കഴിഞ്ഞ ദിവസമാണ് താരദമ്പതികളായ കത്രീനയും വിക്കി കൗശലും തങ്ങൾക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. നിരവധിപ്പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്. ഇപ്പോഴിതാ, കരൺ ജോഹർ ഇവരുവർക്കും ആശംസകൾ പങ്കുവെച്ചിരിക്കുകയാണ്. പേരന്‍റിങ്ങിന്‍റെ മാന്ത്രിക ലോകത്തേക്ക് സ്വാഗതമെന്നാണ് കരൺ ജോഹർ കുറിച്ചത്.
ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ദമ്പതികളുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. 'അതിമനോഹരമായ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ, ഇതാണ് ഏറ്റവും നല്ല വാർത്ത!!!! അനുഗ്രഹീതനായ ആൺകുഞ്ഞിന് അനുഗ്രഹങ്ങൾ... പേരന്‍റിങ്ങിന്‍റെ മാന്ത്രിക ലോകത്തേക്ക് സ്വാഗതം' -കരൺ ജോഹർ എഴുതി.
കുഞ്ഞ് പിറന്ന സന്തോഷം കത്രീനയും വിക്കി കൗശലും സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ സന്തോഷം എത്തി. നിറഞ്ഞ മനസോടെയും വളരെയധികം നന്ദിയോടെയും ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് താരങ്ങൾ വാർത്ത സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
കഴിഞ്ഞ ഡിസംബർ 23നാണ് താരങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വാർത്ത ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിന്‍റെ ഏറ്റവും നല്ല അധ്യായത്തിലേക്ക് കടക്കുകയാണ് എന്ന കുറിപ്പോടെയായിരുന്നു വാർത്ത പങ്കിട്ടത്. 2021 ഡിസംബർ ഒമ്പതിന് ആയിരുന്നു വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹം.
രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന് വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് ക്ഷണിച്ചത്. വളരെ സ്വകാര്യമായി നടന്ന താരവിവാഹത്തിന് മാധ്യമങ്ങൾക്കും വിലക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.