ പിന്തുടരാറില്ല. ഒരു സിനിമയുടെ ചർച്ച മുതൽ നമ്മൾ സജീവമായിട്ട്​ അതിന്‍റെ കൂടെയുണ്ടല്ലോ, സ്വയം സമർപ്പിച്ച് തന്നെ. റിലീസ് കഴിഞ്ഞാൽ അത് വിട്ടുകളയും. ഓരോ സിനിമ ചെയ്യുമ്പോഴും ആ കഥയുമായി ആഴത്തിൽ സൗഹൃദമാകും. ഇപ്പോൾ എന്‍റെ മനസ്സിൽ ദസ്തക്കറും സുലേഖയും അവരുടെ മക്കളും ഡയാന എന്ന അവരുടെ പൂച്ചയുമാണ്. മനസ്സിൽ അവരോടാണ് ഏറ്റവും സ്നേഹം ഇപ്പോൾ. സ്നേഹം മാറി മാറി വരും. പിന്നെ ഡിറ്റാച്ച്ഡ് ആകും. ഞാൻ എന്‍റെ സിനിമ കാണു​​േമ്പാൾ അതിലെ മിസ്​റ്റേക്കു​കളാകും കൂടുതൽ ശ്രദ്ധിക്കുക. എനിക്കെന്‍റെ സിനിമ പൂർണ്ണമായും ആസ്വദിക്കാൻ പറ്റില്ല.

പക്ഷേ, മറ്റുള്ളവരുടെ സിനിമ ഞാൻ നന്നായി ആസ്വദിക്കും. റിലീസിന് തലേദിവസം കണ്ടതിന് ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാവും പിന്നെ എന്‍റെ സിനിമ ഞാൻ കാണുക. സ്വന്തം സിനിമകളിൽ ചിലതു മാത്രമാണ് തീയേറ്ററിൽ പോയി കണ്ടിട്ടുള്ളത്​. അസിസ്റ്റൻസും കൂട്ടുകാരുമൊക്കെ ഉണ്ടെങ്കിൽ അവരുടെ കൂടെ പോകും. നിർബന്ധിച്ചാൽ പോകും എന്നല്ലാതെ എനിക്ക് ആൾക്കൂട്ടത്തിന്‍റെ കൂടെയിരുന്ന് സിനിമ കാണാൻ പേടിയാണ്. എല്ലാവരുടേയും അഭിപ്രായം ഒക്കെ കേട്ട് എല്ലാവരും എൻജോയ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാൽ പോകും.


എല്ലാ സിനിമയും എനിക്ക് ആദ്യ സിനിമയാണ്

ഞാൻ അസിസ്റ്റന്‍റായിരുന്ന സമയത്ത് ഒരു പടം സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്നില്ല, ആലോചിച്ചിട്ടുമില്ല. അസിസ്റ്റന്‍റ്​ ആയിരുന്നപ്പോൾ ഞാനാ ജോലി ആസ്വദിക്കുകയായിരുന്നു. സിനിമ സംവിധാനം പ്ലാൻ ചെയ്​ത്​ വന്ന ആളല്ല. മാന്വൽ കളർ പ്രോസസ്സിങ്​ പഠിക്കാനാണ് മദ്രാസിലേക്ക് പോകുന്നത്, ഡിഗ്രി കഴിഞ്ഞിട്ട്. ഗൾഫിൽ പോകുന്നതായിരുന്നു ലക്ഷ്യം. യാഥൃശ്ചികമായി സിനിമയിൽ എത്തിയതാണ്. 'പ്രാദേശിക വാർത്തകൾ' എന്ന സിനിമയിൽ ജോലി ചെയ്​തപ്പോഴാണ്​ മനസ്സിലാകുന്നത് എനിക്ക് ഏറ്റവും നല്ല മേഖല സിനിമ ആണ് എന്നത്. അതിന്‍റെ കാരണം ബോറടി ഇല്ല എന്നതാണ്. നമ്മുടെ ആലോചനകളിൽ ഒരു കഥ ഉണ്ടാകുന്നു. പിന്നെ ഒരു തിരക്കഥയായി രൂപപ്പെടുന്നു. അപ്പോൾ നമ്മുടെ മനസ്സിൽ ഒരു സിനിമ ഉണ്ടാകും. പിന്നെ ആക്ടേഴ്സ് വന്ന് കഥാപാത്രങ്ങളാകുന്നതോടെ നമ്മൾ വിചാരിക്കുന്ന പോലെയല്ലാതെ മാറ്റം ഉണ്ടാകുന്നു. കുറേ ഒഴിവാക്കും. കുറേ കൂട്ടിച്ചേർക്കും. ഇതെല്ലാം കഴിഞ്ഞ് എഡിറ്റിങ്​ ടേബിളിൽ വരുമ്പോൾ വീണ്ടും സിനിമ മാറുന്നു.

