ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയായ ഗാലക്സി അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ പ്രതിയായ ഗ്യാങ്സ്റ്റർ അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതി തേടി. നിലവിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇദ്ദേഹം, തനിക്ക് വിചാരണയിൽ നേരിട്ട് പങ്കെടുക്കണമെന്നും നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ താൻ തയാറാണെന്നും കാണിച്ചാണ് മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെ സമീപിച്ചത്.
2024 ഏപ്രിലിലാണ് സൽമാൻ ഖാന്റെ വീടിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ഇതിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്നും, അൻമോൾ ബിഷ്ണോയിയാണ് ഇതിന് നേതൃത്വം നൽകിയതെന്നും മുംബൈ പൊലീസ് ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന അൻമോൾ ബിഷ്ണോയിയെ 2025 നവംബറിലാണ് ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. തുടർന്ന് എൻ.ഐ.എ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ ജയിലിലായതിനാൽ തനിക്ക് മുംബൈ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും അതിനാൽ വിഡിയോ കോൺഫറൻസിങ് വഴിയോ അല്ലെങ്കിൽ കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമോ കീഴടങ്ങാൻ അവസരം നൽകണമെന്നുമാണ് അൻമോളിന്റെ ആവശ്യം.
ഈ കേസിലെ വിചാരണ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിനകം തന്നെ പ്രോസിക്യൂഷൻ സാക്ഷികളിൽ ചിലരുടെ മൊഴികൾ അൻമോളിന്റെ സാന്നിധ്യമില്ലാതെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കീഴടങ്ങുന്നത് വഴി കേസ് നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്നും, നിയമപരമായ പ്രക്രിയകൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായിക്കുമെന്നുമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്. അൻമോളിന്റെ അപേക്ഷ പരിഗണിച്ച കോടതി, വിഷയത്തിൽ പ്രോസിക്യൂഷന്റെ മറുപടി സമർപ്പിക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.