ഇറ ഖാൻ
ആമിർ ഖാന്റെ മകൾ ഇറ ഖാൻ തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് എപ്പോഴും വാചാലയാണ്. വിഷാദരോഗവുമായി ബന്ധപ്പെട്ട തന്റെ അനുഭവത്തെക്കുറിച്ച് ദീർഘനേരം ഇറ സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ മകളുടെ അവസ്ഥയെ കുറിച്ച് ആമിർ ഖാനും സംസാരിച്ചിട്ടുണ്ട്. 2020ലെ ലോക മാനസികാരോഗ്യ ദിനത്തിലാണ് താൻ അഞ്ചുവർഷത്തിലേറെയായി വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് ഇറാ ഖാൻ വെളിപ്പെടുത്തിയത്. തന്റെ മാതാപിതാക്കളുടെ വേർപിരിയൽ മാത്രമല്ല തന്റെ അവസ്ഥക്ക് കാരണമെന്നും, ഇതൊരു മാനസികവും ശാരീരികവുമായ അവസ്ഥയാണെന്നും ഇറ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
‘വിഷാദം എന്നത് ഒരു ദിവസം പെട്ടെന്ന് വന്ന് പോകുന്ന ഒന്നല്ല. അതോടൊപ്പം ജീവിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പക്ഷേ കൃത്യമായ സഹായം തേടിയാൽ നമുക്ക് അതിനെ നേരിടാം എന്നാണ് ഇറ എപ്പോഴും പറയാറുള്ളത്’. ഇപ്പോഴിതാ തന്‍റെ അമിതഭാരത്തെ കുറിച്ചും താരം സംസാരിക്കുകയാണ്. ശരീരം എങ്ങനെയിരുന്നാലും അതിനെ സ്നേഹിക്കാൻ പഠിക്കണമെന്ന് ഇറ പറയുന്നു. വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നുകളും മാനസികാവസ്ഥയും ഭാരം കൂടാൻ കാരണമായിട്ടുണ്ടെന്ന് ഇറ വിശദീകരിച്ചു.
“അതെ, എനിക്ക് അമിതവണ്ണമുണ്ട്. 2020 മുതൽ തടിയുള്ളവളാണെന്നും അൺഫിറ്റ് ആണെന്നും ഉള്ള തോന്നലുകൾക്കും, അമിതഭാരത്തിനും അമിതവണ്ണത്തിനും ഇടയിലൂടെ മാറിമറിഞ്ഞ് സഞ്ചരിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എനിക്ക് ഇപ്പോഴും വ്യക്തത വരുത്തേണ്ട പല കാര്യങ്ങളും ബാക്കിയുണ്ട്. എങ്കിലും, മെച്ചപ്പെട്ട രീതിയിലുള്ള ഒരു ചെറിയ മാറ്റം ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ വിഷാദരോഗത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ടായിരുന്ന അത്രയും വ്യക്തതയോ ആത്മവിശ്വാസമോ ഇപ്പോൾ എനിക്കുണ്ടാവില്ല. കാരണം, അതിൽ നിന്ന് വ്യത്യസ്തമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ചെറിയൊരു പേടിയുണ്ട്.
പക്ഷേ, ഇത് സംസാരിക്കേണ്ട ഒന്നാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച ഭക്ഷണ വൈകല്യങ്ങളില്ല. കൂടാതെ ഞാൻ ഈ വിഷയത്തിൽ ഒരു വിദഗ്ദ്ധയുമല്ല. എന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു എന്ന് മാത്രം. കമന്റ് ബോക്സിലേക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പ്രവേശിക്കുക. അതിൽ നിന്നും ഞാൻ പരമാവധി വിട്ടുനിൽക്കുമെന്ന് എനിക്കറിയാം.നമുക്ക് നോക്കാം, ഇത് എങ്ങനെയുണ്ടാകുമെന്ന്” എന്നാണ് ഇറ സോഷ്യൽമീഡിയയിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.