അന്ന് രണ്ടര മണിക്കൂര്‍ ഉമ്മന്‍ചാണ്ടി സാര്‍ ഞങ്ങളെ കാത്തിരുന്നു; ആത്മബന്ധത്തെക്കുറിച്ച് ജയറാം

  അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടൻ ജയറാം. കഴിഞ്ഞ 35 വർഷത്തിലേറെയുള്ള അടുപ്പമാണെന്നും കുടുംബാംഗത്തെ പോലെയാണെന്നും നടൻ പറഞ്ഞു.  കല്ലറയിൽ ആരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

ഉമ്മൻ ചാണ്ടി സാറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും 35 വർഷത്തിലേറെയുള്ള ആത്മബന്ധമുണ്ടെനിക്ക്. ശരിക്കും ആ കുടുംബത്തിലെ അംഗത്തെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് . സാറിന്റെ ലാളിത്യത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യമാണ് - ജയറാം തുടർന്നു.

1992 സെപ്റ്റംബർ ഏഴിനായിരുന്നു എന്റെ വിവാഹം. എട്ടാം തീയതി ടൗൺഹാളിൽ റിസപ്ഷനുണ്ടായിരുന്നു. ആറര മണിക്കായിരുന്നു എല്ലാവരേയും ക്ഷണിച്ചത്. വൈകുന്നേരം നാലരയായപ്പോൾ ടൗൺ ഹാളിൽ നിന്ന് ഒരു ഫോൺ വരുന്നു. ഒരാൾ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആരാണെന്ന് തിരക്കിയപ്പോൾ പുതുപ്പള്ളി എം.എൽ.എ ഉമ്മൻ ചാണ്ടി സാറാണെന്ന് പറഞ്ഞു. അപ്പോൾ ടൗൺ ഹാൾ തുറന്നിട്ടില്ല. ഞങ്ങൾക്ക് വേണ്ടി അവിടെയുളള പടിക്കെട്ടിൽ രണ്ടര മണിക്കൂറോളം അദ്ദേഹം കാത്തിരുന്നു. ആദ്യമായി ഞങ്ങളുടെ തലയിൽ തൊട്ട് അനുഗ്രഹിച്ചത് സാർ ആയിരുന്നു- ജയാറാം ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

ഇതുപോലെ എത്രയെത്രയോ മുഹൂർത്തങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്റെ മകൻ ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങിയത് അദ്ദേഹത്തിന്റെ കൈകളിൽ നിന്നാണ്. ഈ പള്ളിയിൽ പെരുന്നാളിന് ഞാൻ അദ്ദേഹത്തിനൊപ്പം വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ പിറന്നാളിന് ഫോൺ വിളിച്ചപ്പോൾ അച്ചുവാണ് എടുത്തത്. പിന്നീട് വിഡിയോ കോളിൽ വന്നപ്പോൾ അദ്ദേഹം അനുഗ്രഹിക്കുന്നത് പോലെ രണ്ട് കൈകളും ഉയർത്തി കാണിച്ചു- ജയറാം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jayaram Opens About Relationship with Late Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.