ഫർഹാൻ അക്തർ, ജാവേദ് അക്തർ, സോയ അക്തർ, ശബാന ആസ്മി
ബോളിവുഡിൽ ഏറ്റവും പ്രശസ്തനായ മുതിർന്ന എഴുത്തുകാരനാണ് ജാവേദ് അക്തർ. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ മടി കാണിക്കാത്ത അദ്ദേഹം ഈയിടെ നടത്തിയ കമന്റ് രസകരമായി. കൂട്ടുകുടുംബത്തിലെ അനുഭവത്തെപ്പറ്റി ഒരു അഭിമുഖത്തിലുണ്ടായ ചോദ്യത്തിന്, മകൻ ഫർഹാൻ അക്തറെ കാണാൻ മൂന്നും അഞ്ചും ദിവസം മുമ്പ് അപ്പോയ്മെന്റ് എടുക്കേണ്ടി വരാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, അടിമുടി സിനിമയിലുള്ള ഈ കുടുംബത്തെ അറിയുന്നവർക്ക് അതിൽ അതിശയമില്ലതാനും. ഗാനരചനയും തിരക്കഥയും ജീവിതമാക്കിയ ജാവേദ് അക്തറിന്റെയും ഇന്ത്യൻ സിനിമയിലെ എണ്ണപ്പെട്ട അഭിനേത്രികളിലൊരാളായ പത്നി ശബാന ആസ്മിയുടെയും ഈ കുടുംബത്തിലെ അടുത്ത തലമുറയും സിനിമയിൽ തന്നെ. പ്രമുഖ നായക നടനും സംവിധായകനുമായ ഫർഹാൻ അക്തർ, സംവിധായികയും തിരക്കഥാകൃത്തുമായ സോയ അക്തർ എന്നിവരുമടങ്ങുന്നതാണ് അക്തർ കുടുംബം.
ഈയിടെ ഒരു യു.എസ് സന്ദർശനത്തിൽ, മകനെ ഒപ്പം കൂട്ടാഞ്ഞതെന്ത് എന്ന ചോദ്യത്തിനായിരുന്നു ജാവേദിന്റെ മറുപടി. ‘‘ഞാനിവിടെ വന്നപ്പോൾ ചിലർ ചോദിച്ചു, ഫർഹാനെ കൂടെ കൂട്ടാൻ കിട്ടിയില്ലേ എന്ന്. അയാൾ തൊഴിൽരഹിതനൊന്നുമല്ലല്ലോ എന്റെ കൂടെ നടക്കാൻ. ഫർഹാനെ കാണണമെങ്കിൽ എനിക്ക് നേരത്തെ വിളിച്ചു പറയേണ്ടിവരാറുണ്ട്. അയാൾക്കും അതെ. സാധാരണ മൂന്നുമുതൽ അഞ്ചു വരെ ദിവസത്തിനപ്പുറമുള്ള തീയതിയായിരിക്കും ഞങ്ങൾ ഫിക്സ് ചെയ്യുക. ഇതാണ് യഥാർഥ്യം. അതാണ് ജീവിതം’’ -ജാവേദ് വിവരിച്ചു.
ഇതിൽ അസ്വാഭാവികതയില്ലെന്നും അങ്ങനെയല്ലെങ്കിൽ മറ്റൊരാളുടെ മേൽ ആധീശത്വമുണ്ടെന്ന ധാരണ വരുമെന്നും അദ്ദേഹം പറയുന്നു.
‘‘എന്റേത് ഒരു ചെറിയ കുടുംബമാണ്. ഞാനും ശബാനയും മാത്രമാണ് ഇപ്പോൾ ഒന്നിച്ചുള്ളത്. മകനും മകളും വേറെയാണ് താമസം’’ -ജാവേദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.