താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ നീണ്ട 13 വർഷത്തിനു ശേഷം നടന്ന ജഗതി ശ്രീകുമാർ എത്തി. മകനൊപ്പം വീൽചെയറിലാണ് ജഗതി യോഗത്തിനെത്തിയത്. സഹപ്രവർത്തകരുടെ കുശലാന്വേഷണങ്ങൾ ചിരിയോടെ ജഗതി പ്രതികരിച്ചു.
അമ്മയുടെ 31ാമത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ നടക്കുന്നത്. സംഘടനക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറൽ ബോഡി ചേരുന്നത്. മലയാള സിനിമയിലെ മുൻനിര താരങ്ങളടക്കം യോഗത്തിന് എത്തിയിട്ടുണ്ട്. മുതർന്ന താരം മധു ഓൺലൈൻ വഴി യോഗത്തിന്റെ ഭാഗമായി.
പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനം യോഗത്തിലുണ്ടാകും. രാജിവെച്ച ഭരണസമിതിയിലെ പ്രസിഡന്‍റ് മോഹൻലാൽ തുടരാനാണ് സാധ്യത. ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായി സ്ഥാനം ഒഴിഞ്ഞതോടെ ജോയന്‍റ് സെക്രട്ടറി ബാബുരാജാണ് ചുമതല വഹിച്ചിരുന്നത്. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്ന കാര്യവും ജനൽ ബോഡി ചർച്ച ചെയ്യും. ഭാരവാഹിയായി തുടരാൻ താൽപര്യമില്ലെന്ന് ട്രഷറർ ഉണ്ണി മുകുന്ദൻ ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കും. മറ്റ് സ്ഥാനങ്ങളിലേക്ക് അഡ്ഹോക് കമ്മിറ്റിയിലുള്ളവർതന്നെ തുടരും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹൻലാലിന്‍റെ നിലപാട്.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിടയില്ലെന്നാണ് അറിയുന്നത്. പ്രസിഡന്‍റായി മോഹൻലാൽ തുടരണമെന്ന് മേയ് 31ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. സിനിമ ചിത്രീകരണത്തിനിടെ സെറ്റിലോ താമസസ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്ന് താരങ്ങളടക്കം പ്രതിഫല കരാറിനൊപ്പം സത്യവാങ്മൂലം ഒപ്പിട്ട് നൽകണമെന്ന നിർമാതാക്കളുടെ ആവശ്യവും യോഗം ചർച്ച ചെയ്യും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചില താരങ്ങൾക്കെതിരെ നടിമാർ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റ് 27നാണ് മോഹൻലാൽ പ്രസിഡന്‍റായ ഭരണസമിതി കൂട്ടരാജി സമർപ്പിച്ചത്. വിഷയത്തിൽ സംഘടനയിൽ ഭിന്നത ഉടലെടുക്കുകയും ആരോപണവിധേയരായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന് ഒരുവിഭാഗം വനിത അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തതാണ് രാജിയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.