'എനിക്ക് കാർത്തി ആകാൻ കഴിയില്ല, മെയ്യഴകൻ ചെയ്യാൻ കഴിയില്ല'; മികച്ച നടനല്ലെന്ന് സൂര്യ

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായ റെട്രോ മേയ് ഒന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടിയതെങ്കിലും, സൂര്യയുടെ റെട്രോയിലെ പ്രകടനം ആരാധകർക്ക് ആശ്വാസമായിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകളുടെ ഭാഗമായി, കാർത്തിക് സുബ്ബരാജും സംഗീത സംവിധായകൻ സന്തോഷ് നാരായണനുമായി സംസാരിക്കുന്നതിനിടയിൽ, താൻ ഒരു 'മികച്ച നടൻ' ആണെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂര്യ. സഹോദരൻ കാർത്തിയെപ്പോലെ തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്നും സൂര്യ പറഞ്ഞു.

കാക്ക കാക്ക, ഗജിനി, സില്ലുനു ഒരു കാതൽ തുടങ്ങിയ ചിത്രങ്ങൾ സൂര്യയുടെ കരിയർ എങ്ങനെ മാറ്റി എന്നതിനെക്കുറിച്ച് കാർത്തിക്കും സന്തോഷും സംസാരിച്ചു. ആ സിനിമകളിൽ സംവിധായകർ തന്നെ വിശ്വസിച്ചത് ഭാഗ്യമാണെന്നാണ് നടൻ പറഞ്ഞത്. സൂര്യ ഒരു രംഗവും നിസാരമായി കാണാറില്ലെന്ന് കാർത്തിക് അഭിപ്രായപ്പെട്ടപ്പോൾ, സംവിധായകൻ ബാലയാണ് അതിന് കാരണമെന്ന് സൂര്യ വ്യക്തമാക്കി.

'ഞാൻ ഒരു മികച്ച നടനല്ല. ചിലർ എന്നെ അമിതമായി അഭിനയിക്കുന്ന നടൻ എന്ന് വിളിക്കും. പലർക്കും ആ അഭിപ്രായം ഉണ്ടാകും. പക്ഷേ, ബാല സാറിൽ നിന്ന് പഠിച്ചതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അഭിനയിക്കുമ്പോൾ എല്ലാം ഞാൻ എന്റെ പരമാവധി ശ്രമിക്കുന്നു. ചില കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയും, മറ്റു ചിലത് എനിക്ക് കഴിയില്ല. എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് സമ്മതിക്കുന്നതിൽ എനിക്ക് ലജ്ജയില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇപ്പോൾ, മെയ്യഴകൻ പോലുള്ള ഒരു സിനിമ എടുക്കുക. എനിക്ക് കാർത്തിയാകാൻ കഴിയില്ല, എനിക്ക് മെയ്യഴകൻ ആകാൻ കഴിയില്ല' -സൂര്യ പറഞ്ഞു.

96 എന്ന ചിത്രത്തിന് ശേഷം സി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'മെയ്യഴകൻ'. അരവിന്ദ് സ്വാമിയും കാർത്തിയുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും അഭിനയവും കഥാപാത്ര നിർമിതിയുമാണ് ചിത്രത്തിന്‍റെ മനോഹരിത. തിയറ്റർ റിലീസിൽ വമ്പൻ ഹിറ്റാകാതിരുന്ന ചിത്രം ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് ചർച്ചയായി. 

Tags:    
News Summary - ‘I can’t be Karthi, can’t do Meiyazhagan’: Suriya REACTS to comparisons with his brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.