നമ്മൾ വിചാരിക്കാത്ത അർഥത്തിൽ സിനിമ മാറും. എഡിറ്റിങ്​ കഴിഞ്ഞ് മ്യൂസിക് ചേരുന്നു. ഇതുവരെ കണ്ടതിനേക്കാൾ ഡിഫറന്‍റായ ഒന്നാകും അപ്പോൾ സിനിമ. ഫൈനൽ മിക്സിങ്ങിന് ഇഫക്ട്​സും കളറും ഒക്കെയായി സിനിമയുടെ രൂപവും സ്വഭാവും ഭാഷയും ഒക്കെ കൃത്യമായി മാറിയിരിക്കും. അപ്പോൾ ചിലപ്പോൾ നമുക്ക് ബോറടിച്ച് തുടങ്ങിയിട്ടുണ്ടാവും. കഥ ചർച്ച മുതൽ കംപ്ലീറ്റ് ഫോമിലായി കഴിയുന്നതുവരെ വലിയ ഒരു യാത്രയാണ്. കുറേ ആളുകളിലൂടെ, അവരുടെ സ്വപ്നങ്ങളിലൂടെ, പ്രതീക്ഷകളിലൂടെ ഒരുക്കി ഒരുക്കി പാകപ്പെടുത്തുകയാണ്‌. റിലീസോടെ സിനിമ നമ്മളെ വിട്ടു പോവുകയാണ്. മാസങ്ങളായി നമ്മുടെ തലയിൽ ഉണ്ടായിരുന്ന ഒരു കാര്യം നമ്മളിൽ നിന്ന് ഇറങ്ങി ആളുകളുടേതായി മാറും. നമ്മൾ അപ്പോൾ അടുത്ത കഥ സ്വപ്നം കണ്ട് തുടങ്ങും. വീണ്ടും ഇതേ തുടർച്ച. അപ്പോൾ ബോറടിക്കില്ല. വീണ്ടും വീണ്ടും പുതിയതാണ്. എല്ലാ സിനിമയും ആദ്യത്തെ സിനിമയാണ്. എല്ലാ കഥയും ആദ്യമായി പറയുകയാണ് എന്ന്​ തോന്നും. സിനിമയ്ക്ക് എപ്പോഴും നിലനിൽക്കുന്ന ഒരു ഫ്രഷ്നസ്സ് ഉണ്ട്. അത് തന്നെയാണ് ഇതൊരു പൊഫഷനാക്കാനുള്ള കാരണം.


പരാജയങ്ങളാണ് എന്നെ നല്ല പാഠങ്ങൾ പഠിപ്പിച്ചത്

ഒരു സിനിമയുടെ വിജയം നമ്മൾ ഉണ്ടാക്കുന്നതല്ലല്ലോ. പ്രേക്ഷകരുടെ ഇഷ്ടവുമായി യോജിച്ച് പോകുമ്പോഴാണ് പലതും ഹിറ്റാവുന്നത്. ആളുകൾക്ക് ഇഷ്ടമാകുമോയെന്നല്ല ഒരു സിനിമയുടെ തുടക്കത്തിൽ ഞാൻ ചിന്തിക്കുന്നത്. എനിക്ക് ഈ സിനിമ ആസ്വദിക്കാൻ പറ്റുന്നുണ്ടോ എന്ന് നോക്കും. എന്‍റെയും പബ്ലിക്കിന്‍റെയും വേവ് ലങ്​ത്​ ഒന്നാകുമ്പോൾ ഹിറ്റാകുന്നു. പക്ഷേ, പരാജയങ്ങളാണ് എന്നെ നല്ല പാഠങ്ങൾ പഠിപ്പിച്ചത്.

