ജെ.എൻ.യു സന്ദർശനം മുതൽ ജോലി സമയം വരെ; വിവാദങ്ങളിൽ വീഴാത്ത ദീപികക്ക് ഇന്ന് പിറന്നാൾ

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ് ദീപിക പദുകോൺ. അഭിനയത്തിലെ വൈവിധ്യവും ശക്തമായ കഥാപാത്രാവിഷ്‌കാരവുമാണ് ദീപികയെ സമകാലിക അഭിനേതാക്കളിൽ നിന്ന് വേറിട്ടുനിർത്തുന്നത്. പ്രിയ താരത്തിന്‍റെ 40ാം പിറന്നാളാണ് ഇന്ന്. പല വിഷയങ്ങളിലേയും നിലപാടുകൾ കൊണ്ട് ദീപിക മിക്കപ്പോഴും വാർത്തയിൽ ഇടംപിടിക്കാറുണ്ട്. സിനിമക്ക് അപ്പുറത്ത് ദീപിക നടത്തിയ ഇടപെടലുകളും അവയെ ചുറ്റിപ്പറ്റിയ ചർച്ചകളും ദീപികയുടെ പിറന്നാൾ ദിനത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. അങ്ങനെയുള്ള ചില വിഷയങ്ങൾ പരിശോധിക്കാം.

2025ൽ, മകളായ ദുവയെ പരിപാലിക്കുന്നതിനൊപ്പം തന്‍റെ പ്രൊഫഷണൽ ജീവിതം സന്തുലിതമാക്കാൻ സിനിമ സെറ്റുകളിൽ എട്ട് മണിക്കൂർ പ്രവൃത്തിദിനം ആവശ്യപ്പെട്ട ദീപിക വാർത്തകളിൽ ഇടംനേടിയിരുന്നു. ഈ തീരുമാനം സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്ന് ദീപിക പുറത്തുപോകാൻ കാരണമായി. ദീപിക പിന്മാറിയ ശേഷം സന്ദീപ് റെഡ്ഡി വംഗ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിശ്വാസ ലംഘനം നടത്തിയെന്നും അവർ കഥ ചോർത്തിയെന്നും ആരോപിക്കുകയും ചെയ്തു. ഈ സംഭവം ബോളിവുഡിലെ ലിംഗ പക്ഷപാതത്തെയും ജോലി സമയത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. കൽക്കി 2898 എഡിയുടെ തുടർച്ചയിൽ നിന്നും ദീപിക പിന്മാറി.

2023ൽ ഷാരൂഖ് ഖാന്‍റെ പത്താനിലെ ഒരു ഗാനത്തിന് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പ്രത്യക്ഷപ്പെട്ടത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മത-രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തി. കാവി ബിക്കിനി വികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തിയിരുന്നു. വൻ പ്രതിഷേധം ഉയർന്നതോടെ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാൽ, കാവി നിറത്തിലുള്ള ബിക്കിനി പാട്ടിൽ നിലനിർത്തി ഗാനത്തിലെ ചില വരികൾ ഒഴിവാക്കിയാണ് പ്രദർശനത്തിന് എത്തിയത്.

2020ൽ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക നടത്തിയ സന്ദർശനം വലിയ ചർച്ചയായിരുന്നു. നടിയുടെ പ്രവൃത്തി സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. ഇത് അവരുടെ സിനിമ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിലേക്ക് നയിച്ചു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളമുള്ള വിദ്യാർഥി പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും സിനിമ വ്യവസായ പ്രമുഖരുടെ മൗനത്തിനിടയിലാണ് ദീപിക ജെ.എൻ.യു സന്ദർശിച്ചതെന്നതാണ് പ്രത്യേകത.

ദീപികയുടെ ചിത്രമായ പദ്മാവത് ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജ്പുത് കർണി സേന കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. പദ്മാവത് വിവാദത്തിൽ ദീപികക്ക് വധഭീഷണി വരെ ലഭിച്ചു. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പദ്മാവതി'യുടെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. രാജ്പുത് സമുദായത്തിന്‍റെ വികാരം വ്രണപ്പെടുമെന്നും ഇത് സംഘർഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തിയു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ പറഞ്ഞത്. 

Tags:    
News Summary - Deepika Padukone Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.