ഹുമൈറ

പാക് നടിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ പിതാവ്; മരിച്ചത് 2024 അവസാനത്തോടെയെന്ന് പൊലീസ്

പാക് നടി ഹുമൈറ അസ്​ഗറിനെ (35) കഴിഞ്ഞ ദിവസം കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. നടിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

കഴിഞ്ഞ ഏഴ് വർഷത്തോളമായി ഈ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് ഹുമൈറ താമസിച്ചിരുന്നത്. 2024 അവസാനത്തോടെ അവർ മരിച്ചതായി സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. റഫ്രിജറേറ്ററിലെ ഭക്ഷണപാനീയങ്ങളുടെ കാലാവധി 2024 സെപ്റ്റംബറാണ്. ഫോണിലെ അവസാന ഔട്ട്‌ഗോയിങ്, ഇൻകമിങ് കോളുകളും 2024 ഒക്ടോബറിലാണ്. അതിനുശേഷം ഫോണിലെ രണ്ട് സിമ്മുകളും പ്രവർത്തനരഹിതമായിരുന്നു.

ബില്ലുകൾ അടക്കാത്തതിനാൽ അപ്പാർട്ട്മെന്റിലേക്കുള്ള വൈദ്യുതി ഏതാണ്ട് അതേ സമയം വിച്ഛേദിക്കപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. ഹുമൈറയുടെ ഫോണിലെ അവസാനമായി കണ്ട വാട്ട്‌സ്ആപ്പ് സന്ദേശം 2024 ഒക്ടോബർ ഏഴിനാണെന്നും പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലെ അവസാന പോസ്റ്റ് 2024 സെപ്റ്റംബർ 30നാണെന്നും പൊലീസ് വ്യക്തമാക്കി.

വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മരണം നടന്നിട്ട് ഏകദേശം ഒരുമാസമായി എന്നായിരുന്നു ആദ്യം കരുതിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

ഹുമൈറയുമായുള്ള ബന്ധം വിച്ഛേദിച്ചതാണെന്നും മൃതദേഹം ഏറ്റെടുക്കില്ലെന്നും പിതാവ് ഡോ. അസ്ഗർ അലി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സിനിമ വ്യവസായത്തിലെയും സാംസ്കാരിക വകുപ്പിലെയും നിരവധി അംഗങ്ങൾ ഹുമൈറയുടെ സംസ്കാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമ്മതിച്ചു എന്ന് റിപ്പോർട്ട് ഉണ്ട്. മറ്റ് ബന്ധുക്കൾ തയാറായില്ലെങ്കിൽ മൃതദേഹം അവർക്ക് വിട്ട് നൽകും.

പാകിസ്താനിലെ റിയാലിറ്റി ഷോയായ തമാഷ ഘറിലും ജലൈബീ എന്ന ചിത്രത്തിലും അഭിനയിച്ചതിലൂടെയാണ് ഹുമൈറ കൂടുതൽ പ്രശസ്തയായത്. ബിഗ് ബ്രദറിനും ബിഗ് ബോസിനും സമാനമായ ഒരു ഷോയാണ് തമാഷ ഘർ.   

Tags:    
News Summary - Humaira Asghar Ali; Pakistani actor-model expected to have been dead since 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.