പരാജയങ്ങൾ താത്​ക്കാലികമായി തകർക്കും. കാരണം ഓരോ സിനിമയ്ക്ക് പിന്നിലും അത്ര മാത്രം പ്രയത്​നം ഉണ്ട്. 'മറവത്തൂർ കനവി'ന്‍റെ കഥ, തിരക്കഥ രണ്ടു വർഷമാണ്​ ശ്രീനിയേട്ടനുമായി ചർച്ച ചെയ്യ്തത്. 35 ദിവസം കൊണ്ട് ഷൂട്ട് തീർത്ത ആ സിനിമയുടെ പ്രീ പ്രൊഡക്ഷൻ രണ്ട്​ വർഷമായിരുന്നു. അത് വിജയിച്ചു എന്ന് പറയുമ്പോൾ സന്തോഷമാണ്. നിർമ്മാതാവും ഹാപ്പിയാകും. പിന്നെ ഒരു വർഷം എടുത്തിട്ടാണ് 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമ. അതു തരക്കേടില്ലാതെ കളക്ട് ചെയ്തു.

അതു കഴിഞ്ഞ് ഒന്നര വർഷം നീണ്ട ഷൂട്ടിങ്ങായിരുന്നു 'രണ്ടാം ഭാവം'. പല പല ഷെഡ്യൂളുകളായി ഒരു പാട് ഫിനാൻഷ്യൽ സ്ട്രയിനും സ്ട്രസ്സും എടുത്ത് ചെയ്​ത പടമായിരുന്നു. അത് തീയേറ്ററിൽ എത്തുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, സിനിമ പരാജയപ്പെട്ടു. ഞാൻ തകർന്ന് പോയി. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ താത്​ക്കാലികമാണ്. പരാജയങ്ങളാണ് എന്നെ നല്ല പാഠം പഠിപ്പിച്ചിട്ടുള്ളത്. 'രണ്ടാം ഭാവ'ത്തിന്‍റെ എല്ലാ പാരാജയ കാരണങ്ങളും ശ്രദ്ധിച്ചാണ് 'മീശമാധവൻ' ചെയ്​തത്. ആ സിനിമയുടെ പരാജയമാണ് 'മീശ മാധവന്‍റെ' വലിയ വിജയം. പക്ഷേ 'മീശ മാധവന്' ശേഷം ചെയ്​ത 'പട്ടാള'വും 'രസികനും' വിജയിച്ചില്ല. അപ്പോൾ പരാജയങ്ങൾക്ക് എന്തൊക്കെയോ കാരണങ്ങൾ ഉണ്ട്. അത് നമുക്ക് പൂർണ്ണമായി കണ്ടെത്താൻ ഒരിക്കലും കഴിയില്ല. മാറി മാറി വരുന്ന വിജയ പരാജയങ്ങൾ എന്നെ ഒരു ബാലൻസ്ഡ് മനുഷ്യനാക്കി തീർത്തു. വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കാതെയും പരാജയങ്ങളിൽ തളർന്ന് പോകാതെയും നിൽക്കുന്ന ഒരാളാകാൻ എനിക്ക് കഴിഞ്ഞു.

ഫോ​ട്ടോ: ജിഷിൽ. കടപ്പാട്​: laljose facebook page

ആളുകളെ തിരിച്ചറിയാൻ പരാജയങ്ങൾ സഹായിച്ചിട്ടുണ്ട്​

സിനിമ എപ്പോഴും വിജയിയുടെ കൂടെയുള്ള ഒരു പ്രസ്ഥാനമാണ്. നമുക്ക് ആളുകളെ തിരിച്ചറിയാനും അവരുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ തിരിച്ചറിയാനും പരാജയങ്ങൾ സഹായിക്കും. അടുത്ത പടം ചെയ്യാൻ സ്വഭാവികമായും ആവേശമാണ്. സിനിമ വിജയിക്കണം, സങ്കടങ്ങൾ സന്തോഷമാകണം, നഷ്ടപ്പെട്ട സൗഹൃദങ്ങൾ തിരിച്ചു പിടിക്കണം എന്ന ആഗ്രഹം കൂടി ഉണ്ടാകും അടുത്ത സിനിമ ചെയ്യാൻ. പിന്നെ ഒരുപാട് സ്നേഹം കാണിക്കുന്നവരുടെ സ്നേഹം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം എന്ന തിരിച്ചറിവുണ്ടാകും. അതൊക്കെ പരാജയങ്ങൾ തരുന്ന പാഠങ്ങളാണ്.

