ഹൃദയം തകരുന്നു, സഹോദരനെപ്പോലെ നിങ്ങളോടൊപ്പം; ജനനായകൻ റിലീസ് മാറ്റിവെച്ചതിൽ വിജയ്‌ക്ക് പിന്തുണയുമായി രവി മോഹൻ

സെൻസർഷിപ്പ് പ്രശ്‌നം കാരണം വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍റെ റിലീസ് അനിശ്ചിതമായി നീട്ടിവെച്ചതായി കെ.വി.എൻ പ്രൊഡക്ഷൻസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതേതുടർന്ന് വിജയ്‌യോടുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടൻ രവി മോഹൻ എക്‌സിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

'ഹൃദയം തകരുന്നു, വിജയ് അണ്ണാ... നിങ്ങളുടെ കൂടെയുള്ള ദശലക്ഷക്കണക്കിന് സഹോദരന്മാരിൽ ഒരാളായി ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു. നിങ്ങൾക്ക് ഒരു തീയതി ആവശ്യമില്ല... നിങ്ങളുടെ തീയതി എപ്പോഴാണോ പൊങ്കൽ അപ്പോൾ മാത്രമേ ആരംഭിക്കൂ' -എന്നാണ് രവിമോഹൻ കുറിച്ചത്.

അതേസമയം, ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന പരാശക്തി ജനുവരി 10ന് റിലീസ് ചെയ്യും. ജനനായകൻ മാറ്റിവെക്കൽ പ്രഖ്യാപിക്കുന്നത് വരെ, ജനനായകനും പരാശക്തിയും തമ്മിലുള്ള തിയറ്റർ മത്സരമായിരുന്നു ഓൺലൈനിലെ ചർച്ചാ വിഷയം. ജനുവരി ഒമ്പതിന് നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിയത്.

ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച തർക്കമാണ് റിലീസ് വൈകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെൻസർ ബോർഡിന്‍റെ നടപടികൾക്കെതിരെ നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെ നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു.

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളാൽ റിലീസ് മാറ്റിവെക്കേണ്ടി വന്നു എന്നാണ് കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയത്. സിനിമയുടെ പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതുവരെ ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നും കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു.  

Tags:    
News Summary - Ravi Mohan stands in solidarity with Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.