ഹേമ മാലിനി
ഏറെ ആരാധകരുള്ള ബോളിവുഡ് താരം ഹേമ മാലിനി ഭർത്താവ് ധർമേന്ദ്രയുടെ വീടിന് എതിർവശമുള്ള ഒരു ബംഗ്ലാവിലായിരുന്നു താമസം. ധർമേന്ദ്ര അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ പ്രകാശ് കൗറിനും മക്കളായ സണ്ണി, ബോബി ഡിയോൾ എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്. ഹേമയും ധർമേന്ദ്രയും 1980ലാണ് വിവാഹിതരാകുന്നത്. അതിനുശേഷം ജുഹുവിലെ ഒരു ബംഗ്ലാവിൽ മക്കളായ ഇഷ, അഹാന എന്നിവരോടൊപ്പം ഇവർ താമസിച്ചു. സിനിമയുടെ ഭാഗമായി പല സ്ഥലങ്ങളിലും തനിക്ക് താമസിക്കേണ്ടിവന്നതും അത്തരത്തിൽ ഒരു ബംഗ്ലാവിൽ നിന്നും അമാനുഷികമായ അനുഭവം നേരിട്ടതിന്‍റെയും ഓർമകൾ പങ്കുവെക്കുകയാണ് ഹേമ മാലിനി.
ഡൽഹിയിലും ചെന്നൈയിലും പച്ചപ്പ് നിറഞ്ഞ ബംഗ്ലാവുകളിൽ താമസിക്കാനാണ് ഹേമ ഇഷ്ടപെട്ടിരുന്നത്. ഈ രണ്ട് നഗരങ്ങളിലും ഇത്തരത്തിലുള്ള വീടുകളുണ്ടായിരുന്നു. പക്ഷേ മുംബൈയിൽ ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അത് അവർക്ക് ഒട്ടും അനുയോജ്യമായിരുന്നില്ല. ഒരിക്കൽ നടിയുടെ അച്ഛൻ അവർക്ക് കടലിന് അഭിമുഖമായുള്ള ഒരു അപ്പാർട്ട്മെന്റ് സമ്മാനമായി നൽകി. പക്ഷേ അവരത് നിരസിക്കുകയായിരുന്നു. അത്തരമൊരു ജീവിതം അവർ ആഗ്രഹിച്ചിരുന്നില്ല. 'പട്ടണത്തിൽ താമസിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പകരം ധാരാളം മരങ്ങളുള്ള ഒരു വീട് വേണമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം ജുഹുവിൽ എനിക്കായി ഒരു ബംഗ്ലാവ് അന്വേഷിക്കാൻ തുടങ്ങിയത്' ഹേമമാലിനി പറഞ്ഞു.
രാജ് കപൂറിനൊപ്പം തന്റെ ആദ്യ ഹിന്ദി ചിത്രമായ 'സപ്‌നോ കാ സൗദാഗറിന്റെ' ഷൂട്ടിങ് നടന്നിരുന്ന കാലത്തെ ഒരനുഭവം ഹേമമാലിനി ഓർത്തെടുക്കുകയാണ്. ഈ ദിവസങ്ങളിൽ ബാന്ദ്രയിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് അവർ താമസിച്ചിരുന്നത്. വസ്ത്രാലങ്കാര ഡിസൈനർ ഭാനു അതയ്യയാണ് അത് ഉപയോഗിച്ചിരുന്നത്. അവിടെ നിന്നും പിന്നീടവർ മറ്റൊരിടത്തേക്ക് മാറി. പക്ഷേ അത് ഒരു പ്രേതബാധയുള്ള ബംഗ്ലാവായിരുന്നു.
'എല്ലാ രാത്രിയിലും ആരോ എന്നെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുമായിരുന്നു. പലപ്പോഴും എനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. ഞാൻ എന്റെ മമ്മിയുടെ കൂടെ ഉറങ്ങുമായിരുന്നു. ഞാൻ എത്രമാത്രം അസ്വസ്ഥയാണെന്ന് അവർ ശ്രദ്ധിച്ചു. ഇത് ഒന്നോ രണ്ടോ തവണ മാത്രമാണ് സംഭവിച്ചിരുന്നതെങ്കിൽ ഞങ്ങൾ അത് അവഗണിക്കുമായിരുന്നു. പക്ഷേ എല്ലാ രാത്രിയിലും അത് സംഭവിച്ചു.' ഇതിനു ശേഷമാണ് ഹേമ നഗരത്തിൽ താമസിക്കാൻ തീരുമാനിക്കുന്നത്. ശേഷം മുംബൈയിലെ തന്റെ ആദ്യത്തെ അപ്പാർട്ട്മെന്റ് വാങ്ങി. 'ധരം ജി പലപ്പോഴും അവിടെ കാപ്പി കുടിക്കാൻ വന്നിരുന്നതായി എനിക്ക് ഓർമയുണ്ട്. പക്ഷേ അന്ന് ഞാൻ പ്രണയത്തിലാകുകയും അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു' അവർ പറഞ്ഞു.
1972ൽ സീത ഔർ ഗീതയുടെ ഷൂട്ടിങ്ങിനിടെയാണ് ഹേമ തന്റെ ആദ്യത്തെ ബംഗ്ലാവ് വാങ്ങുന്നത്. അന്ന് ഹേമയും ധർമേന്ദ്രയും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തു. അദ്ദേഹത്തെപ്പോലെതന്നെ ജുഹുവിൽ ഒരു ബംഗ്ലാവും വാങ്ങി. 'അഞ്ച് വർഷം പഴക്കമുള്ള ഒരു ഗുജറാത്തിയുടെ ബംഗ്ലാവായിരുന്നു അത്. പിന്നീട് ഞങ്ങൾ വീട്ടിൽ അധികം മുറികൾ നിർമിച്ചു. ചുറ്റും ധാരാളം മരങ്ങൾ ഉണ്ടായിരുന്നതിനാൽ എനിക്ക് ആ വീട് വളരെ ഇഷ്ടപ്പെട്ടു' ഹേമമാലിനി പറഞ്ഞു.
ഹേമമാലിനിയും ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറും ഒരേ പ്രദേശത്ത് അടുത്തായായിരുന്നു താമസിച്ചിരുന്നത്. എന്നിട്ടും അവർ പരസ്പരം കണ്ടിരുന്നില്ല. ഇരു കുടുംബങ്ങളും അവരുടെ സ്വകാര്യതയിൽ ജീവിച്ചു. ഹേമമാലിനിയുടെ മകൾ ഇഷക്ക് 30 വയസ്സുള്ളപ്പോഴാണ് അച്ഛന്‍റെ ആദ്യ ഭാര്യ പ്രകാശ് കൗറിനെ ആദ്യമായി കാണുന്നതെന്ന് ഇഷ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.