പിന്നെ ഓരോ സിനിമയും റിലീസ് ചെയ്യുന്ന കാലം വളരെ പ്രധാനമാണ്. ആ സമയത്ത് ഒപ്പം വരുന്ന മറ്റ് സിനിമകൾ ഒക്കെ പരാജയത്തിന് കാരണമാണ്. 'പട്ടാള'ത്തിന്‍റെ സമയത്താണ് 'ബാലേട്ടൻ' വരുന്നത്. അത് വലിയ വിജയമായിരുന്നു. സ്വഭാവികമായും വലിയ അഭിപ്രായം കേൾക്കുന്ന സിനിമയാകും പ്രേക്ഷകർ ആദ്യം തെരഞ്ഞെടുക്കുക. 'പട്ടാളം' എന്ന പേര് കേട്ട് ആളുകൾ മമ്മൂട്ടിയുടെ 'സൈന്യം' പോലെയോ 'നായർസാബ്' പോലെയോ ഉള്ള സിനിമയാകും എന്ന് കരുതി. ആ പ്രതീക്ഷയിൽ വന്നിട്ട് ഒരു തമാശ സിനിമ കണ്ടപ്പോൾ ആളുകൾക്ക് വലിയ ഷോക്കായി.

പ്രതീക്ഷ തകരുമ്പോൾ പെട്ടെന്ന് ആളുകൾ തിരിച്ച് റിയാക്ട് ചെയ്യും. അത് സ്വഭാവികമാണ്. അതാണ് 'പട്ടാള'ത്തിന് സംഭവിച്ചത്. പിന്നെ ടി.വിയിൽ വരുമ്പോൾ പ്രത്യേകിച്ച് പ്രതീക്ഷ ഒന്നും വെച്ചിട്ടല്ലല്ലോ കാണുന്നത്. അപ്പോൾ 'പട്ടാളം' അവർക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ട്. 100 ദിവസത്തോളം ഷൂട്ട് ചെയ്​ത സിനിമ ആയിരുന്നു. ഒരു പാട് സ്ട്രയിൻ എടുത്ത് ചെയ്​ത സിനിമയായിരുന്നു. 'രണ്ടാംഭാവ'ത്തിനും ഇത് തന്നെയാണ് സംഭവിച്ചത്. ആക്ഷൻ സിനിമ പ്രതീക്ഷിച്ച് വന്ന പ്രേക്ഷകർക്ക് നിരാശയായി. അത് ഒരു ഫാമിലി ഡ്രാമയാണ്. ഫാമിലി സിനിമ ഇഷ്ടപ്പെടുന്നവർ ഇത് ഒരു ആക്ഷൻ സിനിമയാണെന്ന് കരുതി കയറിയതുമില്ല. ആദ്യം ആക്ഷൻ സിനിമ പ്രതീക്ഷിച്ച് വന്നവർ ഇതൊരു തല്ലിപ്പൊളി പടം എന്ന് പറഞ്ഞു. റിയൽ ഓഡിയൻസിനെ ടാർഗറ്റ് ചെയ്യുന്നതിൽ ആ പടത്തിന്‍റെ പബ്ലിസിറ്റി ഗ്രൂപ്പിന് കഴിഞ്ഞില്ല. ഇത് പല സിനിമകളുടെ പരാജയത്തിനും കാരണമാണ്. 'പട്ടാളം' കോമഡി പടമാണെന്ന് തോന്നണം എന്ന് കരുതി ഞാൻ മമ്മൂട്ടി ഒരു നെറ്റിൽ തലകീഴായി കിടക്കുന്ന ഫോട്ടോയാണ് ആദ്യം കൊടുത്തത്. പക്ഷേ ഞാൻ വിചാരിച്ചതിന് വിപരീതമായി അതൊരു തമാശയായി എടുക്കുന്നതിന് പകരം ആൾക്കാർ അതൊരു ആക്ഷൻ സ്വീകൻസായി കരുതി.

