രഞ്ജിത്
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം രജിസ്റ്റർ ചെയ്ത കേസാണിത്.
2024 ആഗസ്റ്റിലാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറും അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിലെ തുടർനടപടികളുമാണ് ജസ്റ്റിസ് സി. പ്രതീപ്‌കുമാർ റദ്ദാക്കിയത്. പരമാവധി രണ്ടു വർഷം മാത്രം തടവുശിക്ഷ കിട്ടാവുന്ന കേസിൽ 15 വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്നത് ഗൗരവമുള്ളതാണെന്നും ഇക്കാര്യം മജിസ്ട്രേറ്റ് പരിഗണിക്കേണ്ടിയിരുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്.
സിനിമാ ചർച്ചക്കായി 2009ൽ കൊച്ചിയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ നടിയെ ലൈംഗികോദ്ദേശ്യത്തോടെ അനുവാദമില്ലാതെ സ്പർശിച്ചെന്നാണ് കേസ്. എന്നാൽ, ആരോപണം വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് രഞ്ജിത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. രഞ്ജിത്തിന് ഹൈകോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.