1900കളുടെ തുടക്കത്തിൽ വളരെ ചെറിയ രീതിയിൽ ആരംഭിച്ച ഇന്ത്യൻ സിനിമ ഇന്ന് ബോക്സ് ഓഫിസിൽ 2000 കോടി രൂപയിലധികം വരുമാനം നേടുന്ന സിനിമകൾ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നാണ് ഇന്ത്യൻ സിനിമ. ഇന്നത്തെ നിലയിലെത്താൻ നമ്മുടെ ആദ്യകാല സിനിമ പ്രവർത്തകർ വളരെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ട്. അതിൽ പലരുടെയും സംഭാവനകൾ ഒരു അടയാളപ്പെടുത്തലും ഇല്ലാതെ മറഞ്ഞു പോയിട്ടുമുണ്ട്.
സിനിമക്കായി ഒരുപാട് ത്യാഗം സഹിച്ചിട്ടും ഓർത്തുവെക്കപ്പെടേണ്ട സംഭാവനകൾ നൽകിയിട്ടും അടയാളപ്പെടുത്താതെ പോയ പേരുകളിൽ ഒന്നാണ് സരസ്വതി ഭായി ഫാൽക്കെയുടേത്. 1913ലാണ് ദാദാസാഹെബ് ഫാൽക്കെ ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചർ സിനിമയായ രാജാ ഹരിശ്ചന്ദ്ര നിർമിക്കുന്നത്. ഇന്ത്യൻ സിനിമയുടെ അടിത്തറയായി ഇത് ആഘോഷിക്കപ്പെടുമ്പോഴും ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അദ്ദേഹത്തിന്റെ പേര് ഓർമിക്കപ്പെടുമ്പോഴും തിരശീലക്ക് പിന്നിൽ പ്രവർത്തിച്ച സരസ്വതി ഭായി ഫാൽക്കെയെ നാം വേണ്ടരീതിയിൽ ആഘോഷിച്ചില്ല. അവരുടെ സംഭാവന അത്രതന്നെ നിർണായകമായിരുന്നിട്ടും അത് പിന്നീട് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വസ്തുത.
ഇന്ത്യയിലെ ആദ്യത്തെ ഫിലിം എഡിറ്ററാണ് ദാദാസാഹെബ് ഫാൽക്കെയുടെ ജീവിത പങ്കാളി കൂടിയായിരുന്ന സരസ്വതിഭായി ഫാൽക്കെ. സ്ത്രീകൾ ചലച്ചിത്രനിർമാണത്തിൽ വളരെ അപൂർവമായി മാത്രമേ അന്ന് പങ്കെടുത്തിരുന്നുള്ളൂ. ഭർത്താവിന്റെ സ്വപ്നത്തിന് എല്ലാവിധത്തിലും സരസ്വതിബായി പിന്തുണ നൽകി. വിദേശത്തേക്ക് യാത്ര ചെയ്ത് സിനിമ നിർമാണം പഠിക്കാനും ഉപകരണങ്ങൾ വാങ്ങാനും വേണ്ടി അവർ തന്റെ ആഭരണങ്ങൾ വിറ്റു. ഏകദേശം 70 പേരടങ്ങുന്ന ഒരു സംഘത്തിന് അവർ ഭക്ഷണം പാകം ചെയ്തു, കുട്ടികളെ വളർത്തി, അതേസമയം ഒരു ടെക്നീഷ്യനായും എഡിറ്ററായും ജോലി ചെയ്തു.
വർഷങ്ങളോളം അവരുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇന്ത്യൻ സിനിമയുടെ പിറവിയെ രൂപപ്പെടുത്തുന്നതിൽ സരസ്വതിഭായിയുടെ പങ്ക് നിർണായകമായിരുന്നു. സാമൂഹിക പ്രതിബന്ധങ്ങളെ അവർ തകർത്തെറിഞ്ഞു. സാങ്കേതിക മേഖലകളിൽ സ്ത്രീകൾക്ക് മികവ് പുലർത്താൻ കഴിയുമെന്ന് തുടക്കത്തിലെ തെളിയിച്ച ഇന്ത്യൻ സിനിമ പ്രവർത്തകയാണ് സരസ്വതിഭായ് ഫാൽക്കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.