മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' എന്ന ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും ജീത്തു ജോസഫ് മനസ്സ് തുറക്കുകയാണ്. ദൃശ്യം 3 കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വെച്ച് വരരുതെന്ന് ജീത്തു ജോസഫ് പ്രത്യേകം പറഞ്ഞു. ദൃശ്യം ഒന്നും രണ്ടും വലിയ വിജയമായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വർധിക്കുമെന്നും, അത് തന്റെ മേൽ സമ്മർദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്കു നല്ല ആത്മവിശ്വാസമുണ്ട്’’ –ജീത്തു ജോസസഫ് പറഞ്ഞു.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങനെ പര്യവസാനിക്കും എന്നതിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ദൃശ്യം 3 എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും, തന്റെ തിരക്കഥ അതൊന്നും ആയിരിക്കില്ലെന്ന് സംവിധായകൻ ഉറപ്പിച്ചു പറയുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്.
മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ. എന്നാൽ ഏതു ഭാഷയിലാകും ചിത്രം ആദ്യം റിലീസ് ചെയ്യുക എന്ന ആശങ്കയും പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം ജീത്തു ജോസഫ് പുറത്തുവിട്ടിരുന്നു.
മലയാളത്തിൽ ദൃശ്യമിറങ്ങി രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദിയിലവർക്ക് റിലീസ് ചെയ്യാൻ കഴിയൂ എന്ന് ജീത്തു തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ദൃശ്യം. റെക്കോർഡ് ഭേദിച്ച ബോക്സ് ഓഫീസ് റെക്കോഡുകൾക്കൊപ്പം അസാമാന്യ പ്രേക്ഷക പിന്തുണയാണ് സിനിമക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.