സിനിമകളിലൂടെ കൃത്യമായ രാഷ്ട്രീയം പറയുന്നവരാണ് സംവിധായകരായ പാ രഞ്ജിത്തും മാരി സെൽവരാജും. ജാതീയത, ബ്രാഹ്മണ മേധാവിത്വം, സാമൂഹിക ശ്രേണിയിൽ നിന്നും പുരുഷാധിപത്യത്തിൽ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് അവരുടെ മിക്ക സിനമകളും. പാ രഞ്ജിത്ത് ജാതി അതിക്രമങ്ങളെക്കുറിച്ച് ശബ്ദമുയർത്തുകയും തന്റെ നീലം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിരവധി പ്രസിദ്ധീകരണങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.
ഇത് അദ്ദേഹം ഉടൻ തന്നെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിൽ ചർച്ചകൾ ഉയരാൻ ഇടയാക്കിയിരുന്നു. പാ രഞ്ജിത്തിനോട് താനും ഇതേ ചോദ്യം ഉന്നയിച്ചതായി മാരി സെൽവരാജ് അടുത്തിടെ വെളിപ്പെടുത്തി. മറുപടിയായി, രഞ്ജിത്ത് പുഞ്ചിരിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് മാരി പറഞ്ഞു. 'അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും. മനസ്സ് വെക്കുന്ന ഏതൊരു കാര്യത്തിലും ശക്തമായ ചുവടുവെപ്പ് നടത്തുന്നതിൽ അദ്ദേഹം പ്രശസ്തനാണ്. ഭാവിയിൽ 'നീലം' ഒരു ജനകീയ പ്രസ്ഥാനം ആയി മാറിയേക്കാം' -എന്ന് മാരി സെൽവരാജ് പറഞ്ഞതായി സിനിമ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സിനിമകൾക്ക് പുറമേ, പാ രഞ്ജിത്ത് നീലം കൾച്ചറൽ സെന്റർ എന്ന സംഘടനയിലൂടെ സാമൂഹിക പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഈ സംഘടന കലാമേളകൾ നടത്തുകയും, കൂഗൈ ഫിലിം മൂവ്‌മെന്റ് ആരംഭിക്കുകയും, അതേ പേരിൽ ഒരു ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. നാല് റാപ്പർമാർ, ഏഴ് ഇൻസ്ട്രുമെന്റലിസ്റ്റുകൾ, എട്ട് ഗാന സംഗീതജ്ഞർ എന്നിവർ ഉൾപ്പെടുന്ന 'ദി കാസ്റ്റ്‌ലെസ് കലക്ടീവ്' എന്ന പേരിൽ ബാൻഡ് രൂപീകരിക്കുന്നതിന് മദ്രാസ് റെക്കോർഡ്‌സുമായി സംഘടന സഹകരിച്ചു.
അതേസമയം, ധ്രുവ് വിക്രം നായകനാകുന്ന ബൈസൺ ആണ് മാരി സെൽവരാജിന്‍റെ ഏറ്റവും പുതിയ ചിത്രം. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ, അമീർ, പശുപതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഒക്ടോബർ 17നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. കബഡിയെ ആസ്പദമാക്കിയുള്ള ഒരു സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത് അദിതി ആനന്ദ് സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.