വിവാദങ്ങൾക്കിടയിലും മൗനം വെടിഞ്ഞ് വിജയ്; ആരാധകർ കാത്തിരുന്ന മറുപടി ഇതല്ല!

തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്, തന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ ആദ്യമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുകയാണ്. എന്നാൽ ആരാധകർ ഉറ്റുനോക്കിയ വിവാഹമോചന വാർത്തയെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടിയില്ല. ഭാര്യ സംഗീത വിവാഹമോചന ഹരജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിജയ് എന്ത് പറയുമെന്നായിരുന്നു തമിഴകം ഉറ്റുനോക്കിയിരുന്നത്. എന്നാൽ തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിൽ പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേരാനാണ് അദ്ദേഹം സമയം കണ്ടെത്തിയത്.

‘തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 12-ാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട അനിയന്മാർക്കും അനിയത്തിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. നാളത്തെ സമ്പന്നമായ സമൂഹത്തെ കെട്ടിപ്പടുക്കേണ്ട നിങ്ങൾ, ഭയമോ പരിഭ്രാന്തിയോ ഇല്ലാതെ ധൈര്യത്തോടെ പരീക്ഷയെ നേരിടുക. ഉന്നതവിദ്യാഭ്യാസത്തിലും മികച്ച വിജയം നേടാൻ മുൻകൂട്ടി ആശംസിക്കുന്നു. നല്ലത് മാത്രം സംഭവിക്കും, വിജയം ഉറപ്പാണ്!’ എന്നാണ് വിജയ് സോഷ്യൽമീഡിയയിൽ കുറിച്ചത്. തമിഴ്‌നാട്ടിൽ പ്ലസ് ടു പരീക്ഷകൾ മാർച്ച് 2 മുതൽ 26 വരെയാണ് നടക്കുന്നത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വിജയ് തയാറെടുക്കുന്നതിനിടെയാണ് സംഗീത ചെന്നൈയിലെ ചെങ്ങൽപട്ട് കോടതിയിൽ വിവാഹമോചന ഹരജി നൽകിയത്. 2021 ഏപ്രിലിൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന് താൻ അറിഞ്ഞുവെന്നും ഇത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും ഹരജിയിൽ പറയുന്നു. വിജയ് യുടെ അവസാന ചിത്രമായി കരുതപ്പെടുന്ന 'ജനനായകൻ' സെൻസർഷിപ്പ് പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പുള്ള വിജയിയുടെ 69-ാം ചിത്രമാണിത്. വ്യക്തിപരമായ ജീവിതത്തിലെ ഈ പ്രതിസന്ധികൾ വിജയിയുടെ രാഷ്ട്രീയ ഭാവിയിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് ഇപ്പോൾ ഏവരും ചർച്ച ചെയ്യുന്നത്.

Tags:    
News Summary - Vijay shares first post amid wife Sangeetha’s divorce plea and betrayal claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.