ഒരു ചിത്രം പരാജയപ്പെട്ടാൽ മുംബൈയിൽ ആളുകൾ തന്നെ കാണുന്നവിധവും ദക്ഷിണേന്ത്യയിൽ കാണുന്ന വിധവും ഏറെ വ്യത്യാസമാണെന്ന് മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ. വിജയിക്കുമ്പോൾ മാത്രമാണ് അവിടെ പരിഗണന. ‘വെള്ളി മുതൽ അടുത്ത വെള്ളി വരെയുള്ള ചാഞ്ചാട്ടമാണ് ബോളിവുഡിൽ ഒരു സംവിധായകന്റെ നില. എന്നാൽ ദക്ഷിണേന്ത്യയിൽ ഒരിക്കൽ നിങ്ങൾ അംഗീകരിക്കപ്പെട്ടാൽ ബോക്സോഫിസ് പരാജയം കണക്കിലെടുക്കാതെ നിങ്ങൾ പരിഗണിക്കപ്പെടും’ -ഈയിടെ ഒരു ഹിന്ദി യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ നിരീക്ഷിക്കുന്നു.
2000ൽ പുറത്തിറങ്ങിയ തന്റെ അക്ഷയ് കുമാർ ചിത്രമായ ‘ഹേരാ ഫേരി’യുടെ (മലയാളത്തിലെ റാംജിറാവു സ്പീക്കിങ്) പുതിയ പതിപ്പ് ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘ഹേരാ ഫേരി’യിൽ റാംജി റാവു സ്പീക്കിങ്ങിന്റെ മുപ്പതു ശതമാനത്തോളം താൻ മാറ്റിയിരുന്നതായി പ്രിയദർശൻ പറയുന്നു. ‘ഹേരാ ഫേരിയിൽ ഇത്രയധികം പാട്ടുകൾ ഞാൻ ആഗ്രഹിച്ചിട്ടില്ല. വാസ്തവത്തിൽ, ഹേരാ ഫേരിയിൽ നിങ്ങൾ കാണുന്ന രണ്ട് ഗാനങ്ങൾ ഞാൻ ചിത്രീകരിച്ചതല്ല. ആ പാട്ടുകൾ എന്നെ ഞെട്ടിച്ചു. ഇതേപ്പറ്റി നിർമാതാവിനോട് (ഫിറോസ് നദിയാദ്വാല) ചോദിച്ചപ്പോൾ, ചിത്രത്തിന് ഒരു തിളക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമ നശിപ്പിക്കരുതെന്ന് അഭ്യർഥിച്ചുവെങ്കിലും ഫലമുണ്ടായില്ല. സംഗതി എന്റെ കൈയിൽനിന്നു പോയി.
‘വിരാസത് ഹിറ്റായിരിക്കാം, പക്ഷേ, കാലാപാനിയാണ് എനിക്ക് ദേശീയ അംഗീകാരം നേടിത്തന്നത്. ചില ചരിത്ര പരാമർശങ്ങൾ ഹിന്ദി സിനിമാപ്രേമികൾക്ക് മനസ്സിലാകാത്തതിനാൽ കാലാപാനി വിജയിച്ചില്ല’ -അദ്ദേഹം വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.