ഷാറൂഖ് ഖാൻ (പിടിഐ ഫോട്ടോ)

‘ഫൈനൽ കാണാൻ ഗാലറിയിൽ ഉണ്ടാകും’; ഷാറൂഖ് ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ജൂഹി ചൗള

അഹ്മദാബാദ്: ബോളിവുഡ് സൂപ്പർ താരവും ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളുമായ ഷാറൂഖ് ഖാനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചൂടിനെ തുടർന്നുണ്ടായ ഹീറ്റ് സ്ട്രോക്കിനു പിന്നാലെയാണ് കിങ് ഖാനെ അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ താരത്തിന്റെ ആരോഗ്യ പുരോഗതി വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് ടീമിന്റെ സഹ ഉടമയും ഷാറൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗള.

ഞായറാഴ്ച ചെന്നൈയിൽ നടക്കുന്ന ഐ.പി.എൽ ഫൈനലിൽ ടീമിന് ആവേശം പകരാൻ കിങ് ഖാനും ഉണ്ടാകുമെന്ന് ജൂഹി ചൗള പറയുന്നു. “കഴിഞ്ഞ ദിവസം വൈകിട്ടോടെ ഷാറൂഖിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. വൈകാതെ അദ്ദേഹം ഊർജം വീണ്ടെടുക്കും. വാരാന്ത്യത്തിൽ നമ്മുടെ ടീം ഫൈനൽ കളിക്കുമ്പോൾ, ആവേശമൊരുക്കാൻ അദ്ദേഹവും ഗാലറിയിൽ ഉണ്ടാകും” - ജൂഹി ചൗള ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാനും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. താരം ഇന്നുതന്നെ ആശുപത്രി വിടുമെന്ന് സൂചനയുണ്ട്.

ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് താരം ചൊവ്വാഴ്ച നഗരത്തിലെത്തിയത്. മത്സരത്തിൽ ഹൈദരാബാദിനെ തോൽപിച്ച കൊൽക്കത്ത കലാശപ്പോരിന് യോഗ്യത നേടി. ടീം ജയിച്ചതിനു പിന്നാലെ മകൾ സുഹാനക്കും മകൻ അബ്റാമിനുമൊപ്പം ഗ്രൗണ്ടിലെത്തിയ ഷാറൂഖ്, കാണികളെ അഭിവാദ്യം ചെയ്യുകയും കളിക്കാരെ അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അധികൃതർ സ്ഥിരീകരിച്ചെങ്കിലും കാരണം വെളിപ്പെടുത്തിയിരുന്നില്ല.

Tags:    
News Summary - Juhi Chawla reacts to Shah Rukh Khan's hospitalisation: 'Will be in the stands for the IPL final'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.