ഹോളിവുഡ് താരം റോബ് റെയ്‌നറിന്‍റെയും ഭാര്യയുടെയും കൊലപാതകത്തിൽ മകൻ അറസ്റ്റിൽ

പ്രശസ്ത ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറിനെയും ഭാര്യ മിഷേലിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ നിക് റെയ്‌നറിനെ അറസ്റ്റ് ചെയ്തു. ടി.എം.സിയുടെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ നിക് ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. ബെയ്ൽ തുക നാല് ദശലക്ഷം യു.എസ് ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബലപ്രയോഗത്തിലൂടെ വീടിനുള്ളിൽ പ്രവേശിച്ചതിന്‍റെ ലക്ഷണങ്ങളില്ലെന്നും, ഇരകൾക്ക് ഇരുവർക്കും കുത്തേറ്റതിന്‍റെ മുറിവുകളുണ്ടെന്നും നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു.

ഇരുവരുടെയും കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ടി.എം.സി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി കോനൻ ഓബ്രിയൻ ആതിഥേയത്വം വഹിച്ച ഒരു പാർട്ടിയിൽ റോബ് റെയ്‌നറും നിക്ക് റെയ്‌നറും തമ്മിൽ തർക്കമുണ്ടായതായി കുടുംബ സുഹൃത്തുക്കൾ ലോസ് ഏഞ്ചലസ് ടൈംസിനോട് പറഞ്ഞു. ഈ ഒത്തുചേരലിൽ പങ്കെടുത്ത നിരവധി പേർ നിക്കിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധിച്ചതായും റിപ്പോർട്ടുണ്ട്. മയക്കുമരുന്നിന് അടിമയായതിനെക്കുറിച്ചുള്ള തന്‍റെ ദീർഘകാല പോരാട്ടം നിക് റെയ്‌നർ മുമ്പ് പരസ്യമായി സംസാരിച്ചിട്ടുണ്ട്. കൗമാരപ്രായത്തിൽ പലപ്പോഴും പുനരധിവാസ കേന്ദ്രങ്ങളിൽ പോയതായും റിപ്പോർട്ടുകളുണ്ട്.

ലോസ് ആഞ്ചലിലെ ബ്രന്റ്‍വുഡിലുള്ള വസതിയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 78 വയസ്സുള്ള ഒരു പുരുഷനും 68 വയസ്സുള്ള ഒരു സ്ത്രീയും വീടിനകത്ത് മരിച്ച് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണപ്പെട്ടവർ സംവിധായകൻ റെയ്നറും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരുടെയും മൃതദേഹത്തിൽ‌ കത്തിക്കൊണ്ടുണ്ടായ മുറിവുകൾ‌ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് ഇരുവരും കൊലചെയ്യപ്പെട്ടതാവാമെന്ന് സംശയിക്കുന്നതായി ലോസ് ആഞ്ചലസ് പൊലീസ് തലവൻ മൈക്ക് ബ്ലാൻഡ് പറഞ്ഞു. അതേസമയം ദമ്പതികളെ മകൻ നിക്ക് കൊന്നതാണെന്ന് ജനങ്ങൾ ആരോപിച്ചു. എന്നാൽ മാതാപിതാക്കളെ നിക്ക് കൊന്നതാണോ എന്നതി​നെ കുറിച്ചോ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നിരവധി സെലിബ്രിറ്റികൾ താമസിക്കുന്ന പ്രദേശമായ ബ്രെന്റ്‌വുഡിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ഇവിടെ ഇത്തരം കുറ്റകൃത്യങ്ങൾ അപൂർവ്വമാണ്. ദമ്പതികളുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ പരിക്കുകളെക്കുറിച്ചോ ​കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെ കുറിച്ചോ പൊലീസ് വിശദാംശങ്ങൾ നൽകിയിട്ടില്ല. കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനാണ് റോബ് റെയ്‌നർ. ഹോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. സംവിധാനത്തിന് പുറമേ നടൻ, നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും റോബ് പ്രശസ്തനായിരുന്നു. 1970 കളിലെ ഓൾ ഇൻ ദി ഫാമിലിയിലെ കരോൾ ഒ കോണറിന്റെ ആർച്ചി ബങ്കറിനൊപ്പം അവതരിപ്പിച്ച ‘മീറ്റ്ഹെഡ്’ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചത്.

1980 കളിലെയും 90 കളിലെയും ഏറ്റവും ശ്രദ്ധേയമായ സിനിമകളായ ദിസ് ഈസ് സ്‌പൈനൽ ടാപ്പ്, എ ഫ്യൂ ഗുഡ് മെൻ, വെൻ ഹാരി മെറ്റ് സാലി, ദി പ്രിൻസസ് ബ്രൈഡ് തുടങ്ങിയ പ്രശസ്ത സിനിമകൾ റെയ്നർ സംവിധാനം ചെയ്തതാണ്. രണ്ട് എമ്മി അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ മിഷേൽ സിങർ റെയ്‌നർ ഫോട്ടോഗ്രാഫറാണ്. 'വെൻ ഹാരി മെറ്റ് സാലി' സംവിധാനം ചെയ്യുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.

Tags:    
News Summary - Son arrested in murder of Hollywood star Rob Reiner and his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.