പ്രൈം വീഡിയോയുടെ 'ദി ഡബ്ബ കാർട്ടൽ' എന്ന സീരിസിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരവിന് തയാറെടുക്കുകയാണ് നടി ജ്യോതിക. വരുണ എന്ന കഥാപത്രമായാണ് ജ്യോതിക എത്തുന്നത്. സീരീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി ഇപ്പോള്‍.
പ്രിയദർശൻ സംവിധാനം ചെയ്ത ‘ഡോളി സജാ കേ രഖ്‌ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജ്യോതിക അരങ്ങേറ്റം കുറിച്ചതെങ്കിലും നടി എന്ന നിലയിൽ ജ്യോതികയെ വളർത്തിയെടുത്തത് തമിഴ് സിനിമയാണ്. ഇപ്പോൾ തമിഴും മലയാളവുമെല്ലാം വിട്ട് ബോളിവുഡില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് നടി. അടുത്തിടെ സ്‌ക്രീനിൽ തിരിച്ചെത്തിയതിനെക്കുറിച്ച ജ്യോതിക തന്റെ ഏറ്റവും പുതിയ സീരീസിന്റെ വിശേഷങ്ങളും പങ്കുവെക്കുന്നു. ഒപ്പം, ഭർത്താവും തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുമായ സൂര്യയുടെ പിന്തുണയെക്കുറിച്ചും നടി ‘ഇന്ത്യൻ എക്സ്പ്രസി’നോട് മനസ്സുതുറക്കുന്നു.
ബിഗ് ബജറ്റ് സിനിമകളിൽ ഒതുങ്ങാതെ നല്ല കഥാപാത്രങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ജ്യോതിക. നടിയെന്ന നിലയിൽ വളർച്ച ആവശ്യമായി കരുതിയപ്പോഴെല്ലാം ഭാഷ മാറ്റിയിട്ടുണ്ടെന്ന് ജ്യോതിക പറയുന്നു. ‘വ്യത്യസ്‌തമായ കഥാപാത്രങ്ങൾക്കാണ് എപ്പോഴും പ്രാമുഖ്യം നൽകിയത്. പ്രത്യേകിച്ച്, ആളുകളുമായി അടുത്തുനിൽക്കുന്ന കഥാപാത്രങ്ങൾക്കനുസരിച്ചാണ് സിനിമകൾ തിരഞ്ഞെടുത്തത്’ -ജ്യോതിക പറഞ്ഞു.
വരുണ എന്ന കഥാപാത്രം മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്തതും സാധാരണ സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്നതുമാണ്. 'ദി ഡബ്ബ കാർട്ടൽ' തിരഞ്ഞെടുക്കാനുള്ള ഒരു കാരണം ഇതാണ്. നടി ശബാന ആസ്മിയുടെ കൂടെ തിരശ്ശീല പങ്കിടാൻ അവസരം കിട്ടുമ്പോൾ ആരും രണ്ടാമതൊന്ന് ആലോചിക്കില്ല. അവർ അഭിനയിക്കുന്ന രീതി ഏറെ പ്രചോദനം നൽകുന്നതാണ്. ഈ പ്രായത്തിലും കഥാപാത്രങ്ങളുടെ മികവിനായി 100 ശതമാനം നല്കാൻ അവർ ശ്രമിക്കുന്നു.
സൂര്യയും താനും വീട്ടിൽ താരപദവിയൊന്നുമില്ലാത്ത മാതാപിതാക്കൾ മാത്രമാണെന്നായിരുന്നു ചോദ്യത്തിന് ജ്യോതികയുടെ മറുപടി. വീട്ടിലേക്ക് കയറുമ്പോൾ ഞങ്ങൾ സൂപ്പർസ്റ്റാർ പദവി വാതിലിനു പുറത്ത് ഉപേക്ഷിക്കും. വീട്ടിനകത്ത് ഞങ്ങൾ കുട്ടികളുടെ മാതാപിതാക്കൾ മാത്രമാണ്. അവരും അവരുടെ ഭക്ഷണകാര്യങ്ങളുമൊക്കെയാവും ഞങ്ങൾക്ക് പ്രധാനം. രാവിലെ സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന ‘ഡബ്ബകളിൽ’ എന്താണ് നൽകേണ്ടതെന്നതിനൊക്കെയാണ് തങ്ങളുടെ മുൻഗണനകളെന്നും ജ്യോതിക പറഞ്ഞു.
അഞ്ച് വീട്ടമ്മമാരുടെ കഥ പറയുന്ന വെബ് സീരീസാണ് ഡബ്ബ കാര്‍ട്ടൽ. ജ്യോതിക, ശബാന ആസ്മി എന്നിവര്‍ക്ക് പുറമെ നിമിഷ സജയന്‍, ശാലിനി പാണ്ഡെ, ലില്ലിത് ദുബെ, അഞ്ജലി ആനന്ദ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.