യേശുദാസിന്‍റെ ഫോർട്ട് കൊച്ചിയിലെ വീട്

ഗാനഗന്ധർവ്വൻ പിന്നിട്ട വഴികളിലൂടെ ഒരു യാത്ര; യേശുദാസിന്‍റെ വീട് മ്യൂസിയമാകുന്നു

ഗായകൻ കെ.ജെ യേശുദാസിനോടുള്ള ആദരസൂചകമായി അദ്ദേഹം ജനിച്ചു വളർന്ന ഫോർട്ട് കൊച്ചിയിലെ വീട് സംഗീത മ്യൂസിയമാക്കാനൊരുങ്ങി കൊച്ചി കോർപ്പറേഷൻ. വീട് ഏറ്റെടുത്ത് പുനർനിർമാണം നടത്താനുള്ള പദ്ധതി കോർപ്പറേഷന്റെ ബജറ്റ് നിർദേശങ്ങളുടെ ഭാഗമായാണ് പ്രഖ്യാപിച്ചത്.

സർക്കാരിന്റെയും നാഷണൽ കൾച്ചറൽ ട്രസ്റ്റിന്‍റെയും പിന്തുണയോടെയാണ് സംഗീത മ്യൂസിയം ജനങ്ങളിലേക്ക് എത്തുന്നത്. ഗാനഗന്ധർവ്വൻ യേശുദാസിന്‍റെ സംഗീത ജീവിതത്തിന് സാക്ഷിയായ ഗൃഹം എന്ന നിലയിൽ അദ്ദേഹത്തിന്‍റെ കലയുടെ കയ്യൊപ്പായി ഈ മ്യൂസിയം മാറും. ഇതിഹാസ ഗായകന് ആദരവ് അർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മ്യൂസിയം പദ്ധതി നിലവിൽ വരുന്നത്.

ഈ പദ്ധതിയുടെ പിന്തുടർച്ച എന്നവണ്ണം കോർപ്പറേഷൻ 'ഗന്ധർവ സംഗീത വീഥി' എന്ന പേരിൽ ഒരു പ്രത്യേക സംഗീത തെരുവും സ്ഥാപിക്കുന്നുണ്ട്. അവിടെ ആധുനിക ശബ്ദ സംവിധാനങ്ങൾ ഉപയോഗിച്ച് യേശുദാസിന്റെ ഗാനങ്ങൾ പ്ലേ ചെയ്യും. കോർപ്പറേഷന്റെ കീഴിലുള്ള സെന്റർ ഫോർ ഹെറിറ്റേജും എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റും (സി-ഹെഡ്) ചേർന്നാണ് ആറ് കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.

കൂടാതെ നഗരത്തിലെ ഒരു പ്രധാന തെരുവ് സംഗീത തെരുവായി വികസിപ്പിക്കും. ഇന്ത്യൻ സംഗീതത്തിന് യേശുദാസ് നൽകിയ കാലാതീതമായ സംഭാവനകളെ അനുസ്മരിക്കുന്നതിനായി അടുത്ത വർഷം മുതൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ദേശീയ സംഗീതോത്സവം നടത്താനും ഉദ്ദേശിക്കുന്നുണ്ട്.

Tags:    
News Summary - Yesudas to Get Music Museum in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.