പാരീസ്: വിഖ്യാത ഇറാനിയൻ സംവിധായകൻ ജഅ്ഫർ പനാഹി തിങ്കളാഴ്ച ജന്മനാടായ ഇറാനിലെത്തി. 78ാമത് കാൻ ചലച്ചിത്ര മേളയിലെ മികച്ച സിനിമക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ പനാഹി ഭരണകൂട എതിർപ്പ് മറികടന്നാണ് ടെഹ്‌റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഗംഭീര വരവേൽപ്പാണ് പനാഹിക്ക് ആരാധകരൊരുക്കിയത്.
ആർപ്പുവിളിച്ചും കെട്ടിപ്പിടിച്ചും പൂക്കൾ നൽകിയും ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചു. 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്‍റ്' എന്ന സിനിമയാണ് പനാഹിക്ക് പാം ഡി ഓർ പുരസ്കാരം നേടിക്കൊടുത്തത്. ഇറാനിലെ രാഷ്ട്രീയത്തടവുകാരുടെ പ്രതികാരത്തിന്റെ, ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’. കാൻ ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഇറാൻ സർക്കാറിന്റെ വിലക്കും തടവും കാരണം വർഷങ്ങളായി ജഅ്ഫർ പനാഹിക്ക് കാൻ കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പുരസ്കാരനേട്ടത്തിൽ ഇറാൻ സർക്കാർ പ്രതികരിച്ചിട്ടില്ല. ദേശീയമാധ്യമങ്ങൾ അത് ആഘോഷിച്ചതുമില്ല. ഇറാനിയൻ സംവിധായകൻ മെഹ്ദി നദേരിയും ഇറാനുപുറത്ത് പ്രവർത്തിക്കുന്ന ചാനലായ ഇറാൻ ഇന്റർനാഷണലുമാണ് സ്വീകരണത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.