'കഹോ നാ പ്യാർ ഹേ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ നായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോൾ സിനിമയിലെ തന്‍റെ ആദ്യ കാലം ഓർത്തെടുക്കുകയാണ് നടൻ. പിതാവ് സിനിമ പ്രവർത്തകൻ ആയത് കൊണ്ട് മാത്രം അദ്ദേഹത്തിന്‍റെ കരിയർ തുടക്കം അത്ര എളുപ്പമായിരുന്നില്ല. ന്യൂജേഴ്‌സിയിൽ നടന്ന ഒരു ആരാധക സംഗമത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് താരം പഴയ കാര്യങ്ങൾ ഓർത്തെടുത്തത്.
'അച്ഛൻ എപ്പോഴും എന്നോട് പറയുമായിരുന്നു, നീ നിന്റെ ജീവിതം സ്വയം സൃഷ്ടിക്കണം, ഞാൻ ഒരു സംവിധായകനായതുകൊണ്ടും നീ എന്റെ മകനായതുകൊണ്ടും മാത്രം ഞാൻ നിനക്ക് വേണ്ടി സിനിമ നിർമിക്കുമെന്ന് പ്രതീക്ഷിക്കരുത്'-ഹൃത്വിക് റോഷൻ പറഞ്ഞു.
അതിനാൽ തന്നെ തനിക്ക് വേണ്ടി സിനിമ നിർമിക്കാൻ പിതാവ് തയാറാകില്ലെന്ന് ഉറപ്പായിരുന്നു എന്ന് നടൻ പറയുന്നു. അങ്ങനെ പുറത്ത് പോയി ഓഡിഷനിൽ പങ്കെടുത്തു. തന്‍റെ സുഹൃത്ത് ദാബൂ രത്‌നാനിയുടെ അടുത്ത് പോയി നടത്തിയ ഫോട്ടോ സെഷന് നൽകാൻ പോലും കൈയിൽ പണമില്ലായിരുന്നു. ഒരു നടനായി പണം സമ്പാദിച്ച് കഴിഞ്ഞാൽ അദ്ദേഹത്തിന് പണം നൽകാമെന്നാണ് അന്ന് പറഞ്ഞതെന്ന് ഹൃത്വിക് ഓർക്കുന്നു.
പല ചലച്ചിത്ര സംവിധായകരുടെ ഓഡിഷനിലും പങ്കെടുത്തു. അവരിൽ ഒരാൾ ശേഖർ കപൂർ ആയിരുന്നു. അദ്ദേഹം താ രാ രം പം പം എന്ന ചിത്രത്തിനായി ഓഡിഷൻ ചെയ്യുകയായിരുന്നു. എന്നാൽ അത് ഒരിക്കലും നിർമിക്കപ്പെട്ടില്ലെന്ന് ഹൃത്വിക് റോഷൻ പറഞ്ഞു. ആ ഓഡിഷനിൽ ആയിരുന്നപ്പോൾ അച്ഛൻ വിളിച്ച് 'നീ എവിടെയാണ്?' എന്ന് ചോദിച്ചു. ശേഖർ കപൂറിന്റെ ചിത്രത്തിനായി ഓഡിഷനിലാണെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ തന്നെ തിരിച്ചുവരൂ എന്നായിരുന്നു അച്ഛന്‍റെ മറുപടി എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇനി അത്തരം കാര്യങ്ങൾ ചെയ്യരുതെന്നും അച്ഛൻ പറഞ്ഞു. മറ്റൊരാൾ തന്റെ മകന് വേണ്ടി സിനിമ ചെയ്യാൻ പോകുന്നതിൽ അച്ഛന് നഷ്ടബോധം തോന്നിയെന്ന് കരുതുന്നതായി ഹൃത്വിക് റോഷൻ പറഞ്ഞു. അച്ഛൻ രാകേഷ് റോഷനിൽ നിന്നല്ല, മറിച്ച് സംവിധായകൻ രാകേഷ് റോഷനിൽ നിന്നാണ് തനിക്ക് ഓഫർ ലഭിച്ചതെന്നതിൽ സന്തോഷമാണ് തോന്നുന്നത്. അതിൽ എപ്പോഴും അഭിമാനിക്കുന്നു എന്നും നടൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.