അത്ഭുതങ്ങളുടെ ഉലകനായകൻ...

വർഷം 1960, കാമറക്ക് മുന്നിൽ നിൽക്കുന്നത് ഒരു ആറു വയസുകാരൻ, അവനെ നോക്കി സംവിധായകൻ ഭീംസിങ് പറഞ്ഞു... ആക്ഷൻ.. അന്ന് തുടങ്ങിയ ആ നടനം ഇന്ന് നര്‍ത്തകനും, സഹസംവിധായകനും, സഹനടനും ഗായകനും നിർമാതാവും നായക നടനും രാഷ്ട്രീയ നേതാവുമൊക്കെയായി നിറഞ്ഞാടുകയാണ്. പറഞ്ഞുവരുന്നത്, ഇന്ത്യൻ സിനിമയുടെ അത്ഭുതം ഉലകനായകൻ കമൽഹാസനെ കുറിച്ചാണ്...


തമിഴ്‌നാട്ടിലെ പരമക്കുടിയില്‍ അഡ്വക്കേറ്റ് ടി. ശ്രീനിവാസന്റെയും രാജലക്ഷ്മിയുടെയും നാല് മക്കളില്‍ നാലാമനായിട്ടായിരുന്നു കമലിന്റെ ജനനം. അച്ഛനൊഴികെ എല്ലാവരും കര്‍ണാടക സംഗീതം അഭ്യസിച്ചവർ. ചെറുപ്രായത്തിലെ ഗായകന്‍ മുഹമ്മദ് റാഫിയെ അനുകരിക്കുന്നതില്‍ മിടുക്കനായിരുന്നു കമൽ. കളത്തൂർ കണ്ണമ്മയായിരുന്നു ആദ്യ ചിത്രം. ആ ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ അവാർഡ് നേടി. 1972ൽ 'മന്നവൻ' എന്ന ചിത്രത്തിൽ സഹനടനായും അദ്ദേഹം തിളങ്ങി. 1973ല്‍ കെ.ബാലചന്ദ്രന്റെ 'നാൻ അവനില്ലെ' എന്ന ചിത്രത്തിലാണ് കമൽ നായകനായി അരങ്ങേറുന്നത്. പിന്നീട് കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ ചിത്രങ്ങളിലും വേഷമിട്ട് മലയാളത്തിന്റെ കൈയ്യടിയും അദ്ദേഹം നേടി. എന്നാല്‍ കമലിന്റെ നായകജീവിതത്തിലെ ആദ്യ വഴിത്തിരിവാകുന്നത് 1975ല്‍ റിലീസായ കെ.ബാലചന്ദര്‍ ചിത്രം അപൂര്‍വരാഗങ്ങളാണ്. തമിഴ് സിനിമയിലെയും നാഴികകല്ലായിരുന്നു ആ ചിത്രം.




വേറിട്ട പ്രമേയങ്ങളിലൂടെയും അവതരണത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ചും കമൽ ഒരുക്കിയ സിനിമാ പ്രപഞ്ചം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന പല വിഷയങ്ങളും അദ്ദേഹം സിനിമയാക്കി. അവ്വൈ ഷണ്മുഖിയിലെ സ്ത്രീവേഷവും, നീളം കുറഞ്ഞ അപ്പുവും, ഗുണയിലെ ചിത്തരോഗിയുമെല്ലാം കമലിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട ചിത്രങ്ങളായി. ഇന്ത്യനും അന്‍പേ ശിവവും, ആളവന്താനുമെല്ലാം കാലങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്ക് അത്ഭുതങ്ങൾ സമ്മാനിക്കുകയാണ്. താന്‍ ആവര്‍ത്തിച്ച് കാണുന്ന രണ്ട് സിനിമകളില്‍ ഒന്ന് ഹേ റാം ആണെന്ന് സുപ്പർസ്റ്റാർ രജനികാന്ത് തന്നെ മുമ്പ് പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച തിരക്കഥയിലൊന്നാണ് തേവര്‍മകനെന്നാണ് സംവിധായകന്‍ മിഷ്‌കിന്‍ അഭിപ്രായപ്പെട്ടത്.


ലോകസിനിമയായ ബേര്‍ഡ്മാനോടാണ് കമലിന്റെ ഉത്തമവില്ലനെ സംവിധായകന്‍ റാം ഉപമിച്ചത്. വിരുമാണ്ടി കണ്ട് അതിശയിച്ചുവെന്നാണ് ലോകേഷ് കനകരാജിന്റെയും അഭിപ്രായം. കില്‍ ബില്‍ സിനിമയിലെ ആനിമേഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പ്രചോദനമായത് കമല്‍ ഹാസന്‍ ചിത്രം ആളവന്താനാണെന്ന് ഹോളിവുഡ് സംവിധായകന്‍ ക്വിന്റിന്‍ ടറന്റിനോയും ഒരിക്കൽ പറഞ്ഞത്. അങ്ങനെ സിനിമക്ക് അകത്തും പുറത്തും ഒരുപോലെ പ്രചോദനം നല്‍കിയാണ് ഉലകനായകൻ തന്റെ ജൈത്രയാത്ര തുടരുന്നത്. ആ സിനിമകള്‍ ഇന്നും പ്രേക്ഷകർക്ക് പ്രസക്തമായി തോന്നുന്നത് വിഷയംകൊണ്ടും സാങ്കേതികത കൊണ്ടും അവ മികച്ച് നിൽക്കുന്നതിനാലാണ്. ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.



തമിഴ്ജനതക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ല. അതിനാൽ തന്നെയാണ് 2018ൽ മക്കള്‍ നീതി മയ്യവുമായി രാഷ്ട്രീയ രം​ഗത്തേക്കും കമൽ കടന്നുവന്നത്. സിനിമയെ സ്വീകരിച്ച പോലെ പാർട്ടിയെ ജനങ്ങൾ സ്വീകരിച്ചില്ലെങ്കിലും പിന്തിരിയാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. അല്ലെങ്കിലും അത് തന്നെയായിരുന്നു കമൽഹാസൻ സേഫ് സോണിലിരിക്കാനല്ല, ഡേഞ്ചർ സോണിലൂടെ കുതിക്കാനാണ് അയാൾ ശ്രമിച്ചത്. ആ കുതിച്ചോട്ടം ഇന്ന് വിക്രമും കടന്ന് ഇന്ത്യന്റെ രണ്ടാം ഭാ​ഗത്തിനും മണിരത്നം ചിത്രത്തിനായുമുള്ള കാത്തിരിപ്പിലെത്തിയിരിക്കുന്നു. മായാത്ത അതിശയങ്ങൾക്കായി സിനിമാ പ്രേമികളുടെ ആ കാത്തിരിപ്പ് തുടരുകയാണ്... 


Full View


Tags:    
News Summary - Kamal Hassan Birthday Special Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.