പാരഡി വിഡിയോ തെറ്റിദ്ധരിച്ച് ഖത്തർ എയർവേയ്സ് സി.ഇ.ഒയെ തെറിപറഞ്ഞ് കങ്കണ; താരത്തിന് പറ്റിയ അമളിയറിയാം

ന്യുഡൽഹി: വിവാദ പരാമർശങ്ങളുടെയും തുറന്ന ഹിന്ദുത്വ സമീപനങ്ങളുടെയും പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. എന്നാൽ ഇപ്രാവശ്യം നടിക്ക് പറ്റിയ ഒരു അമളിയുടെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ കങ്കണ ചർച്ചയാകുന്നത്. ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബറിന്‍റെ പാരഡി വിഡിയോ യഥാർഥമാണെന്ന് തെറ്റിദ്ധരിച്ച് നടി പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്.

ഖത്തർ എയർവേയ്സ് സി.ഇ.ഒയെ വിഡ്ഢിയെന്ന് വരെ ഇന്‍റസ്റ്റഗ്രാം സ്റ്റോറിയിൽ താരം വിളിക്കുന്നുണ്ട്. എന്നാൽ കങ്കണ പങ്കുവെച്ച വിഡിയോ ഡബ്ചെയ്താണെന്ന് നെറ്റിസൺസ് തെളിയിച്ചതോടെ താരം വെട്ടിലായിരിക്കുകയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ നൂപൂർശർമ്മക്ക് പൂർണ പിന്തുണ നൽകിയ താരം വികാരക്ഷോഭത്തിൽ വിഡിയോ യഥാർഥമാണോ വ്യാജമാണോയെന്ന് അന്വേഷിക്കാന്‍ ശ്രമിക്കാത്തതിനെ നെറ്റിസൺസ് പരിഹസിച്ചു. താരം സ്റ്റോറി സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തെങ്കിലും അതിനിടയിൽ തന്നെ സ്ക്രീന്‍ ഷോട്ടുകൾ പ്രചരിച്ചിരുന്നു.

കഴിഞ്ഞദിവസം ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് വാസുദേവ് എന്നയാൾ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പാരഡിയായി മറ്റൊരു ഉപയോക്താവ് നിർമ്മിച്ച വിഡിയോയാണ് താരത്തെ വെട്ടിലാക്കിയത്. ഇന്ത്യക്കാർ ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കുമെന്ന പ്രസ്താവനയിൽ ഖത്തർ എയർവേയ്‌സ് മേധാവിയുമായി അൽ ജസീറ ജേണലിസ്റ്റ് നടത്തിയ അഭിമുഖം എന്ന നിലക്കാണ് പാരഡി വിഡിയോ ഡബ് ചെയ്തത്.

തങ്ങളുടെ പ്രധാന ഷെയർ ഹോൾഡറായ വാസുദേവ്, എയർവേയ്സ് ബഹിഷ്കരിക്കുമെന്ന പ്രസ്താവന ഇറക്കിയതോടെ ഇനി എങ്ങനെ പ്രവർത്തിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് സി.ഇ.ഒ പറയുന്നതായാണ് വിഡിയോയിൽ ഡബ്ചെ‍യ്തിരുന്നത്. പരിഹാസ രൂപേണ സി.ഇ.ഒ വാസുദേവിനോട് ബഹിഷ്കരണം പിന്‍വലിക്കാന്‍ അഭ്യർഥിക്കുന്നതായും വിഡിയോയിൽ കാണിച്ചിരുന്നു.

എന്നാൽ ഇത് പാരഡി വിഡിയോയാണെന്ന് തിരിച്ചറിയാതെ കങ്കണ വിഡിയോക്കെതിരെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുകയായിരുന്നു. ദരിദ്രനായ ഒരു വ്യക്തിയെ കളിയാക്കാന്‍ ഈ വിഡ്ഢിക്ക് ഒരു മടിയുമില്ലെന്ന് താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലെഴുതി.


'​​നിങ്ങളെപ്പോലുള്ള ഒരു പണക്കാരനെ സംബന്ധിച്ചിടത്തോളം വാസുദേവ് ദരിദ്രനും നിസ്സാരനുമായിരിക്കാം. പക്ഷേ അവന്റെ സങ്കടവും വേദനയും നിരാശയും ഏത് സാഹചര്യത്തിലും പ്രകടിപ്പിക്കാൻ അവന് അവകാശമുണ്ട് . ഈ ലോകത്തിനപ്പുറം നാമെല്ലാവരും തുല്യരായ ഒരു ലോകമുണ്ടെന്ന് ഓർക്കുക .," തുടങ്ങിയ നിരവധി പ്രതികരണങ്ങൾ താരം പങ്കുവെച്ചിരുന്നു.

ഇത്തരത്തിലുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് മുമ്പ് ആരായാലും ആ വിഡിയോയുടെ നിജസ്ഥിതി പരിശോധിക്കാന്‍ ശ്രമിക്കില്ലേയെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

Tags:    
News Summary - Kangana Ranaut Falls For Spoof Video, Calls Qatar Airways Chief "Idiot Of A Man"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.