ലാൽ ജോസും ഭാര്യ ലീനയും 29ാം വിവാഹ വാർഷികാഘോഷ വേളയിൽ

എന്‍റെ എല്ലാ നായിക കഥാപാത്രങ്ങളെയും മനസ്സിൽ പ്രണയിക്കും

റിയാലിറ്റിയേക്കാൾ ഭാവനയിലാവും പ്രണയം മനോഹരമാകുന്നത്. കഥ ആലോചിച്ച് തുടങ്ങുമ്പോൾ മുതൽ അതിലെ ഓരോ കഥാപാത്രത്തിനോടും വല്ലാത്ത അടുപ്പമായിരിക്കും. എന്‍റെ സിനിമയിലെ എല്ലാ നായികാ കഥാപാത്രത്തിനോടും മനസ്സിൽ പ്രണയം തോന്നിയിട്ടുണ്ട്​. പഠിക്കുന്ന കാലത്ത് മനസ്സിൽ അടക്കിവെച്ചിട്ടുള്ള പ്രണയമായിരുന്നു എ​േന്‍റത്. അങ്ങനെയുള്ള പ്രണയത്തിന് ഭാവന കൂടും. ഭയങ്കര ഇമാജിനേഷൻസ് ഉണ്ടാവും. റിയാലിറ്റിയിൽ ചിലപ്പോൾ ഇത്രയ്ക്ക് റൊമാൻസൊന്നും ഉണ്ടാകില്ല. പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. എന്‍റെ പ്രണയം ഒരിക്കലും പൂവിട്ടിട്ടില്ലാത്ത കൊണ്ട് ഭാവനയ്ക്കാണ് സാധ്യത. അത് കുറച്ചുകൂടെ മനോഹരമായിക്കുമെന്നാണ്‌ എനിക്ക് തോന്നീട്ടുള്ളത്.

എന്‍റെ ചില നായിക കഥാപാത്രങ്ങൾ തിരിച്ചറിയപ്പെടാത്തതിനാൽ ധാരാളം വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്​. ഉദാഹരണത്തിന്​ 'വിക്രമാദിത്യനി​'ലെ ദീപിക. ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്. വളരെ സത്യസന്ധയായ പെണ്ണ്. അവളുടെ ആദ്യത്തേയും അവസാനത്തേയും പ്രണയമാണ് ആദിത്യൻ. വിക്രമൻ അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്. ജീവിതത്തിൽ പരാജയപ്പെട്ട ആദിത്യ നാട് വിട്ടുപോകുന്നു. അവനു വേണ്ടി അവൾ അന്വേഷിക്കുന്നുണ്ട്. ഒരു സാധാരണ വീട്ടിലെ പെൺകുട്ടിയാണ് ദീപിക. നമ്മുടെ നാട്ടിലെ കൂടുതൽ പെൺകുട്ടികളും ഒരുപാട് പരിമിതികളിൽ ജീവിക്കേണ്ടി വരുന്നവരാണ്. ചുറ്റുപാടുകളെ കണ്ട് സ്വയം ചുരുങ്ങും. അല്ലെങ്കിൽ സമൂഹം അവരെ അങ്ങനെയാക്കും. സമൂഹം വരച്ച വഴിയിലൂടെ നടക്കണം, ഇല്ലെങ്കിൽ അവൾ കുഴപ്പക്കാരിയാണ്. കുറച്ചു ദിവസങ്ങളായി കേരളം കുറേ പെൺകുട്ടികളുടെ ആത്മഹത്യകൾ കാണുന്നു. നമ്മൾ സങ്കടപ്പെടുകയും സഹതപിക്കുകയും ചെയ്യുന്നു. പിന്നെയോ? അത് മറക്കുന്നു. കുറച്ച് ദിവസം മുമ്പ്​ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മഹത്യ നടന്നില്ലേ? വലിയ സ്ത്രീധനം കൊടുത്താണ്​ ഉയർന്ന വിദ്യാഭ്യാസം ഉള്ള ആ പെൺകുട്ടിയെ വിവാഹം കഴിച്ചയച്ചത്​. അച്ഛനും ആങ്ങളയും ഒക്കെയുണ്ട്.

