കമാലിനി മുഖർജി
ബോളിവുഡ്, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് കമാലിനി മുഖർജി. എന്നാൽ തെലുങ്ക് പ്രേക്ഷകർ നടിയെ ബിഗ് സ്ക്രീനിൽ കണ്ടിട്ട് കുറച്ചു കാലമായി. 2014ൽ പുറത്തിറങ്ങിയ ഗോവിന്ദുഡു അന്ദാരിവഡേലെ എന്ന തെലുങ്ക് ചിത്രമാണ് കമാലിനി മുഖർജിയുടെ അവസാന തെലുങ്ക് ചിത്രം. ചിത്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2000കളുടെ തുടക്കത്തിൽ തെലുങ്ക് ചിത്രങ്ങളിൽ സജീവമായിരുന്ന നടി ഗോവിന്ദുഡു അന്ദാരിവഡേലെ എന്ന ചിത്രത്തിന് ശേഷം തെലുങ്ക് ചിത്രങ്ങൾ ഏറ്റെടുക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുകയാണിപ്പോൾ.
2014-ൽ പുറത്തിറങ്ങിയ ഗോവിന്ദുഡു അണ്ടരിവാഡേലെയിൽ രാം ചരണാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക. തന്റെ കഥാപാത്രത്തെ ചിത്രീകരിച്ച രീതി തന്നെ വേദനിപ്പിച്ചുവെന്നും അതാണ് തെലുങ്ക് സിനിമ വിടാൻ കാരണമായതെന്നും നടി വെളിപ്പെടുത്തി. ഡി-ടോക്‌സ് പോഡ്‌കാസ്റ്റിലാണ് കമാലിനി ഇക്കാര്യം വ്യക്തമാക്കിയത്.
'ഗോവിന്ദുഡു അന്ദരിവാഡേലേ'യുടെ ചിത്രീകരണ അനുഭവം 'അതിശയകരമായിരുന്നു. എന്നാൽ എല്ലാം കഴിഞ്ഞപ്പോൾ തനിക്ക് ആ സിനിമയിൽ ഒരു റോളുമില്ലാത്തതുപോലെ തോന്നിയെന്നും അവർ പറഞ്ഞു. അണിയറ പ്രവർത്തകരല്ല ഇതിന് കാരണം. എന്റെ സഹതാരങ്ങളും സെറ്റിലുള്ള എല്ലാവരും എനിക്ക് വളരെയധികം പിന്തുണ നൽകിയിരുന്നു. സിനിമയിലെ എന്റെ വേഷം മാറിയതിൽ ഞാൻ സംതൃപ്തയായിരുന്നില്ല. അത് വിവാദപരമായ ഒന്നും ആയിരുന്നില്ല. എന്നാലും ഞാൻ കുറച്ചു കാലത്തേക്ക് തെലുങ്ക് സിനിമകളിൽ നിന്ന് മാറി.
`ചിലപ്പോള്‍ നമുക്ക് തോന്നും ഇതാണ് നമ്മുടെ സീന്‍ എന്ന്. ഇതാണ് ഏറ്റവും മികച്ചതെന്ന്. പക്ഷെ സംവിധായകന്‍ കരുതും നമ്മള്‍ ചെയ്തതിന് വേണ്ടത്ര സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്ന്. അതൊന്നും നമ്മള്‍ അറിയുന്നില്ല. എനിക്കത് വളരെയധികം വേദനയുണ്ടാക്കി. അത് തികച്ചും വ്യക്തിപരമായിരുന്നു. അതിനാല്‍ തെലുങ്കില്‍ നിന്നും മാറി നില്‍ക്കാമെന്നും മറ്റ് ഭാഷകളില്‍ ശ്രമിച്ച് നോക്കാമെന്നും തീരുമാനിച്ചു' കമാലിനി പറഞ്ഞു.
2004ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ഫിർ മിലേങ്കെയിലൂടെയാണ് കമാലിനി സിനിമാരംഗത്തേക്കെത്തുന്നത്. അതേ വർഷം തന്നെ ശേഖർ കമ്മുല സംവിധാനം ചെയ്ത ആനന്ദ് എന്ന ചിത്രത്തിലൂടെ കമാലിനി തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് സ്റ്റൈൽ, ഗോദാവരി, ഹാപ്പി ഡേയ്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. 2008ൽ പുറത്തിറങ്ങിയ ഗമ്യം എന്ന ചിത്രത്തിന്റെ റീമേക്കായ 2009ൽ പുറത്തിറങ്ങിയ കാതൽന സുമ്മ ഇല്ലൈ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 2010ൽ പുറത്തിറങ്ങിയ കുട്ടി സ്രാങ്ക് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം. പുലിമുരുകനിലെ കഥാപാത്രവും താരത്തിന് ഏറെ പ്രശംസ നേടികൊടുത്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.