അവളെ വിവാഹം കഴിച്ച ആൾ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ടും അവൾക്ക് ജീവിക്കാൻ കഴിഞ്ഞില്ല. ആർക്കും അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. ജീവിതം ചിലപ്പോൾ അങ്ങനെയാണ്. പുറമേ നിന്ന് നോക്കുന്നവർക്ക് അത് പറയാം. അത്ര ഈസിയല്ല ഒന്നും. മറ്റുള്ളവരുടെ അന്വേഷണങ്ങളിലാണ് പല പെൺകുട്ടികളുടെയും ജീവിതം തീരുമാനമാകുന്നത്. ഇതിനോട് ചേർന്ന് പോകാതെ സ്വന്തം ഇഷ്​ടം തിരഞ്ഞെടുത്തവളാണ് ദീപിക. വിക്രമനോട് അവൾക്ക് പ്രണയമല്ല. അവളുടെ നിസ്സഹായവസ്ഥ കണ്ടിട്ട് വിക്രമൻ പറയുന്നതാണ് വിവാഹം കഴിക്കാമെന്ന്. ആദിത്യൻ മടങ്ങി വരുമ്പോൾ ദീപിക പറയുന്നത് വിക്രമന് വാക്ക് കൊടുത്തു എന്നാണ് അല്ലാതെ എനിക്ക് അവനോട് പ്രണയം തോന്നുന്നുണ്ട് എന്നല്ല. അവൾ ആഗ്രഹിച്ച ജീവിതം കിട്ടുമ്പോൾ അത് ഉപേക്ഷിക്കണം. അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാൻ ഇഷ്​ടപ്പെടുന്നവർക്കാണ്​ ദീപിക എന്ന കഥാപാത്രം തെറ്റാകുന്നത്. 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ രാധ സങ്കടം ഉള്ളിലൊതുക്കി ഭർത്താവിനെ സ്നേഹിക്കാൻ തുടങ്ങുന്നവളാണ്. എല്ലാത്തരം മനുഷ്യരും ഉണ്ട്. ഒന്നും തെറ്റല്ല.


തീയേറ്ററിന്‍റെ ആരവം എല്ലാവരും മിസ്സ്​ ചെയ്യുന്നു

ഞാൻ ചെയ്യുന്നത് ജീവിതവുമായി വളരെ അടുത്ത് നിൽക്കുന്ന സിനിമകളാണ്. ആളുകൾക്ക് പരിചയമുള്ള കഥാപാത്രങ്ങളെയാണ് ഞാൻ അവതരിപ്പിക്കാറ്. പിന്നെ എന്‍റെ ശൈലി വേറെയാണ്. സിനിമാറ്റിക്കായിട്ടാണ് ഞാൻ പ്രസന്‍റ്​ ചെയ്യുന്നത്. സിനിമയ്ക്ക് സിനിമയുടേതായ ഒരു ലോജിക്ക് വേണം. എന്‍റെ കഥാപാത്രങ്ങൾ എല്ലാം റിയൽ ആണ്. അമാനുഷിക ശക്തിയുളള ആരും ഇല്ല. ഡ്രാമാറ്റിക്കായ ധാരാളം സിനിമകൾ വന്ന സമയത്താണ് ഞാൻ 'മറവത്തൂർ കനവു'മായി വരുന്നത്. അന്നത് പുതുമയായതു കൊണ്ട് ആളുകൾ സ്വീകരിച്ചു. എന്ന് കരുതി ആ സമയത്ത് ഇറങ്ങിയ മറ്റ് സിനിമകൾ അവർ സ്വീകരികാതെയോ ആഘോഷിക്കാതെയോ ഇരുന്നില്ല. ഇവിടെ തീയേറ്റർ നിറയ്ക്കുന്ന പല സിനിമകളും റിയലിസ്റ്റിക്​ എന്ന് അവകാശപ്പെടുന്ന സിനിമകൾ മാത്രമല്ല. എങ്ങനെ പ്രസന്‍റ്​ ചെയ്യുന്നു എന്നത് പ്രധാനമാണ്. തീയേറ്ററിന്‍റെ ആരവമാണ് എല്ലാവരും ഇന്ന് മിസ്സ് ചെയ്യുന്നത്. ആ കാലം തിരിച്ചെത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മാറ്റങ്ങൾ വരുമ്പോൾ ജനം സ്വീകരിക്കും. സാങ്കേതികമായും ഇന്ന് സിനിമയിൽ ധാരാളം മാറ്റം വന്നു. കഥയിലും അഭിനേതാവിലും ഒക്കെ പല സ്ഥിരം കാഴ്ചപ്പാടുകളും മാറി. അതിന്‍റെ എല്ലാം പോസിറ്റീവ് വശങ്ങൾ ഉൾക്കൊണ്ട് എ​േന്‍റതായ കഥ പറയാനാണ് ഞാൻ ശ്രമിക്കുന്നത്.


ഞാൻ ചീത്ത വിളിച്ചിട്ടുള്ള നടന്മാർ ചുറ്റും നിന്ന് കൂവുന്നപോലെ തോന്നും

നടൻ എന്ന് എന്നെ വിളിക്കാറായിട്ടില്ല. അഭിനയം വളരെ ഇഷ്​ടമാണ്. ചെറിയ ചെറിയ വേഷങ്ങളിൽ വന്ന് പോകുന്നത്​ അതുകൊണ്ടാണ്​. നമ്മുടെ പേരക്കിടാക്കൾക്ക് മക്കളൊക്കെ ഉണ്ടാകുമ്പോൾ കാണിച്ചു കൊടുക്കാല്ലോ, ഇതാണ് നിങ്ങളുടെ ഗ്രേറ്റ് ഗ്രാന്‍റ്​ ഫാദർ എന്ന്. അതിന് സിനിമ പോലെ കാലത്തെ ജയിച്ച ഒരു കലാരൂപം വേറെയുണ്ടോ? രൂപം തന്നെ കാണുകയല്ലേ. 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമയിലാണ് ആദ്യം മുഖം കാണിക്കുന്നത്‌. കുറേ പേർ ഒരുമിച്ച് ഇരിക്കുന്നു. ദിലീപും ഞാനും ഒക്കെ ഉണ്ട്. അതിൽ എനിക്ക് ചെറിയ ഒരു ഡയലോഗും കിട്ടി.

പിന്നെ എല്ലാവരും ശ്രദ്ധിച്ച 'അഴകിയ രാവണനി'ലെ തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കുന്ന സീൻ. ആ സിനിമയിൽ ഞാൻ കമൽ സാറിന്‍റെ അസിസ്റ്റൻറായിരുന്നു. ആ സീനിൽ ഞാൻ എന്‍റെ ജോലി തന്നെയാണ് ചെയ്തത്. സെറ്റിൽ ഞാൻ പൊതുവെ സ്ട്രിക്ടായ ഡയറക്ടറാണ്. അഭിനയിക്കാൻ നിൽക്കുമ്പോൾ ഞാൻ ചീത്ത വിളിച്ചിട്ടുള്ള നടന്മാർ എനിക്ക് ചുറ്റും നിന്ന് കൂവാനും കൈയടിക്കാനും നിൽക്കുന്ന പോലെ തോന്നും അഭിനയിക്കു​േമ്പാൾ.


'വിക്രമാദിത്യ​'ന്‍റെ രണ്ടാം ഭാഗം

വേറൊരു അന്തരീക്ഷത്തിൽ വേറൊരു രീതിയിലുള്ള സിനിമയായി 'വിക്രമാദിത്യ'ന്‍റെ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നുണ്ട്​. ചർച്ചകൾ നടക്കുന്നു. കഥയായിട്ടുണ്ട്. ഇത്തവണ ഒരു പുതിയ ക്യാരക്ടർ കൂടി വരും. ഒരു നായകൻ കൂടി. പിന്നെ രണ്ടാം ഭാഗത്തിന് സാധ്യതയുള്ള സിനിമയാണ് 'വിക്രമാദിത്യൻ'. ആ സിനിമ അവസാനിക്കുന്നത് രണ്ടുപേരും വിജയിച്ചിട്ടാണ്. വിക്രമന്‍റെ ലക്ഷ്യം പൊലീസ് ഇൻസ്പെക്ടർ ആകുകയായിരുന്നു. അത് അവൻ നേടി. അവിടെ പരാജയപ്പെട്ടു എന്ന് കരുതുന്ന ആദിത്യൻ അതിലും വലിയ ലക്ഷ്യത്തിൽ എത്തിച്ചേരുന്നു. അയാൾ തിരിച്ചുവരുന്നു. രണ്ടു പേരും വിജയിച്ചു. വിജയം കഥയുടെ അവസാനമല്ലല്ലോ. സന്തോഷം മാത്രമാവില്ല ജീവിതത്തിനുള്ളത്. നിന്നോടൊപ്പം എത്താൻ ഓട്ടം തുടരുവാണ് എന്നാണ് വിക്രമൻ ആദിത്യനോട് പറയുന്നത്. അപ്പോൾ ആ ഓട്ടത്തിൽ കുറേ കാര്യങ്ങൾ വരും. കഥയിൽ പിന്നെ എന്താവും ഉണ്ടായിട്ടുള്ളത് എന്ന് ആലോചിക്കും. ഇക്ബാലും ആലോചിക്കാറുണ്ടായിരുന്നു. 

Tags:    
News Summary - Lal Jose talks about films and life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.